അദ്ധ്യായം – 32
ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത്

മുമ്പ് നാട്ടില്‍ പോയി മടങ്ങി വന്നതിനേക്കാള്‍ ബന്ധുക്കള്‍ക്ക് ഞങ്ങളോട് സ്‌നേഹം കൂടി. പണം മാലോകര്‍ക്ക് മാത്രമല്ല ബന്ധുമിത്രാദികള്‍ക്കും ദൈവമാണ്. നാട്ടില്‍ വച്ച് അമ്മ എന്നോടു പറഞ്ഞു, നീയിങ്ങനെ പണം വാരിക്കോരി കൊടുക്കരുത്. അതിന്റെ കാരണം പള്ളീലച്ചന്‍ വീട്ടില്‍ വന്ന് പള്ളിക്കായി നല്ലൊരു തുക വാങ്ങിയതിലുള്ള അമര്‍ഷമായിരിന്നു. ഞാന്‍ അമ്മയോടു പറഞ്ഞു. പള്ളിക്കാര്‍ക്കും പണമുണ്ടെങ്കിലേ മതിപ്പുള്ളൂ. പണമുണ്ടെന്നറിഞ്ഞാല്‍ അവര്‍ പാഞ്ഞെത്തും. ഇന്ന് ആത്മാവിനേക്കാള്‍ പണത്തിനാണ് നിലയും വിലയുമുള്ളത്. ഇവര്‍ ആത്മാവിനെ വിതച്ച് വിളവുണ്ടാക്കുമ്പോള്‍ നമ്മള്‍ അദ്ധ്വനിച്ച് പണമുണ്ടാക്കി അവര്‍ക്ക് കൊടുക്കുന്നു. അവര്‍ സമൂഹത്തിനു നല്‍കുന്നത് നന്മയല്ലേ അമ്മേ. അമ്മ എന്റെ മുന്നില്‍ ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് പോയി. തല്ലു കൊള്ളിയും ബുദ്ധിശൂന്യനുമായ ഈ മകന്‍ പണ്ടും ഇങ്ങനെയായിരുന്നുവല്ലോ എന്നായിരിക്കും അമ്മ ചിന്തിച്ചത്.

പള്ളീലച്ചന്‍ എന്തോ ആവശ്യത്തിന് വാങ്ങി പോയതാണ് അമ്മ നേരിട്ട് കണ്ടത്. അമ്മ കാണാത്ത, അറിയാത്ത എത്രയോ പേരേ എത്രയോ കാലങ്ങളായിട്ട് ഞാന്‍ സഹായിക്കുന്നുണ്ട്. അതൊക്കെ കാണാനുളള മഹാഭാഗ്യം അമ്മയ്ക്കുണ്ടാകാതിരിക്കട്ടേ. മനസ്സില്‍ പ്രാര്‍ത്ഥിച്ചു. അമ്മക്കറിയില്ല ഇന്ത്യയില്‍ ജീവിക്കുന്ന പാവങ്ങളുടെ ദുരിതം. ഈ നാട്ടില്‍ ദരിദ്രനാരായണന്മാരെ എത്രയോ കണ്ടിരിക്കുന്നു. അന്യന്റെ പറമ്പില്‍ പുല്ലു വളര്‍ത്തുന്നതു കണ്ട് പശുവിനെ വളര്‍ത്തുന്ന രാജ്യത്ത് ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. പാവങ്ങളെ സഹായിക്കാനായി ഗുരുദാസ്പുരിലേതു പോലുളള അച്ചന്മാരും കന്യാസ്ത്രീകളുമുണ്ടായാല്‍ കുറെപ്പേര്‍ രക്ഷപ്പെടും. ജോളിയുടെ വീട്ടില്‍ ചെന്ന് പെങ്ങളോട് അവളുടെ കാര്യം സംസാരിച്ചു. അവളെ ഡല്‍ഹിക്കു വിടാന്‍ താല്പര്യമില്ല. വിവാഹമെന്ന മഹാ കര്‍മ്മത്തിലാണ് താല്‍പര്യം. ജോളിയെപ്പോലെ തൊഴില്‍ രഹിതരുടെ എണ്ണം കൂടിക്കൂടി വന്നു. ചിലര്‍ കടംവാങ്ങി ലക്ഷങ്ങള്‍ കൈക്കൂലി കൊടുത്ത് ജോലി തേടുന്നു. ഇതെല്ലാം കണ്ടു മടുത്തവര്‍ വിശപ്പടക്കാന്‍ ജന്മനാട്ടില്‍ നിന്നു ഗള്‍ഫിലേക്കും മറ്റും പോയി. പ്രവാസികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു.

