ജോയൽ ചെറുപ്ലാക്കിൽ

അയർക്കുന്നം- മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിലെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ നാലാമത് സംഗമം വൈവിധ്യമാർന്ന കലാ-കായിക-വിനോദ പരിപാടികളോടെ റഗ്ബിയിലെ ബാർബി വില്ലേജ് ഹാളിൽ പ്രൗഡോജ്വലമായി നടന്നു. കോവിഡ് മഹാമാരിയുടെ ബുദ്ധിമുട്ടുകളിലൂടെ കടന്നു പോയതിനാൽ കഴിഞ്ഞവർഷം സംഗമം നടത്തുവാൻ സാധിക്കാതിരുന്നതുകൊണ്ട് കുടുംബാംഗങ്ങളെല്ലാവരും ആഹ്ളാദത്തോടെയാണ് സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഇത്തവണത്തെ സംഗമത്തിൽ എത്തിച്ചേർന്നത്.

സംഗമം വൈസ് പ്രസിഡന്റ് ഫ്ലോറൻസ് ഫെലിക്സ് ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ഹൃസ്വമായ ഉദ്ഘാടന ചടങ്ങിൽ പ്രസിഡന്റ് ജോമോൻ ജേക്കബ് വല്ലൂർ അധ്യക്ഷത വഹിച്ചു. പ്രസിഡന്റും കമ്മിറ്റി അംഗങ്ങളും പുതിയതായി സംഗമത്തിൽ എത്തിച്ചേർന്ന കുടുംബാംഗങ്ങളും ചേർന്ന് തിരിതെളിച്ച് നാലാമത് സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ബോബി ജോസഫ് സ്വാഗതമാശംസിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികളും ഏവരുടേയും മനം കവർന്ന ഗാനമേളയും ഏറെ ചിരിപ്പിച്ച ഹാസ്യാത്മകമായ പരിപാടികളും ചേർന്നപ്പോൾ നാലാമത് സംഗമം പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും സന്തോഷം പകർന്ന അനുഭവമായി മാറി.

സംഗമത്തിലെ കുടുംബാംഗവും യുകെയിലെ അറിയപ്പെടുന്ന ഗായകനുമായ ടെൽസ്മോൻ തോമസ് നയിച്ച ഗാനമേളയിൽ ടെൽസ്മോനോടൊപ്പം ഫ്ലോറൻസ് ഫെലിക്സ്,അനീഷ് ജേക്കബ്, ചിത്ര ടെൽസ് മോൻ, തോമസ് ജോസ് , സാനിയ ഫെലിക്സ് , ജോജി ജോസഫ്, റാണി ജോജി, സി. എ ജോസഫ്, സ്‌മിത ജെയ്‌മോൻ എന്നിവരും ആലപിച്ച ഗാനങ്ങൾ ഹർഷാരവത്തോടെയാണ് എല്ലാവരും ഏറ്റുവാങ്ങിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്നേഹ ഫെലിക്സ് , സ്റ്റീവ് ഫെലിക്സ്, സാനിയ ഫെലിക്സ് എന്നിവർ ചേർന്നവതരിപ്പിച്ച മനോഹരമായ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസ് എല്ലാവർക്കും നവ്യമായ ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ലഞ്ച് ബ്രേക്കിന് ശേഷം സി.എ ജോസഫ് നയിച്ച ഹാസ്യാത്മകമായ കുസൃതി ചോദ്യോത്തര പരിപാടി എല്ലാവരിലും ചിരിയുണർത്തി.

തുടർന്ന് തിരുവോണാഘോഷത്തിന്റെ ഓർമ്മകൾ പകർന്നു നൽകി ബിജു പാലക്കുളത്തിന്റെ നേതൃത്വത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകമായി നടത്തിയ വടംവലി മത്സരം എല്ലാവരിലും ആവേശംപകർന്നു. പുരുഷവിഭാഗത്തിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ജോർജ് തോമസ് നയിച്ച ടീം ജേതാക്കൾ ആയപ്പോൾ വനിതാവിഭാഗത്തിൽ ചിത്ര ടെൽസ് മോൻ ആൻഡ് ടീം വിജയികളായി.

സംഗമത്തിൽ പങ്കെടുത്ത മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണമുൾപ്പെടെ മൂന്നുനേരവും വ്യത്യസ്തതയാർന്ന രുചിക്കൂട്ടിലുള്ള നാടൻ ഭക്ഷണവും തയ്യാറാക്കിയിരുന്നു. ജോമോൻ ജേക്കബ്, അനിൽ വർഗീസ്, അനീഷ് ജേക്കബ് , ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കുടുംബാഗങ്ങൾക്കായി ഭക്ഷണം തയ്യാറാക്കിയത്.

ബോബി ജോസഫിന്റെ നേതൃത്വത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് സംഗമത്തെ നയിക്കുവാനുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. വ്യത്യസ്തതയാർന്ന അവതരണ മികവിൽ മുഴുവൻ പരിപാടികളുടെയും ആങ്കറിംഗ്‌ നടത്തിയ റാണി ജോജി എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി. സംഗമത്തിൽ പങ്കെടുത്തവർക്കും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് നാലാമത് സംഗമത്തെ അവിസ്മരണീയമാക്കിയ കുടുംബാംഗങ്ങൾക്കും പ്രോഗ്രാം കോഡിനേറ്റർ സി. എ ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടെ സംഗമം സമംഗളം പര്യവസാനിച്ചു.