ലഖ്‌നൗ: അയോദ്ധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത ഗൂഡാലോചന കേസില്‍ എല്ലാവരെയും വെറുതേ വിട്ടു. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. ബാബ്റി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമല്ലെന്നും ഇങ്ങിനെ സ്ഥാപിക്കാന്‍ രീതിയില്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. കേസിലെ 32 പ്രതികളെയും കോടതി വെറുതേ വിട്ടു. 2000 പേജുകള്‍ നീണ്ടതായിരുന്നു വിധി. സുരക്ഷയുടെ ഭാഗമായി കോടതിക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു.

സംഭവം നടന്ന് 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. കേസില്‍ 350 ലധികം സാക്ഷികളെ വിസ്തരിക്കുകയും 600 ലധികം തെളിവുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികളായ 48 പ്രതികളില്‍ ജീവിച്ചിരിക്കുന്ന 32 പേരോടും ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും 32 പ്രതികളില്‍ 26 പേരാണ് കോടതിയില്‍ ഹാജരായത്. കല്യാണ്‍ സിംഗ്, ഉമാ ഭാരതി എന്നിവര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് നടത്തിയത്. കേസില്‍ രാഷ്ട്രീയമായി ഉള്‍പ്പെടുത്തി എന്നാണ് എല്‍കെ അദ്വാനി ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്.

കേന്ദ്രമന്ത്രിമാരായിരുന്ന എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, യു.പി. മുന്‍ മുഖ്യമന്ത്രി കല്യാണ്‍സിങ്, വി.എച്ച്.പി. നേതാവ് വിനയ് കത്യാര്‍, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, ധരം ദാസ്, മഹന്ത് നൃത്യ ഗോപാല്‍ ദാസ്, മഹാമണ്ഡലേശ്വര്‍ ജഗദീഷ് മുനി, രാം ബിലാസ് വേദാന്തി, വൈകുണ്ഠ് ലാല്‍ ശര്‍മ, സതീഷ് ചന്ദ്ര നാഗര്‍ എന്നീ 15 പേര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി 2017 ഏപ്രില്‍ 19ന് പുനഃസ്ഥാപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സ്പര്‍ധ വളര്‍ത്തല്‍, കലാപം, നിയമവിരുദ്ധമായി സംഘംചേരല്‍, രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായ പ്രചാരണം നടത്തല്‍, തെറ്റായ പ്രസ്താവനകള്‍, ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തപ്പെട്ടത്. കേസിലെ 48 പ്രതികളില്‍ 32 പേരാണ് ജീവിച്ചിരിക്കുന്നത്. 17 പേര്‍ വിചാരണ വേളയില്‍ മരണമടഞ്ഞിരുന്നു. സംഭവം നടക്കുമ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗായിരുന്നു. രാജസ്ഥാന്‍ ഗവര്‍ണറായിരുന്നതിനാല്‍ കല്യാണ്‍ സിങ്ങിന് വിചാരണ നേരിടുന്നതില്‍നിന്ന് സംരക്ഷണം ലഭിച്ചിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞ ശേഷം വിചാരണയ്ക്ക് വിധേയമാക്കി.

1992 ഡിസംബര്‍ 6 നായിരുന്നു മസ്ജിദ് കര്‍സേവകര്‍ പൊളിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ രണ്ടിടത്തായാണ് വിചാരണ നടന്നിരുന്നത്. അജ്ഞാതരായ കര്‍സേവകര്‍ക്കെതിരായ കേസുകള്‍ ലഖ്‌നൗവിലും പ്രമുഖ നേതാക്കള്‍ക്കെതിരേയുള്ളത് റായ്ബറേലിയിലും. സുപ്രീംകോടതിയുടെ 2017ലെ ഉത്തരവുപ്രകാരം രണ്ടുകൂട്ടം കേസുകളിലെയും വിചാരണ ഒന്നിച്ചുചേര്‍ത്ത് ലഖ്‌നൗവിലെ ലഖ്‌നൗവിലെ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്കുമാറ്റി. രണ്ടുവര്‍ഷത്തിനകം വിചാരണപൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീംകോടതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പലതവണ സമയം നീട്ടിക്കൊടുക്കുകയുമായിരുന്നു.

ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ വിനയ് കത്യാറിന്റെ വീട്ടില്‍ ഗൂഡാലോചന നടത്തിയെന്നും ഇതിനായി പണം സമാഹരിച്ചെന്നും പോലീസ് നിഷ്ക്രിയത്വം പാലിച്ചെന്നും ഭരണകൂടം തടയാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ല എന്നുമെല്ലാമായിരുന്നു കമ്മീഷ​ന്റെ കണ്ടെത്തല്‍. ജഡ്ജി സുരേന്ദര്‍കുമാര്‍ യാദവ് ഇന്ന് വിരമിക്കെയാണ് വിധി പറഞ്ഞത്. കാലാവധി അവസാനിച്ചെങ്കിലും സുപ്രീംകോടതി നല്‍കി സമയപരിധിക്ക് ഉള്ളില്‍ വിധി പ്രസ്താവ്യം നടത്തുകയായിരുന്നു. കേസ് പരിഗണിച്ച് ഒരു മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ യുപിയിലെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അയോദ്ധ്യയില്‍ നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയിരുന്നു.