ഞങ്ങള്‍ നാട്ടില്‍ നിന്ന് ഡല്‍ഹിക്കു യാത്രതിരിച്ചു. അവധിക്ക് വന്നു പോകുമ്പോള്‍ അമ്മമാര്‍ ട്രെയിനില്‍ കഴിക്കാന്‍ നല്ല സ്വാദുള്ള ചോറും കറിയും വാഴയിലയില്‍ പൊതിഞ്ഞ് തന്നു വിടും. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവണയും ആ പൊതി കിട്ടി. അതിനാല്‍ ട്രെയിനില്‍ നിന്ന് ആദ്യ ദിവസങ്ങളില്‍ ചോറു വാങ്ങാറില്ല. അത് അമ്മമാരുടെ തലോടല്‍ പോലുളള ഒരു കരുതലാണ്. മക്കള്‍ ഭക്ഷണം ട്രെയിനില്‍ നിന്നും പുറത്തു നിന്നും വാങ്ങി കഴിക്കരുത്. ഞങ്ങള്‍ പൊതി തുറന്ന് കഴിക്കുന്ന നേരം അമ്മമാരുടെ സന്മനസ്സിനെപ്പറ്റി പറഞ്ഞു. സ്‌നേഹത്തിന്റെ ആ മുഖം ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞു ട്രെയിന്‍ ഓടികൊണ്ടിരിക്കുമ്പോഴും പെറ്റമ്മയുടെ അടുത്തേക്ക് മനസ്സ് ഓടിക്കൊണ്ടിരുന്നു.
മുടങ്ങിക്കിടന്ന മലയാളം മാസിക മൂന്നു മാസത്തിലൊരിക്കല്‍ ഇറക്കാന്‍ ഞാനും ബേബിച്ചായനുമായി കേരളത്തില്‍ വെച്ച് തീരുമാനമായി. വീടിന്റെ പണിയാണ് അതു മുടങ്ങാന്‍ കാരണം. ഇപ്പോള്‍ പുതിയൊരു നോവല്‍ എഴുതിക്കൊണ്ടിരുന്നു. കാനോട്ടുപ്ലയിസില്‍ ഹോട്ടല്‍ മെറിഡിയന്റെ പണി നടക്കുന്നു. സമയമുള്ളപ്പോള്‍ ചെല്ലണമെന്ന് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഷാ പറഞ്ഞിരിക്കുകയാണ്. ന്യൂഡല്‍ഹി ഹൗസിലെ ഗോവന്‍ കമ്പനിയായ സാല്‍ഗോക്കറിലും പോകാറുണ്ട്. ഈ കിട്ടുന്ന കാശെല്ലാം എങ്ങോട്ടു പോകുന്നുവെന്ന് അമ്മ ചോദിച്ചാല്‍ ഞാനാകെ കുഴങ്ങും. ചെറുപ്പം മുതലേ കഠിനാധ്വാനത്തിലാണ് വളര്‍ന്നത്. വെറുതേ ഇരിക്കുന്നത് ഇഷ്ടമില്ല. വിവാഹത്തിനു ശേഷമാണ് അതിനല്പം മാറ്റമുണ്ടായത്. ഓമന ഒന്നര മാസം കഴിഞ്ഞ് മടങ്ങി. ഈ പ്രവശ്യം പറഞ്ഞിട്ടാണ് പോയത്, ഡല്‍ഹിയില്‍ നിന്നും ധാരാളം പേരേ കയറ്റി വിടുന്നുണ്ടല്ലോ. സൗദി-ദമാമിലേക്ക് വരാന്‍ ശ്രമിക്കണം.
