അധ്യായം 29
സി. എം.സി യിലെ നീതിയും അനീതിയും
നാട്ടിലേയ്ക്ക് പോകുമ്പോള്‍ മനസു നിറയെ ഭാരമായിരുന്നു.ആശങ്ക മുഴുവന്‍ മാതാപിതാക്കളുടെ സമീപനം എന്തായിരിക്കും എന്നായിരുന്നു. ഭാഗ്യവശാല്‍ രണ്ടു വീട്ടുകാരില്‍ നിന്നും യാതൊരു വിദ്വേഷമോ പ്രകോപനമോ ഉണ്ടായില്ല. എല്ലാ ഭാരവും മാറിയിരിക്കുന്നു. പ്രത്യേകിച്ചും ഓമനയുടെ മാതാപിതാക്കള്‍ കേട്ട കഥകള്‍ അവളുടെ സാന്നിദ്ധ്യത്തില്‍ തന്നെ നിശേഷം തുടച്ചുമാറ്റാന്‍ കഴിഞ്ഞു. എനിക്ക് ഒരിക്കല്‍ കൂടി എന്റെ ജന്മനാടിന്റെ മനോഹാരിതയും, പ്രിയപ്പെട്ട കൂട്ടുകാരേയും കാണാന്‍ കഴിഞ്ഞു. ഓമന എന്റെ ഭാര്യയായി വന്നതിനു ശേഷം എന്നിലെ കോപവും വാശിയും കുറെ കുറഞ്ഞു. ജീവിതത്തെ കുറച്ചു കൂടി സ്‌നേഹിക്കാന്‍ കഴിഞ്ഞു. സ്‌നേഹവും ദൈവഭയവുമുള്ള സ്ത്രീകളെങ്കില്‍ ഒരു സന്തുഷ്ട കുടുംബത്തിന്റെ തണലുണ്ടായിരിക്കും. ഭര്‍ത്താവ് കുടുംബത്തിന്റെ കിരീടമെങ്കില്‍ ഭാര്യ കുടുംബത്തിനു വെളിച്ചമാണ്. ദൈവം പണിയുന്ന ഭവനം എന്നും നിലനില്‍ക്കുമെന്നും പണക്കൊഴുപ്പിന്റെ,സൗന്ദര്യത്തിന്റെ പൂമെത്തകളുടെ ഭവനത്തിന് ഒരു സന്തുഷ്ട കുടുംബം പടുത്തുയര്‍ത്താന്‍ കഴിയില്ലെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പെങ്ങളുടെ മകള്‍ ജോളി ഒപ്പമുള്ളതു മൂലം എന്നോട് കൂടുതല്‍ സംസാരിക്കാതെ അവളുമായിട്ടാണ് ചങ്ങാത്തം. എന്തൊക്കെയോ പറഞ്ഞവര്‍ ചിരിക്കുന്നുണ്ട്.
സ്റ്റേഷനുളളിലും ട്രെയിനിലും യാചകരെ ധാരാളമായി കണ്ടു. ഇവര്‍ക്കായി ഒരു പണക്കിഴി കരുതണമെന്നു തോന്നി. ഒടുവില്‍ ഞാനവരെ ശ്രദ്ധിക്കതെയായി. ഈ പാവങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ അല്ലാതെ വഴിയാത്രക്കാരല്ലല്ലോ. പാവങ്ങളോടു കരുണയില്ലാത്ത ഭരണകൂടങ്ങള്‍. ജോളി ഒരു സ്വപ്‌നത്തിലെന്നപോലെ പുറത്തെ കാഴ്ച്ചകള്‍ കണ്ടും ഓമന വായനയിലും മുഴുകിയിരുന്നു. ഞാന്‍ രണ്ടു രാത്രിയിലും ശരിക്ക് ഉറങ്ങിയില്ല. കാരണം ട്രെയിനില്‍ യാത്രക്കാര്‍ മാത്രമല്ല അജ്ഞാതരായി വരുന്ന കളളന്മാരുമുണ്ടായിരുന്നു. അതിനാല്‍ കണ്ണടച്ചൊന്നുറങ്ങാന്‍ കഴിഞ്ഞില്ല. എനിക്കൊപ്പമുളളവര്‍ സുഖമായുറങ്ങി. ഉറക്കമില്ലായ്മ കാരണം കണ്‍പോളകള്‍ക്ക് ക്ഷീണമുണ്ടായിരുന്നു. ഞങ്ങള്‍ ലുധിയാനയില്‍ എത്തിച്ചേര്‍ന്നു.
