ആല്‍പ്സ്: ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളില്‍ പെട്ടെന്നുണ്ടായ ഹിമപാതത്തില്‍ പെട്ട് സ്കൂള്‍ കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ഇരുപതോളം കുട്ടികളെ കാണാനില്ല. അവധിക്കാലം ആഘോഷിക്കാനായി സ്കീയിംഗ് സൗകര്യമുള്ള ഒരു റിസോര്‍ട്ടില്‍ എത്തിയ കുട്ടികളും അദ്ധ്യാപകരും ആണ് അപകടത്തില്‍ പെട്ടത്. ചില വിനോദ സഞ്ചാരികളും അപകടത്തില്‍ പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഒരു ഉക്രേനിയന്‍ വിനോദ സഞ്ചാരിയെയും മൂന്ന്‍ കുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
പത്ത് കുട്ടികളും ഒരധ്യാപകനും അടങ്ങുന്ന ഗ്രൂപ്പിന് മേല്‍ ആണ് വലിയ ഒരു മഞ്ഞുപാളി വന്ന്‍ ഇടിച്ചത്. ഈ സംഘത്തില്‍ പെട്ട നാല് കുട്ടികള്‍ക്ക് കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു സംഘത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ ഇരുപതോളം കുട്ടികളെ മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായിട്ടുണ്ട്. ഹെലിക്കോപ്റ്ററുകളും സ്നിഫ്ഫര്‍ ഡോഗുകളും ഉള്‍പ്പെടെയുള്ള രക്ഷാസംഘം തിരച്ചില്‍ തുടരുകയാണ്.
ഇന്ന്‍ വൈകുന്നേരം നാല് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫ്രാന്‍സിലെ ലൈസിസെന്റ് എക്സുപ്പെറി സ്കൂളില്‍ നിന്നുള്ള കുട്ടികള്‍ ആണ് അപകടത്തില്‍ പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അപകട സാദ്ധ്യതാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും സ്കീയിംഗില്‍ ഏര്‍പ്പെട്ടതാണ് ഇത്രയും വലിയ ദുരന്തത്തിനു കാരണമായതെന്ന് കരുതുന്നു. അപകട സാധ്യത അഞ്ചില്‍ നാല് ആണെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നതായി പ്രാദേശിക കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോലാണ്ടെ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അദ്ദേഹം കാണാതായവരെ കണ്ടെത്താന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.