ഇവിടെ നിന്ന് ചിലരെ ഡല്‍ഹിയിലെ ഏജന്‍സിവഴി ഗള്‍ഫിലേക്ക് അയക്കുന്ന കാര്യം അവള്‍ക്കറിയാമായിരുന്നു. അപ്പോഴാണ് ഓമനക്കൊപ്പം ജോലി ചെയ്തിരുന്ന കോട്ടയത്തുകാരി വല്‍സയുടെ സഹോദരന്‍ ആന്റണിയില്‍ നിന്ന് മലയാളിയായ ഒരു ജോസും സംഘവും ദുബായിലേക്ക് വീസ ശരിയാക്കാമെന്ന് പറഞ്ഞ് ഏഴായിരം രൂപ വാങ്ങിയത്. പത്തു മാസമായി അവര്‍ അവനെ കബളിപ്പിച്ചു കൊണ്ടിരിക്കയാണ്. കസ്തൂര്‍ബാ ഗാന്ധി നഗറിലുണ്ടായിരുന്ന ഡോ. വാസുദേവന്‍ മാന്‍പവര്‍ വഴിയാണ് ജോസ് ആളുകളെ അയയ്ക്കുന്നത്. ആയിരക്കണക്കിന് രൂപ ഇവന്‍ മലയാളികളില്‍ നിന്ന് വാങ്ങി പലിശയ്ക്കു കൊടുക്കുന്നതായിട്ടാണ് അറിഞ്ഞത്.

വല്‍സയും ആന്റണിയും കൂടി ഒരു ഞായറാഴ്ച്ച എന്റെ അടുക്കല്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് ഓഫിസ്സില്‍ പോകുന്നതിനായി ജോസ്സിനെ കാത്ത് ഞങ്ങള്‍ വാസുദേവ് കമ്പനിയുടെ മുന്നില്‍ നിന്നു. ഇവന്‍ അവരുടെ പ്രധാന ഏജന്റാണ്. കുറച്ചു കഴിഞ്ഞ് ജോസ് ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ കൂളിംഗ് ഗ്ലാസ്സ് ധരിച്ച് സുമുഖനായി അവിടെ വന്നിറങ്ങി. മോട്ടോര്‍ സൈക്കിള്‍ നിര്‍ത്തി ആന്റണിയെ നോക്കുന്നതിനിടില്‍ വാഹനത്തിന്റെ താക്കോല്‍ കൈ തട്ടിമാറ്റി ഞാനെടുത്തു. അവനും അറിയാവുന്ന കാര്യമാണ്, ഡോ.വാസുദേവിനെ എനിക്കറിയാമെന്ന്. എന്റെ ഒരാള്‍ ഇയാള്‍ വഴി പോയിട്ടുണ്ട്. ഞാന്‍ സ്‌നേഹത്തോടെ പറഞ്ഞു, ജോസേ നിന്റെ കളി എന്റെ പിള്ളേരോടു വേണ്ട. എത്രയും വേഗം അവന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ ഏഴായിരമങ്ങ് കൊടുക്ക്. അല്ലെങ്കില്‍ ഈ മോട്ടോര്‍ സൈക്കിള്‍ വിറ്റ് ഞാന്‍ കാശു കൊടുക്കും. ജോസ് പരിഭ്രാന്തിയോടെ എന്നെ നോക്കി. അവനെക്കാള്‍ ഡല്‍ഹിയില്‍ എനിക്കുള്ള ബന്ധങ്ങള്‍ അവനറിയാം. എന്നോടെന്തോ വിശദികരണം പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കൈയ്യുയര്‍ത്തി പറഞ്ഞു, ഒന്നും കേള്‍ക്കേണ്ട ഇയാള് വാങ്ങിയ കാശ് കൊടുക്ക്. എന്നിട്ട് വണ്ടി കൊണ്ടുപൊയ്‌ക്കോ. ആന്റണി നീ കേറ്. അവനേയും വാഹനത്തില്‍ കയറ്റി ഞാന്‍ വീട്ടില്‍ വന്നിട്ട് ചാവി അവന്റെ കൈയ്യില്‍ കൊടുത്തിട്ട് പറഞ്ഞു. കാശു തരാതെ വണ്ടി കൊടുക്കരുത് അവന്റെ ഗുണ്ടകളെ കണ്ട് പേടിക്കരുത്. എന്തു വന്നാലും ഞാന്‍ നോക്കിക്കൊള്ളാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വൈകിട്ട് ഓഫിസ്സില്‍ നിന്നു വീട്ടില്‍ വന്നപ്പോള്‍ അച്ചന്‍കുഞ്ഞ് പറഞ്ഞു ബേബി ജോലിക്കു പോയിരിക്കുന്നു. ഒരു പോലീസുകാരന്‍ പട്യാല പോലീസ് സ്‌റ്റേഷനില്‍ നിന്ന് വന്നിട്ട് അവിടെ വരെ ചെല്ലാന്‍ പറഞ്ഞിട്ടുപോയി. പെട്ടെന്ന് മോട്ടോര്‍ സൈക്കിളില്‍ അവിടെയെത്തി. വാഹനമെടുത്തത് അവരുടെ സ്ഥലപരിമിതിക്കുള്ളില്‍ ആയതിനാലാണ് ജോസ് പരാതി അവിടെ കൊടുത്തത്. പോലീസ് സ്‌റ്റേഷന്‍ എസ്.