അടുത്ത ദിവസം തന്നെ ജോളി ജോലി ആരംഭിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ ജോലിയുളള ചിലര്‍ക്ക് വല്ലാത്തൊരു മനോവിഷമമുണ്ടായി. അവരൊക്കെ ഇതിനു മുന്‍പെങ്ങോ അവരുടെ ഏതോ ബന്ധുക്കള്‍ക്ക് ജോലിക്ക് പലവട്ടം അപേക്ഷിച്ചിട്ടും കിട്ടിയില്ല. അതിനാല്‍ അവര്‍ക്ക് വിജയ് ഉമ്മനോട് നീരസ്സമുണ്ടത്രെ. പര്‍ചേസ് വകുപ്പിലെ നടേശന്‍ രഹസ്യഭാവത്തില്‍ എന്നോടിതു പറഞ്ഞപ്പോള്‍ ഞാന്‍ മറുപടി കൊടുത്തത്, അത് വിജയ് ഉമ്മന്റെ കുറ്റമല്ല നടേശാ അങ്ങേര് ആരുടേയും സ്വാധീനത്തിനു വഴങ്ങുന്ന ആളല്ലെന്നെല്ലാവര്‍ക്കുമറിയാം. ഒന്നുകില്‍ ശുപാര്‍ശയുമായി ചെന്നു കാണും, അല്ലെങ്കില്‍ വന്ന വ്യക്തി ആ ഇന്റര്‍വ്യൂവില്‍ തോറ്റു കാണും.
മലയാളിയല്ലേ വായില്‍ തേനും അകത്തല്പം വിഷവും കാണും. നടേശനെ ഉദ്ദേശിച്ചാണ് ഞാനതു പറഞ്ഞത്. നടേശന്‍ യാത്ര പറഞ്ഞുപോയപ്പോള്‍ തോന്നിയതും ഇത്രയും പറഞ്ഞില്ലെങ്കില്‍ അങ്ങേര്‍ക്ക് ഉറക്കം വരികയില്ലായിരിക്കും. ഇതിനല്ലേ പരദൂഷണം എന്നൊക്കെ പറയുന്നത്. എന്നെ വലിയ ഇഷ്ടമാണ് എന്നിട്ടും ഇതല്പം തന്നിട്ടു പോകാമെന്നു കരുതിക്കാണും. മറ്റുളള സ്ഥലങ്ങളില്‍ കണ്ടത് മലയാളികള്‍ പരസ്പരം സഹായിക്കുന്നതാണ്. എവിടെയായാലും വഷളന്മാര്‍ക്ക് വളരാന്‍ വളമൊന്നും വേണ്ടട്ടോ.
