ഒന്നരവയസുകാരിയുടെ കൊലപാതകം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കുട്ടിയുടെ അമ്മ. പൊലീസിന്റെ ചോദ്യം ചെയ്യലിലായിരുന്നു ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ വാ പൊത്തിപ്പിടിത്തതാണെന്നും കുട്ടിയുടെ അമ്മ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ അമ്മയുടെ മൊഴിയില്‍ അവിശ്വാസ്യത ഉള്ളതായി തോന്നുന്നുവെന്നും അതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റ സമ്മതം നടത്തിയ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അച്ഛനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. ഉറക്കി കിടത്തിയ കുട്ടിയെ മരിച്ചനിലയില്‍ കണ്ടുവെന്നാണ് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയാണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ശനിയാഴ്ച പട്ടണക്കാട് കൊല്ലംവെളളി കോളനിയിലെ വീട്ടിലാണ് പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷാരോണ്‍-ആദിര ദമ്പതികളുടെ മകള്‍ ആദിഷയാണ് മരിച്ചത്. കിടപ്പുമുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ചലനമില്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാതാപിതാക്കള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.