ഐ എനിക്കെതിരെയുള്ള പരാതി വിശദീകരിച്ചു. എല്ലാം ഓഫിസര്‍ ശുക്ലയില്‍ നിന്ന് കേട്ടതിനു ശേഷം ഞാന്‍ എന്റെ ഭാഗം വിശദീകരിച്ചു. താങ്കളെ ആ ചീറ്റിംഗ് സംഘം തെറ്റി ധരിപ്പിച്ചിരിക്കുന്നു. ധാരാളം പേരില്‍ നിന്ന് ഇവര്‍ പണം വാങ്ങി മുങ്ങി നടക്കുകയാണ്. ഇവിടുത്തെ തട്ടിപ്പു സംഘമാണ്. ഇനിയും ഞങ്ങള്‍ അവന്റെ പേരില്‍ ചീറ്റിംഗിന് കേസ്സു കൊടുക്കും. മോട്ടോര്‍ സൈക്കിള്‍ തട്ടിയെടുത്തതല്ല, അവന്റെ കയ്യില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. പാവപ്പെട്ടവന്റെ കാശ് കൊടുക്കാന്‍ സാറു പറയുക. ഇല്ലെങ്കില്‍ ഈ വിഷയം ഇവിടുത്തെ പത്രങ്ങള്‍ വഴി ഞാന്‍ പരസ്യപ്പെടുത്തും.
ഈ സ്റ്റേഷന്റെ പരിധിയില്‍ നടക്കുന്നതാണ് ഇത്. പോലീസ് കമ്മീഷ്ണര്‍ ശ്രീവാസ്തവ സാബിനെ അറിയിക്കണോ. എല്ലാം അക്ഷമനായി കേട്ടതിനു ശേഷം പറഞ്ഞു, അവന്‍ കള്ളകേസാണ് തന്നതെന്നു മനസ്സിലായി. ഞങ്ങളവനെ പൊക്കിക്കൊള്ളാം. സാറു പൊയ്‌ക്കോ. ഞാന്‍ മാളവിക നഗറിലേക്കു പോകാതെ സല്‍ഗോക്കര്‍ ഓഫിസിലേക്കാണ് പോയത്. ഒരാളുടെ പേരില്‍ കള്ളകേസ്സു കൊടുത്താലും അതിലൊരു വിശ്വസനീയത വേണ്ടേ?. മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്നവരോട് പുച്ഛമാണ് തോന്നിയത്. എല്ലാ യൗവ്വനക്കാരും നല്ലൊരു ഭാവിക്കായി പ്രതീക്ഷകളോടെയാണ് ഒരു വീസ കാത്തിരിക്കുന്നത്. അവരോട് വിശ്വാസ വഞ്ചനകാട്ടുക ആരും സഹിക്കില്ല. എത്രയോ പേരാണ് കിടപ്പാടങ്ങള്‍ വിറ്റു വന്നിട്ടുള്ളത്.

സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരുടെ സമ്പത്ത് അപഹരിക്കുന്നവരുടെ അസാമാന്യ ധീരത രാഷ്ട്രീയക്കാരിലും വിദ്യാഭ്യാസ രംഗത്തുമാണ് കൂടുതല്‍ കണ്ടിട്ടുള്ളത്. ഈ ഏജന്റുമാരും അവരുടെ പിന്‍തുടര്‍ച്ചക്കാരായി കടന്നു വരുന്നു. നന്മയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തവര്‍ ഈ രംഗങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. എന്റെ അനുജന്‍ കുഞ്ഞുമോന്‍ ആരേയോ ഇവന്‍ വഴി വിട്ടതായി പിന്നീടു ഞാനറിഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് ആന്റണി രാത്രയില്‍ വീട്ടില്‍ വന്നു. ജോസ് പണം തന്നു ഞാന്‍ മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ വന്നതാണ്. അവന്റെ പേരില്‍ പരാതി കൊടുത്ത് ഉപദ്രവിക്കരുതെന്നും ആ ശുക്ലക്ക് നല്ലൊരു തുക കൈക്കൂലി കൊടുത്തെന്നും പറഞ്ഞു. ഇനിയെങ്കിലും സൂക്ഷിക്കുക. ചെക്കായിട്ടേ കൊടുക്കാവു, അതിനു സാക്ഷികളും വേണം. ഇനിയും നിനക്കായി ഞാനും ശ്രമിക്കാം. അവന്‍ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തിയിട്ട് വാഹനവുമായി പോയി.