ഒരു ഞായറാഴച്ച രാവിലെ സി. എം. സി യുടെ ഉദ്യാനങ്ങളും കൃഷിസ്ഥലങ്ങളും കോണ്‍ട്രാക്റ്റ് ലഭിച്ച പഞ്ചാബി ക്രിസ്ത്യന്‍ റോബര്‍ട്ടാ എന്റെയടുക്കല്‍ നീലിഗ എന്നു വിളിക്കുന്ന ഒരു കാട്ടു മൃഗത്തിന്റെ മൂന്നു നാലു കിലോ ഭാരമുളള ഇറച്ചിയുമായി വന്നിട്ടു പറഞ്ഞു, ഞങ്ങള്‍ കഴിഞ്ഞ രാത്രിയില്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടാന്‍ പോയിരുന്നു. നീലിഗ എന്ന മൃഗത്തിന്റെ ഇറച്ചിയാണ് എല്ലാ ഇറച്ചികളില്‍ വച്ചും ഔഷധഗുണമുളളത്. ഞാന്‍ ആ മൃഗത്തെപ്പറ്റി ചോദിച്ചറിഞ്ഞു. ഒരു കാട്ടുപോത്തിനേക്കാള്‍ വലിപ്പമുണ്ട്. അതിന്റെ നിറം കറുപ്പും ചുവപ്പുമാണ്. വല്ലപ്പോഴൊക്കെ കാട്ടില്‍ ഇതിനെ വെടിവെച്ചിടാന്‍ ഞങ്ങള്‍ പോകാറുണ്ട്.
എത്ര രൂപയെന്നു ചോദിച്ചപ്പോള്‍, ഇതു സാബിനു എന്റെ വകയായി തരാന്‍ കൊണ്ടു വന്നതാണ് കാശൊന്നും വേണ്ട എന്നു പറഞ്ഞു. പുതുതായി ലഭിച്ച കോണ്‍ട്രാക്റ്റിനുളള ഒരു സമ്മാനം. ഇനിയും പോകുമ്പോഴും കൊണ്ടു വരാം. പുതിയ കരാര്‍ ഒപ്പിട്ട് പലരും പോയിട്ടുണ്ട്. അതിനൊരു സമ്മാനം ഇവിടുത്തെ രീതിയാണോ എന്ന് തോന്നി.ഇതിനു മുമ്പ് ഒരാള്‍ സൈക്കിള്‍ തന്നു. മറ്റൊരാള്‍ എന്താവശ്യപ്പെട്ടാലും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു. ഈ സമ്മാനമാണോ അധികാരത്തിലുളളവര്‍ കൈക്കൂലിയായി വാങ്ങുന്നതെന്നു തോന്നിയ നിമിഷങ്ങള്‍. സന്തോഷത്തോടെ മുന്നില്‍ നിന്ന റോബര്‍ട്ടിനോടു പറഞ്ഞു, ഇനിയും കാശുവാങ്ങാത്ത സമ്മാനം കൊണ്ടുവന്ന് എന്നെ സഹായിക്കരുത്. ഇതു സ്വീകരിക്കുന്നു. അതിന് ഒത്തിരി നന്ദി. മാസങ്ങള്‍ കഴിഞ്ഞും റോബര്‍ട്ട് ഈ ഇറച്ചി കൊണ്ടുവന്നിട്ടുണ്ട്. കൊടുക്കുന്ന കാശു വാങ്ങി അയാള്‍ മടങ്ങും. എനിക്ക് തോന്നിയത് ഇതും ഇയാളുടെ കച്ചവടമായിരിക്കുമെന്നാണ്. ഓമനയുടെ പരാതി മറ്റൊന്നാണ്, എത്ര കഴുകിയാലും രക്തമില്ലാതാകുന്നില്ല. പത്തു വട്ടം കഴുകിയാലും രക്തമുണ്ട്. ഇങ്ങനെയും മൃഗങ്ങളുണ്ടോ?.
