എയ്‌ൽസ്‌ഫോർഡ്: അനുഗ്രഹം മഴയായ് പെയ്തിറങ്ങിയ ദിനം. കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന എയ്‌ൽസ്‌ഫോർഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികൾ തീർത്ഥാടനമായി എത്തിയപ്പോൾ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും. ചന്നം പിന്നം ചാറ്റൽ മഴ എയ്‌ൽസ്‌ഫോർഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവർ അനിർവചനീയ ആത്മീയ അനുഭവത്താൽ ധന്യരായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ശനിയാഴ്ച നടന്ന നാലാമത് ‘എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ്’ പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറിയത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ തീർത്ഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.

മഴയൊഴിയാതിരുന്ന ദിനത്തിൽ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ്. ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പൺ എയർ പിയാസ്സയിൽ കുട ചൂടിയും വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കു കൊണ്ടു. ഉച്ചക്ക് 12 മണിയോടുകൂടി സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. കർമ്മലമാതാവിനെ തോളിൽ സംവഹിച്ചുകൊണ്ട് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജപമാല പ്രാർത്ഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കു ചേർന്നു. തുടർന്ന് അഭിവന്ദ്യ പിതാവിനോടൊപ്പം മോൺസിഞ്ഞോർ ജോർജ് ചേലക്കൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, ഒപ്പം രൂപതയിലെ മറ്റു വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു. ലോകം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം മുറുകെപ്പിടിക്കുവാനും പ്രതിസന്ധികളിൽ കർമ്മലമാതാവിന്റെ സംരക്ഷണം തേടുവാനും രൂപതാധ്യക്ഷൻ തന്റെ തിരുനാൾ സന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുർബാനയ്‌ക്കുശേഷം കർമ്മലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി ഹ്രസ്വമായി നടത്തിയ തിരുനാൾ പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനൊപ്പം വിശ്വാസികൾ ഭക്തിപൂർവ്വം പങ്കു ചേർന്നു. സമാപനശീർവാദത്തിനു ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം തീർത്ഥാടനത്തിനെത്തിയ മുഴുവൻ ആളുകൾക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ റീജിയണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീർത്ഥാടനത്തിന് ലണ്ടൻ റീജിയൻ ഡയറക്ടറും ചീഫ് കോ-ഓർഡിനേറ്ററുമായ റവ. ഫാ. ടോമി എടാട്ട്, കോ-ഓർഡിനേറ്റർമാരായ ബിനു മാത്യു, ജിനു ജോസ്, ഒപ്പം റീജിയണൽ ഭാരവാഹികൾ, മിഷൻ ട്രസ്റ്റിമാർ, കമ്മറ്റി അംഗങ്ങൾ, വിമൻസ് ഫോറം, സൺഡേ സ്‌കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി. തീർത്ഥാടനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ ഫാ. ഫ്രാൻസിസ്, മറ്റു വൈദികർ, പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും വിശ്വാസ തീഷ്ണതയിൽ തീർത്ഥാടനത്തിനെത്തിയവർ, തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച കമ്മറ്റി അംഗങ്ങൾ, എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫാ. ടോമി എടാട്ട് പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെയ് മാസം നടക്കേണ്ടിയിരുന്ന തീർത്ഥാടനമാണ് ശനിയാഴ്ച നടന്നത്. അടുത്ത വർഷത്തെ ‘എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം’ 2022 മെയ് 28 ശനിയാഴ്ച ആയിരിക്കും.