മനുഷ്യന്റെ പൊതുവിലുള്ള ഒരു സ്വഭാവമാണ് ആരേയും കണ്ണടച്ചു വിശ്വസിക്കുക എന്നത്. ഇതെ ഓഫീസില്‍ നല്ല തണുപ്പുള്ള ഒരു ദിവസം ആന്റണിയുടെ വീസ കാര്യം ഡോ.വാസുദേവുമായി സംസാരിക്കാന്‍ ഞാനവിടെ പോയപ്പോള്‍ ചുനക്കരയുള്ള തങ്കമ്മ പിള്ള സാറിന്റെ ഭര്‍ത്താവും മകനും അവിടെ നില്‍ക്കുന്നതു കണ്ടു. ഞാന്‍ സൂക്ഷിച്ചു നോക്കി. തങ്കമ്മ സാറ് ഏഴാം ക്ലാസ്സില്‍ എന്നെ കണക്ക് പഠിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ ചാരുമൂട്ടില്‍ കണ്ടിട്ടുള്ള പരിചയമേ എനിക്കുള്ളൂ. കുറുപ്പു സാറെന്നറിയാം. മുഖത്തു നോക്കി ആ സംശയം ഞാന്‍ പരിഹരിച്ചു. അദ്ദേഹവും അദ്ധ്യാപകനെന്നാണ് ഓര്‍മ്മ. മകനെ ഗള്‍ഫിലേക്കു വിടാന്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുകയാണ്. കൊടും തണുപ്പില്‍ ഒരു സ്വെറ്ററുമിടാതെ ഒരു ഉടുപ്പു മാത്രം ധരിച്ച് നില്‍ക്കുന്നതു കണ്ടപ്പോള്‍ എന്റെ മനസ്സില്‍ വിഷമം തോന്നി. നാട്ടില്‍ നിന്ന് വരുമ്പോള്‍ തണുപ്പറിഞ്ഞു കാണില്ല. മകന്‍ സ്വെറ്റര്‍ ഇട്ടിട്ടുണ്ട്. മകന്റെ വീസയ്ക്കായി ഏതാനം ദിവസം താമസ്സിക്കുന്നതിന് എന്തിനാണ് വെറുതേ ഒരു കമ്പിളിയുടുപ്പു വാങ്ങി കാശു കളയുന്നത്. ഇതൊക്കെ അദ്ദേഹത്തിന്റെ ന്യായങ്ങളാണെങ്കിലും എന്റെ മുന്നില്‍ തണുപ്പിനോട് മല്ലടിക്കുന്ന ഒരാളെയാണ് ഞാന്‍ കണ്ടത്. വീസ കിട്ടാന്‍ ഇനിയും എത്ര ദിവസം ഇവിടെ നില്‍ക്കണമെന്നറയില്ല. ഞാന്‍ നിര്‍ബന്ധിച്ച് മോട്ടോര്‍ സൈക്കിളില്‍ ഇരുത്തി. വീട്ടില്‍ കൊണ്ടുവന്ന് ഒരു സ്വെറ്റര്‍ ഇടാന്‍ കൊടുത്തിട്ട് മകന്റെ അടുക്കല്‍ എത്തിച്ചു. അദ്ദേഹം നന്ദി പറഞ്ഞു. പിരിയുന്ന സമയം ഞാനെന്റെ നമ്പര്‍ എഴുതി കൊടുത്തിട്ട് പറഞ്ഞു, ഇവിടെ എന്താവശ്യം വന്നാലും എന്നെ വിളിക്കണം, ഇവിടുത്തെ വിസക്കാര്യവും അതില്‍ വരും കേട്ടോ. ആ മുഖത്ത് കണ്ടത് സ്‌നേഹവാത്സല്യം മാത്രമായിരുന്നു. സന്തോഷത്തോടെ ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു.