മഞ്ഞുകാലം തുടങ്ങി. അസ്സോസ്സിയേഷന്റെ പല പരിപാടികളില്‍ നിന്ന് മാത്രമല്ല ട്രഷറര്‍ ചുമതലയില്‍ നിന്ന് മാറി എഴുത്തില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചു. ജോളിയും നോവല്‍ പകര്‍ത്തിയെഴുതുന്നതില്‍ എന്നെ സഹായിച്ചു. ഗവേണിംഗ് ബോഡി മീറ്റിംഗ് തുടങ്ങാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതോടെ ജോലി ഭാരമേറി. മെഡിക്കല്‍ സൂപ്രണ്ടിന്റെ ഒഫീസിലെ സെക്രട്ടറി ലാസറാണ് എന്റെ സഹായിയായി വരുന്നത്. ഞാന്‍ അവധിക്ക് പോവുമ്പോഴൊക്കെ ലാസറാണ് എന്റെ ജോലികള്‍ ഏറ്റെടുക്കുന്നത്. ഇതിനിടയില്‍ മലയാളി സമാജത്തിന്റെ ഓണപ്പരിപാടിയില്‍ ഒരു പ്രസംഗകനായി എന്നെയവര്‍ ക്ഷണിച്ചു. അതു ശനിയാഴ്ചയായതിനാല്‍ വെളളിയാഴ്ച്ച വൈകിട്ട് ലുധിയാനയില്‍ നിന്നു ബസ്സിനു ഡല്‍ഹിയിലെത്തി രാമേട്ടനോടൊപ്പം താമസ്സിച്ചിട്ട് ഞായറാഴ്ച്ച അവിടുന്ന് തിരിച്ചു. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ രാമേട്ടനടുത്തുളള പലരും ഡല്‍ഹിക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടു. ഇവിടെയും അവിടെയും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളെ അഭിമാനപൂര്‍വ്വമാണ് ഞാന്‍ കണ്ടത്. ഡല്‍ഹി എന്റെ മനസില്‍ തങ്ങിനിന്ന ഒരു വികാരമായിരുന്നു. ഗവേണിംഗ് ബോഡിമീറ്റിംഗ് കഴിഞ്ഞതോടെ ജി. എസ് അവധിക്കു പോയി. അദ്ദേഹം മടങ്ങി വന്നിട്ട് വേണം എനിക്കും അവധിക്ക് പോകാന്‍. എല്ലാ ആഴ്ച്ചകളായിട്ടും നടന്നു കൊണ്ടിരിക്കുന്ന മെഡിക്കല്‍ കോളജ് ആശുപത്രി മീറ്റിംഗുകള്‍ക്ക് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, ട്രഷറര്‍ ചുക്കാന്‍ പിടിക്കും. അതിന്റെയെല്ലാം മിനിറ്റ്‌സ് തയാറാക്കി അയക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ജി. എസ് ഉളളപ്പോള്‍ എനിക്ക് കൂടുതല്‍ സഹായകരമായിരുന്നു. അദ്ദേഹമില്ലാത്തതിന്റെ ക്ഷീണം ഞാനിപ്പോള്‍ മനസിലാക്കി.
ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതും അകത്തേക്ക് വരുന്നതുമായ സാധനങ്ങളും ഗേറ്റിലുളള സെക്യൂരിറ്റി പരിശോധിച്ച് ഗേറ്റ് പാസ്സില്‍ അതെഴുതി വിടാറുണ്ട്. സെക്യൂരിറ്റിയിലുളളത് പഞ്ചാബികളാണ്. ദൈനം ദിനം നടക്കുന്ന എല്ലാ പാസുകളും ജി. എസിന്റെ ഓഫീസിലാണ് എത്തിക്കുന്നത്. ഞാന്‍ ചെക്ക് ചെയ്ത് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജി. എസിനെ അറിയിക്കും. നിത്യവും രാവിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ജോലിക്കു പോകുന്നവരെ ഞാന്‍ സംശയിച്ചിരുന്നില്ല. അതിനാല്‍ ഗേറ്റു പാസുകള്‍ ഞാനധികം സൂഷ്മമായി പരിശോധിക്കാറില്ല. ജി. എസ് അവധിക്കു പോയപ്പോഴാണ് ഞാനതില്‍ ശ്രദ്ധിച്ചത്. ജി. എസിന്റെ ഇല്ലായ്മയില്‍ എന്തെങ്കിലും അതിക്രമം ആരെങ്കിലും കാണിച്ചാല്‍ ഞാന്‍ ഉത്തരം പറയണം.
