ഡോക്ടർ എ. സി. രാജീവ് കുമാർ
ഓരോരുത്തരുടെയും ആഹാരത്തിന് അളവ് നിശ്ചയിക്കേണ്ടതുണ്ടോ? തീർച്ചയായും ഓരോരുത്തരും കഴിക്കേണ്ട ഭക്ഷണം എത്രയെന്നു അറിഞ്ഞു കഴിക്കുന്നതാണ് ആരോഗ്യകരം. എന്തെന്നാൽ അഗ്നി, അഥവാ ദഹനരസങ്ങൾ പ്രവർത്തിക്കുന്നത് മാത്ര, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുമായി ബന്ധം ഉണ്ട്.
“അന്നേന കുക്ഷേർദ്വാവംശൗ
പാനേനൈകം പ്രപൂരയേത്
ആശ്രയം പാവനാദീനാം
ചതുർത്ഥമവശേഷയേത് ”
അര വയർ ആഹാരം, നാലിലൊരു ഭാഗം വെള്ളം അഥവാ ദ്രവം, ശേഷിക്കുന്നത് വായുസഞ്ചാരത്തിന് എന്നതാണ് സാമാന്യമായ ഒരു അളവ് പറയാവുന്നത്. ആഹാരത്തിന്റ അളവ് കൂടുമ്പോൾ ഉണ്ടാകാവുന്ന ഞെരുക്കം കഴിച്ചവസ്തുവിന്റെ ദഹന പഥത്തിലെ സഞ്ചാരവേഗത കുറക്കാനിടയായാൽ ദഹന തകരാറുകൾക്ക് ഇടയാക്കുന്നത് ഒഴിവാക്കാൻ ആഹാരത്തിന്റെ അളവ് പാലിക്കണം.
ചില ഭക്ഷണങ്ങൾ ദഹിക്കാൻ പ്രയാസം ഉള്ളവയോ, ഏറെ സമയം കൊണ്ടു ദഹിക്കുന്നവയോ ആകാം. അങ്ങനെ ഉള്ളവയെ ഗുരു ഗുണം ഉള്ളതെന്നും എന്നാൽ വേഗത്തിൽ ദഹിക്കുന്നവയെ ലഘുവായവ എന്നും തരം തിരിച്ചു പറയും
“ഗുരൂണാം അർത്ഥസൗഹിത്യം
ലഘൂനാം നാതി തൃപ്തത :”
ദഹിക്കാൻ പ്രയാസമുള്ള ഗുരുത്തം ഉള്ളവ ഒരുവന് ആവശ്യമുള്ളതിന്റെ പകുതിയും, വേഗത്തിൽ ദാഹിക്കുന്ന ലഘുത്വമുള്ളവ അമിത തൃപ്തിക്കിടയാക്കാത്ത അത്രയും മാത്രവും കഴിക്കുകയാണ് വേണ്ടത്.
ഒരുവന് അത്ര ഇഷ്ടമല്ലാത്തവ, അഴുകൽ ചീയൽ വഴുവഴുപ്പ് ഉള്ളതോ ഉണ്ടാക്കാവുന്നതോ ആയവ, ശരിയായി പാചകം ചെയ്യാത്തവയും, ശരിക്ക് വേകാത്തതും, ദഹിക്കാൻ ഏറെസമയം വേണ്ടവയും, ഏറെ തണുപ്പും ചൂടും ഉള്ളതും, രൂക്ഷവും വരണ്ടതുമായതുമായവ, വെള്ളത്തിൽ ഏറെനേരം ഇട്ട് വെച്ചിരുന്നവയും ശരിക്ക് വേണ്ടതുപോലെ ദഹിക്കില്ല. പാകം ചെയ്തു ആറിയ ശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന രീതി അനാരോഗ്യകരമായാണ് കരുതുന്നത്.
ശോകമൂകമായ അവസ്ഥയിലും ദേഷ്യ പ്പെട്ടിരിക്കുമ്പോഴും വിശപ്പില്ലാത്ത സമയത്തും
ഉള്ള ആഹാരം അജീർണത്തിനിടയാക്കുന്നതായാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.
“അത്യമ്പു പാനാത് വിഷമശ്നാശ്ച
സന്ധരണാത് സ്വപ്ന വിപര്യയത് ച
കാലേപി സാത്മ്യം ലഘു ചാപി ഭുക്തം
അന്നം ന പാകം പചതേ നരസ്യ ”
അമിതമായി വെള്ളം കുടിച്ച ശേഷവും, അകാലത്തിലും അല്പമായും അല്പമായോ അമിതമായോ ഭക്ഷണം കസിക്കുന്നതും, മലമൂത്ര വേഗങ്ങൾ തടയുന്നതും, ശരിയായ ഉറക്കം ഇല്ലാത്തതുമായ ഒരാൾ കാലത്തിനു യോജിച്ചതും ലഘുവായതുമായവ കഴിച്ചാലും വേണ്ടതുപോലെ ദഹിക്കില്ല എന്നാണ് പറയുന്നത്.
മൂന്നു വിധം ആഹാര രീതിയും നിർവചിച്ചിട്ടുണ്ട്. സമശനം അദ്ധ്യശനം വിഷമാശനം എന്നിവയാണവ. പഥ്യം ആയതും പഥ്യമായതുമായവ കൂടിക്കലർന്നുള്ള ഭക്ഷണം സമശനം. ഒരിക്കൽ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും കഴിക്കുന്നത് അദ്ധ്യശനം. അകാലത്തിലും അല്പമായും അധികമായും ഭക്ഷണം കഴിക്കുന്നത് വിഷമാശനം. ഇവ മൂന്നും മരണ തുല്യമോ മരണ കരണമാകാവുന്നതോ ആയ തരം രോഗങ്ങൾ ക്ഷണിച്ചു വരുത്താവുന്നതായി പറയുന്നു. ആരോഗ്യപരിപാലനത്തിൽ പ്രാധാന്യം ഉള്ള ആഹാരകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ ഇല്ലാതെ പോകുന്നവർ ഔഷധം ആഹാരമാക്കേണ്ടതായി വരുന്നു.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

	
		

      
      



              
              
              




            
Leave a Reply