ഏതാനം നാള്‍ ഇവിടെ പത്രത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കേ എന്റെ അയല്‍വാസി പട്ടാളത്തിലുള്ള ജോര്‍ജ്ജിന്റെ അളിയനെ ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ നിന്ന് പോലീസ് എന്തോ ദുരൂഹ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്തു. അതിന്റെ യാഥാര്‍ത്ഥ്യമറിയാന്‍ ഓഫീസില്‍ നിന്ന് എന്നെയാണ് നിയോഗിച്ചത്. സാക്യത്തുള്ള വീട് തപ്പിപിടിച്ചു ചെന്ന് പുറത്തെ ബല്ലില്‍ വിരലമര്‍ത്തി. കതക് തുറന്ന് വരുന്നത് ജോര്‍ജ്ജച്ചായന്‍. അദ്ദേഹത്തിന്റെ കണ്ണുകളില്‍ വല്ലാത്തൊരു ഭാവമാറ്റം. ഇതു സോമനല്ലേ എന്ന ചോദ്യം. സന്തോഷത്തോടെ അകത്തിരുന്ന് സംസാരിക്കുമ്പോഴാണ് അളിയനെ പോലീസ് കൊണ്ടുപോയ കാര്യം അവരും അറിയുന്നത്. ജോര്‍ജ്ജിന്റെ അനുജന്‍ ബേബി തരകനെയും ആഗ്രയില്‍ വെച്ച് അവിചാരിതമായി കണ്ടുമുട്ടി. അദ്ദേഹമന്ന് ഡബിള്‍ സെവന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നെ അവരുടെ പ്ലാന്റും കാണിച്ചു തന്നു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ നിന്നും വെള്ളം ശുദ്ധീകരിച്ചാണ് പല നിറത്തിലുള്ള പാനീയങ്ങള്‍ ഉണ്ടാക്കുന്നത്. അതു കണ്ടതിനു ശേഷം ഞാനിതുവരേയും ഒരു കോളയും കുടിച്ചിട്ടില്ല. ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇന്ത്യക്ക് ഇരുപത്തിയൊന്ന് സംസ്ഥാനങ്ങളുള്ളപ്പോഴാണ് ഞാന്‍ ഇന്ത്യയിലുണ്ടായിരുന്നത്. അതില്‍ പതിനേഴു സംസ്ഥനങ്ങളില്‍ ഞാന്‍ ജീവിച്ചിട്ടുണ്ട്.

കേന്ദ്രസാഹിത്യ അക്കാദമി ആദ്യമായി ഇന്ത്യയിലെ പത്ത് പ്രമുഖ ഭാഷകളില്‍ നിന്ന് കഥ-കവിത-ലേഖനങ്ങള്‍ ഭാഷാവാര മത്സരത്തിലേക്ക് ക്ഷണിച്ചു. കഥ രണ്ടു പേജ്, കവിത ഇരുപതു വരികള്‍, ലേഖനം മൂന്നു പേജ് കവിയാന്‍ പാടില്ല. മലയാളം ആ പത്തുഭഷകളിലുണ്ടായിരുന്നു. എനിക്കും ലേഖനത്തിനുള്ള ഒന്നാം സമ്മാനം ലഭിച്ചു. ”എന്റെ കേരളം” ആയിരിന്നു വിഷയം. അക്കാദമിയുടെ ആസ്ഥാനമായ മണ്ടിഹൗസില്‍ നടന്ന ചടങ്ങില്‍ ആ എന്‌ഡോവ്‌മെന്റ് പുരസ്‌കാരം ഞാന്‍ ഏറ്റുവാങ്ങി. അന്ന് കേരളത്തില്‍ നിന്നുള്ള ഡോ.കെ.എം.ജോര്‍ജ് അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. എനിക്കു ലഭിച്ച ആദ്യത്തെ പുരസ്‌കാരമായിരുന്നു അത്. ഓരോ വിഷയത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തിയിരുന്നത് അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുത്തുകാരായിരുന്നു. കേരളത്തില്‍ നിന്ന് കെ.പി.കേശവമേനോന്‍ ഉണ്ടായിരുന്നതായിട്ടാണ് കേട്ടത്. ഡല്‍ഹിയില്‍ എന്റെ രണ്ടാമത്തെ നോവല്‍ ‘കദന മഴ നനഞ്ഞപ്പോള്‍’ ഒരു സുഹൃത്തു വഴി സാഹിത്യ സഹകരണ സംഘത്തില്‍ എത്തിച്ചു. മാളവീയ നഗറിനടുത്തുള്ള ഹൗസ് റാണിയില്‍ ചെറിയൊരു വീടും കമെഹറോളിയില്‍ വസ്തുവും വാങ്ങിയിട്ടു. ജ്യേഷ്ഠന്‍ പാപ്പച്ചന്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചതിനു ശേഷം ഡല്‍ഹി പോലീസ് വിജിലന്‍സില്‍ ജോലി കിട്ടി. അദ്ദേഹത്തിന് ഹൗസ്‌റാണിയിലെ വീട് താമസത്തിന് ചോദിച്ചപ്പോള്‍ ഞാനത് എഴുതിക്കൊടുത്തു. അതിനു പകരം നാട്ടിലെ കുടുംബ ഓഹരിയും കുറെ പണവും തന്നു.