ചില ഗേറ്റ് പാസ്സുകള്‍ പരിശോധിച്ചപ്പോള്‍ സ്‌റ്റോറില്‍ നിന്നും വിലപിടിപ്പുളള കസേര, മേശ, ഫ്രിഡ്ജ് തുടങ്ങിയ ധാരാളം സാധനങ്ങള്‍ പുറത്തേക്കു പോയിട്ടുണ്ട്. എന്റെ സാമാന്യ ബുദ്ധിയില്‍ അതുള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. എന്റെ മുന്നില്‍ ഇതാവശ്യപ്പെട്ടുളള ഒരു അപേക്ഷയും കണ്ടതായി അറിവില്ല. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ സര്‍ദാരുമായി ഈ വിഷയം സംസാരിച്ചു. അയാള്‍ എന്റെ മുന്നില്‍ കൈമലര്‍ത്തി കാണിച്ചിട്ടു പറഞ്ഞു.സ്റ്റോര്‍ സൂപ്പര്‍വൈസര്‍ക്കും അധികാരമുളളതു കൊണ്ടല്ലേ സാധനങ്ങള്‍ പുറത്തേക്കു വിടുന്നത്. ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും. ഇതൊക്കെ എങ്ങോട്ടു പോയി എന്ന് അയാള്‍ക്ക് അറിയില്ല. അതൊരു കൊളളയെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. വിജയ് ഉമ്മന്റെ മുന്നില്‍ വിഷയം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു, തീര്‍ച്ചയായും അറിയണം ഇതെങ്ങോട്ടു പോയി എന്ന്. ഡോ.ബാബു പോളിന്റെ മുന്നില്‍ കാര്യം പറയുക. അതു വരെ ഇതു മറ്റാരുമറിയേണ്ട.
അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞാന്‍ നിശബ്ദനായി ബാബു പോളിന്റെ വരവും കാത്തിരുന്നു.അതില്‍നിന്നും ഞാന്‍ മനസിലാക്കിയത് സ്റ്റോര്‍ സൂപ്പര്‍വൈസറായ അബ്രഹാമിനെ അന്ധമായി വിശ്വസിച്ചു. മലയാളികള്‍ കളളത്തിനും ചതിക്കും കൂട്ടു നില്‍ക്കുന്നവരല്ല. അതാണ് എന്റെ അനുഭവം. എന്റെ മുന്നില്‍ സ്‌നേഹബഹുമാനത്തോടെ ചിരിച്ചു കളിച്ചു നടന്നവര്‍ സ്വന്തം തൊഴിലില്‍ കളളം കാട്ടുമെന്നോ. ഒരു കളളന്റെ മൂടുപടമണിഞ്ഞ് ഇങ്ങനെയൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുമോ എന്നുളളതായിരുന്നു. ഈ കാര്യത്തല്‍ ഒരു ദയയോ, കരുണയോ ഈ മനുഷ്യന് കൊടുക്കാന്‍ പാടില്ല. വിശ്വാസ വഞ്ചനയാണ് കാട്ടിയത്. ധാരാളം ഇതുപോലെ കടത്തിക്കാണും.അതിന് അര്‍ഹമായ ശിക്ഷ തന്നെ ലഭിക്കണമെന്ന ആഗ്രഹത്തോടെ ജി. എസ് വന്നപ്പോള്‍ ഇതവതരിപ്പിച്ചു. അബ്രഹാമിനെ വിളിപ്പിച്ചു. അവര്‍ അകത്തെ മുറിയില്‍ അരമണിക്കൂറോളം നിശബ്ദമായി സംസാരിച്ചു. സൂപ്പര്‍വൈസര്‍ എന്നെ രൂക്ഷമായി നോക്കിയിട്ടു മടങ്ങിപ്പോയി. ജി. എസ് ഫാര്‍മസിയിലേക്ക് പോകാനിറങ്ങുമ്പോള്‍ എന്നോടു പറഞ്ഞു .ഇതു ഞാന്‍ ഡീല്‍ ചെയ്‌തോളാം. ആ മുഖത്ത് ഗൂഢമായ ഒരു മന്ദഹാസം ഞാന്‍ കണ്ടു. ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയ ജി. എസിനെ ഞാന്‍ നിശബ്ദം നോക്കിയിരുന്നു. തെറ്റു ചെയ്തവനെ ന്യായികരിച്ചാണോ വിട്ടത്, അതോ ഇതില്‍ പങ്കാളിയാകാനുളള ശ്രമമോ?.
