ഭീകരർക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ സൈനികൻ കേണൽ നവ്ജോത് സിങ് ബാൽ (39) ഒടുവിൽ കാൻസറിനു കീഴടങ്ങി. രാജ്യം കണ്ട എക്കാലത്തെയും മികച്ച സേനാംഗങ്ങളിലൊരാളായ നവ്ജോത് രണ്ടു വർഷമായി കാൻസറുമായുള്ള യുദ്ധത്തിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച അദ്ദേഹം അന്ത്യശ്വാസം വലിച്ചുവെന്ന വാർത്ത ഇന്ത്യൻ സേന കണ്ണീരോടെ ഏറ്റുവാങ്ങി. മരിക്കുന്നതിന്റെ തലേന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സെൽഫിയെടുത്ത നവ്ജോത്, വീണ്ടും ധീരതയോടെ തന്റെ ഓർമ്മചിത്രം ബാക്കിയാക്കി യാത്ര പറഞ്ഞു.

ഭീകരവിരുദ്ധ പോരാട്ടത്തിൽ കരസേനയുടെ ഏറ്റവും കരുത്തുറ്റ സേനാ സംഘമായ പാരാ സ്പെഷൽ ഫോഴ്സസിൽ കമാൻഡോ ആയിരുന്നു നവ്ജോത്. 2002ൽ സേനയിൽ ചേർന്ന അദ്ദേഹം, 2003ൽ കശ്മീർ താഴ്‍വരയിൽ 2 ഭീകരരെ വെടിവച്ചു വീഴ്ത്തി. ഭീകര വേട്ടയിലെ മികവിനു രാജ്യം ശൗര്യ ചക്ര മെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചു.

2018ൽ വലതു കയ്യിലുണ്ടായ നീര് ആണ് കാൻസറിന്റെ ആദ്യ സൂചനകൾ നൽകിയത്. പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ അപൂർവ കാൻസർ തന്റെ ശരീരത്തെ പിടികൂടിയെന്ന യാഥാർഥ്യം നവ്ജോത് തിരിച്ചറിഞ്ഞു. കീഴടങ്ങാൻ പക്ഷേ, അദ്ദേഹം ഒരുക്കമായിരുന്നില്ല. രോഗത്തിനു ചികിൽസയിലിരിക്കെ 21 കിലോമീറ്റർ മാരത്തൺ ഓടി അദ്ദേഹം സഹസേനാംഗങ്ങളെ ഞെട്ടിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രോഗം മൂർധന്യത്തിലെത്തിയപ്പോൾ വലതു കൈ മുറിച്ചുമാറ്റിയെങ്കിലും രാജ്യസേവനത്തിൽ നിന്ന് അദ്ദേഹം പിൻമാറിയില്ല. വലതു കൈ നഷ്ടപ്പെട്ടിട്ടും പാരാ സ്പെഷൽ ഫോഴ്സസ് രണ്ടാം യൂണിറ്റിന്റെ കമാൻഡിങ് ഓഫിസറായി സേനയെ നയിച്ചു. രോഗം ശരീരത്തെ പൂർണമായി തളർത്തിയ കഴിഞ്ഞ ഏപ്രിലിൽ ജോലിയിൽ നിന്നു പടിയിറങ്ങി. ഒരു വർഷം നീണ്ട കീമോതെറപ്പി ചികിൽസയും സേനാംഗങ്ങളുടെ പ്രാർഥനകളും വിഫലം; ചിരിക്കുന്ന മുഖം ഓർമയാക്കി നവ്ജോത് യാത്ര പറഞ്ഞു.

പഞ്ചാബ് സ്വദേശിയായ നവ്ജോത് ലഫ്. കേണൽ (റിട്ട) കർണെയ്ൽ സിങ് ബാൽ – രമീന്ദർ കൗർ ദമ്പതികളുടെ മകനാണ്. ഭാര്യ: അർതി. രണ്ട് ആൺമക്കളുണ്ട്.