ഒരു ഉച്ചയ്ക്ക് വീടിനു മുന്നില്‍ മോട്ടോര്‍ സൈക്കിള്‍ നിറുത്തി അകത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ രണ്ടു പേര്‍ എന്റെയടുക്കല്‍ വന്നു. അതില്‍ ഒന്ന് വീടിനടുത്തുള്ള ചെല്ലമ്മയുടെ മരുമകനായിരുന്നു. എന്നോടു ചോദിച്ചു, ”ഈ നില്‍ക്കുന്ന ആളിനെ അറിയുമോ,” എനിക്കറിയില്ലെന്ന് ഉത്തരം കൊടുത്തു. പെട്ടെന്നറിയിച്ചു. ഇത് കുളത്തിന്റെ തെക്കേതിലെ ജോര്‍ജിന്റെ മകന്‍ രാജുവാണ്. എന്റെ അമ്മാവിയുടെ മകന്റെ മകന്‍. ഞാന്‍ നാടുവിടുമ്പോള്‍ ഇവന്‍ ചെറിയ കുട്ടി. ഇപ്പോള്‍ വളര്‍ന്ന് വലുതായിരിക്കുന്നു. അതാണ് മനസ്സിലാകാഞ്ഞത്. ഭിത്തിയില്‍ വിരലമര്‍ത്തി, ബല്ലടി ശബ്ദം കേട്ടു, ജോലിക്കാരി ലക്ഷ്മിയമ്മ കതക് തുറന്നു. ഞാനവരെ അകത്തേക്ക് വിളിച്ചിരുത്തി. നാട്ടില്‍ നിന്ന് ജോലിക്ക് ദരിതാബാദിലുള്ള ബന്ധുവിന്റെ അടുക്കല്‍ വന്നതാണ്. കയ്യിലുള്ള കാശു തീര്‍ന്നു. അല്പം കാശു തന്നു സഹായിക്കണം. അവന്‍ ആവശ്യപ്പെട്ട പണം കൊടുത്തു. ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചിട്ടും കഴിക്കാതെ സന്തോഷമായി അവര്‍ മടങ്ങി.

ഇവിടെ ചിന്തിക്കേണ്ട ഒരു കാര്യം എനിക്ക് ദുഖമില്ല ദുരിതമില്ല എങ്കില്‍ എന്റെ അയല്‍ക്കാരന് എന്തുകൊണ്ടുണ്ടായി, ദൈവം എന്നെ അതുപോലെയാക്കിയില്ല എന്ന വെറുമൊരു തോന്നല്‍ നല്ലതാണ്. മനുഷ്യര്‍ കാണാത്ത ദൈവങ്ങള്‍ക്ക് ധാരാളം വാരിക്കോരി കൊടുക്കും. എന്നാല്‍ മുന്നില്‍ കാണുന്ന പാവങ്ങള്‍ക്ക് ദാനധര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ ദൈവത്തിന് വാരിക്കോരി കൊടുത്തിട്ട് ഒരു ഫലവുമില്ല. ആ പ്രവൃത്തി ഒരു ദൈവവും അംഗീകരിക്കില്ല. ആ പാപഭാരം ഒരമ്പലനടയില്‍ കുളിച്ചു തൊഴുതാലും മാറില്ല. മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങള്‍ മാറ്റി എഴുതേണ്ടത് ഇങ്ങനെയള്ള കാര്യങ്ങളിലാണ്. അര്‍ത്ഥ ശൂന്യമായ ഭക്തിയും വഴിപാടുകളും ദൈവത്തെ തൃപ്തിപ്പെടുത്താമെന്നാണ് മതങ്ങളും പഠിപ്പിക്കുന്നത്. ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ മനുഷ്യര്‍ നന്മപ്രവര്‍ത്തികളാണ് ചെയ്യേണ്ടത്. അല്ലാതെ അഴിമതിയും കൈക്കൂലി വാങ്ങി സമ്പന്നരാകാനുമല്ല ശ്രമിക്കേണ്ടത്. മനുഷ്യര്‍ക്ക് പള്ളികളും ക്ഷേത്രങ്ങളും ധാരാളമുണ്ട്. അവര്‍ മത സേവനങ്ങള്‍ നടത്താതെ സാമൂഹിക- ജീവ കാരുണ്യ സേവനങ്ങള്‍ക്കാണ് കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടത്. ആ സേവന വ്യഗ്രത എത്ര മതസ്ഥാപനങ്ങള്‍ക്കുണ്ട്. അങ്ങെയെങ്കില്‍ കേരളം സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതു പോലെ കേരളത്തെ പട്ടിണി- ദാരിദ്ര മുക്തമാക്കാന്‍ മതങ്ങള്‍ക്കും സാധിക്കും. അതിനാവശ്യം മതമൈത്രിയാണ്. ഓരോ മതസ്ഥാപനങ്ങളും പരസ്പരം സഹകരിച്ചാല്‍ ഇതിനു പരിഹാരമാകും. മാത്രവുമല്ല ദുഖത്തില്‍, രോഗത്തില്‍ കഴിയുന്നവരുടെ ബന്ധുക്കളാകാനും സാധിക്കും.
ഞാനൊരു മതവിശ്വവാസിയല്ല. ദൈവത്തിലും മനുഷ്യരിലുമാണ് എന്റെ വിശ്വാസം. അതാണ് ഗുരുദേവന്‍ പറഞ്ഞത് ”മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി” സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ മനുഷ്യന് ഗുണം ചെയ്യുന്നതെങ്കില്‍ അതിനെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. സമൂഹത്തില്‍ സമ്പത്തിനായി മാത്രം എന്തും കാട്ടി ജീവിക്കുന്ന മനുഷ്യരുടെ മനോഭാവമാണ് മാറേണ്ടത്. ആ കൂട്ടരെ സഹായിക്കുന്ന അധികാരികള്‍ക്കും അതിന്റെ പങ്ക് കിട്ടിന്നതുകൊണ്ട് അവരും സമൂഹവ്യവസ്ഥിതിക്ക് ഒരു ശാപമായി മാറുന്നു. അതു കൊണ്ട് ശുദ്ധ തെങ്ങില്‍ നിന്നും മുന്തിരിച്ചാറില്‍ നിന്നുമുള്ള പാനീയങ്ങളെ മദ്യമായി ഞാന്‍ കാണുന്നില്ല. അതില്‍ മാലിന്യം ചേരുമ്പോഴാണ് അത് മദ്യമാകുന്നത്. എന്റെ വാദ മുഖങ്ങള്‍ എത്ര പേര്‍ വിശാല വീക്ഷണതയോടെ കാണുമെന്ന് എനിക്കറിയില്ല. അശരണരും നിരാലംബരുമായ മനുഷ്യര്‍ക്ക് എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്താല്‍ അതൊരു പുണ്യം തന്നെയാണ്. അതിന് നിശ്ചയദാര്‍ഡ്യമുള്ള മതങ്ങളും മനുഷ്യരും ശക്തിയായി ഉണര്‍ന്നു വരണം. അല്ലാതെ വോട്ടു ബാങ്ക് രാഷ്ട്രീയവും മത വര്‍ഗ്ഗീയതയുമല്ല ശക്തിയായി വളരേണ്ടത്. അതിന് വിദ്യഭ്യാസവും അറിവ് പകരുന്ന പുസ്തകങ്ങളും വളരെയേറെ പങ്ക് വഹിക്കുന്നുണ്ട്.
മാസങ്ങള്‍ കടന്നു പോയി. എന്റെ പെങ്ങളുടെ മകന്‍ സണ്ണിയും ഡല്‍ഹിയില്‍ എന്റെയടുക്കലെത്തി. എനിക്കും ദമാമിലേക്കുള്ള വീസ ശരിയായി വന്നു. സണ്ണിയെ വീട്ടു കാര്യങ്ങളേല്‍പിച്ചിട്ട് ഞാന്‍ ദമാമിലേക്ക് പറന്നു. ഇതിനിടയില്‍ ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു. രാജീവ് ഖന്നയുടെ പേരായ രാജീവ് എന്നാണ് പേരിട്ടത്.