ആഴ്ചകള്‍ മാസങ്ങളായി മാറി എന്റെ പരാതിയില്‍ ഒരനക്കവുമില്ല. ജി. എസിനോടു ചോദിച്ചു ഒട്ടും താല്പര്യമില്ലാതെയാണ് അദ്ദേഹം പ്രതികരിച്ചത്. സ്‌നേഹനിധിയായവന്റെ രഹസ്യം പരസ്യമാക്കാന്‍ താല്പര്യമില്ലെന്നു ഞാന്‍ മനസ്സിലാക്കി. എനിക്ക് എന്നോടു തന്നേ വെറുപ്പു തോന്നി. ഒരു കുറ്റവാളിയെ രക്ഷിക്കന്‍ ഇദ്ദേഹമെന്തിനു ശ്രമിക്കണം. മലയാളി ആയതു കൊണ്ടോ, സ്വന്തം ജാതി ആയതു കൊണ്ടോ, അതോ തന്റെ വകുപ്പുകളില്‍ ഇങ്ങനെയുളള അനീതികള്‍ നടക്കുന്നത് മറ്റുളളവര്‍ അറിയുമോ എന്ന ഭീതിയോ. അതിനേക്കാള്‍ ഞാന്‍ പ്രകോപിതനായത് ഞാന്‍ കൊടുത്ത പരാതിയില്‍ എന്നെ എഴുതി തളളിയതാണ്. അങ്ങനെയെങ്കില്‍ ഈ ജോലി ഇവിടെ തുടരുന്നതില്‍ എന്തര്‍ത്ഥം. ഇവര്‍ എത്ര ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാലും ഞാനതു പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും.
ജി. എസ് ഫാര്‍മസിയില്‍ ഡോക്ടറേറ്റുളളയാളാണ്. വിവിധ വകുപ്പുകളുടെ പരമാധികാരിയുമാണ്. അതുകൊണ്ട് അനീതി ചെയ്യുന്നവരെ സംരക്ഷിക്കുന്നത് ഒട്ടും അംഗീകരിക്കാന്‍ എനിക്കാവില്ല. നിത്യവും നടത്തുന്ന പ്രാര്‍ത്ഥനയുടെ പരിശുദ്ധിയെ വരെ അശുദ്ധമാക്കിയില്ലെ. എന്നെ കാണുമ്പോഴൊക്കെ സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍ ഗൗരവം നടിച്ചു. ജി. എസ് ഈ വിഷയം മാന്യമായും സത്യമായും അന്വേഷിച്ചില്ലെങ്കില്‍ ഞാനത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക തന്നെ ചെയ്യും. ഈ ജോലി നഷ്ടപ്പെടുമോ എന്ന ഭയവുമില്ല.
