ന്യൂസ് ഡെസ്ക്, മലയാളം യുകെ
വൈദ്യശാസ്ത്രത്തിൽ പുതിയ നേട്ടവുമായി യുകെ. മൂന്ന് പേരുടെ ഡിഎൻഎ സംയോജിപ്പിക്കുന്ന ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിൽ എട്ട് കുഞ്ഞുങ്ങൾ ജനിച്ചു. മൈറ്റോകോൺഡ്രിയൽ രോഗം എന്ന അപൂർവവും മാരകവുമായ അവസ്ഥ കുടുംബങ്ങളിൽ കൈമാറിവരുന്നത് ഒഴിവാക്കാൻ ഈ പുതിയ രീതി വഴി സാധിക്കും. ഈ ചികിത്സാ രീതിയിലൂടെ ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നുള്ള അണ്ഡവും ബീജവും ആരോഗ്യമുള്ള ഒരു സ്ത്രീ ദാതാവിൽ നിന്നുള്ള രണ്ടാമത്തെ അണ്ഡവും ഉപയോഗിച്ചാണ് ഈ പ്രക്രിയ നടത്തുന്നത്. ഊർജ്ജം ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന നമ്മുടെ കോശങ്ങൾക്കുള്ളിലെ ചെറിയ ഭാഗങ്ങളിലെ തകരാറുള്ള മൈറ്റോകോൺഡ്രിയ മാറ്റിസ്ഥാപിക്കുക എന്നതാണ് പ്രക്രിയയുടെ ലക്‌ഷ്യം. മൈറ്റോകോൺഡ്രിയ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ, കുഞ്ഞുങ്ങൾക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാകുകയോ, ജനിച്ച ഉടൻ തന്നെ മരിക്കാനോ സാധ്യത ഉണ്ട്.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് പകരുന്ന രോഗമാണ് മൈറ്റോകോൺഡ്രിയൽ രോഗം. ഇത് ഓരോ 5,000 കുഞ്ഞുങ്ങളിലും ഒരാളെ ബാധിക്കുകയും ചെയ്യുന്നു. ഇത് തലച്ചോറിന് ക്ഷതം, ഹൃദയസ്തംഭനം, പേശി ബലഹീനത, അന്ധത എന്നിവയ്ക്ക് കാരണമാകും. ന്യൂകാസിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ പുതിയ രീതി, അമ്മയുടെ തകരാറുള്ള മൈറ്റോകോൺഡ്രിയ നീക്കം ചെയ്ത് ദാതാവിൽ നിന്ന് ആരോഗ്യമുള്ളവ പകരം മാറ്റി വയ്ക്കുന്നു. മാതാപിതാക്കളുടെ ഡിഎൻഎ പിന്നീട് ദാതാവിന്റെ ആരോഗ്യകരമായ ഭ്രൂണത്തിലേക്ക് മാറ്റും. മാതാപിതാക്കളിൽ നിന്നുള്ള ഡിഎൻഎയുടെ 99.9% ത്തിലധികവും ദാതാവിൽ നിന്ന് 0.1% വും ഡിഎൻഎ ഉപയോഗിച്ചാണ് കുഞ്ഞ് വളരുന്നത്. യുകെയിൽ ഏകദേശം 10 വർഷമായി ഈ സാങ്കേതികവിദ്യ നിയമപരമാണെങ്കിലും, ഈ പ്രക്രിയ വഴി ജനിക്കുന്ന ആദ്യ കുട്ടികളാണ് ഇവർ.
Leave a Reply