ജീവിതകാലം മുഴുവന്‍ ഈ ജോലി ചെയ്യാമെന്ന് ഞാനാരുമായും കരാര്‍ ചെയ്തിട്ടുമില്ല. ഞാനിതു വെറുതെ ആരോപിച്ച ഒരു കാര്യമല്ല. ഒരു ഭരണാധികാരി എന്നനില്ക്ക് ഒരന്വേഷണമെങ്കിലും നടത്തേണ്ടതല്ലേ. കുറ്റം ചെയ്തവന്‍ സന്തോഷത്തോടെ ആ കസേരയിലിരിക്കുന്നു. ഇിതിനെക്കുറിച്ച് ഒരു ഉത്കണ്ഠയുമില്ല. ജി. എസിന്റെ സ്വാധീനവും അധികാരവും കണ്ടാണവന്‍ ഈ കളളവും വിശ്വാസവഞ്ചനയും നടത്തുന്നതെന്ന് ഞാന്‍ മനസിലാക്കി. ഞാനീവിഷയം എന്നെ ഏറെ ഇഷ്ടപ്പെടുന്ന മെഡിക്കല്‍ സൂപ്രണ്ടായ ഈ. ആര്‍. ചന്ദറിന്റെ മുന്നില്‍ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചോദ്യം എന്തുകൊണ്ട് ജി. എസ് നടപടി എടുക്കുന്നില്ല. ഇതില്‍ നിന്നു വഴുതി മാറുന്നു. ഈ സ്ഥാപനത്തില്‍ ഇത്തരക്കാരെ സംരക്ഷിക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അഡ്മിന്‍ കമ്മിറ്റി മുമ്പാകെ പരാതി കൊടുക്കണം. അഡ്മിന്‍ കമ്മിറ്റി മുമ്പാകെ ജി. എസ് വിചാരണ നേരിടുമെന്ന് എനിക്കറിയാമായിരുന്നു. അതേ ആഴ്ച്ച തന്നെ മൂന്നു ദിവസത്തേ അവധിയെടുത്ത് ഞാന്‍ ഡല്‍ഹിക്ക് പോയി.
എന്റെ പരാതി ജി. എസിന്റെ ആത്മാഭിമാനത്തിന് അപമാനമായി മാറിയാല്‍ പിന്നീട് ഞാനിവിടെ തുടരുന്നതും ഒട്ടും ശുഭകരമല്ല. അനീതിക്ക് കൂട്ടുനിന്നു കൊണ്ട് അവിടെ തുടരുന്നതിന് എന്റെ മനസാക്ഷി അനുവദിക്കില്ലെന്ന് എനിക്കറിയാം. എന്റെ തീരുമാനങ്ങള്‍ ഞാന്‍ ഓമനയുമായി പങ്കുവച്ചു. ഡല്‍ഹിക്കു പോകാന്‍ അവള്‍ക്കു താത്പര്യമായിരുന്നു. ഡല്‍ഹിയില്‍ ചെന്ന് ആദ്യം പോയത് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ്. ഓമനയ്ക്കു വേണ്ടി അവിടെ ആപ്‌ളിക്കേഷന്‍ കൊടുത്തു. അതിനു ശേഷം ഹോട്ടല്‍ ഒബ്‌റോയിയുടെ ഉടമസ്ഥന്‍ എം. എസ്. ഒബ്‌റോയിയുടെ കൊച്ചുമകന്‍ രാജീവ് ഖന്നയെ കാണാനാണ് പോയത്. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കാറോട്ടക്കാരനാണ്. ഹിമാലയന്‍ കാര്‍ റാലി, കെനിയന്‍ കാര്‍ റാലി അങ്ങനെ കാര്‍ റാലികളിലും ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പല കാറോട്ട മത്സരങ്ങളില്ല വിജയം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കാറോട്ട മത്സരം ഞാന്‍ പത്രത്തില്‍ ജോലിയുളളപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എനിക്കൊരു ജോലി വേണമെന്ന് അറിയിച്ചപ്പോള്‍ അതിനദ്ദേഹം ശ്രമിക്കാമെന്ന് ഉറപ്പു നല്‍കി. ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തി അഡ്മിന്‍ കമ്മിറ്റിക്ക് പരാതി കൊടുത്തിട്ട് ഞാന്‍ അവധിയില്‍ പ്രവേശിച്ചു.
Leave a Reply