ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ മലയാളികളെ ഒന്നാകെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്ത സംഭവമായിരുന്നു 5 മാസം ഗർഭിണിയായ മലയാളി യുവതിയെ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് തെറിപ്പിച്ച സംഭവം. ഞായറാഴ്ച സംഭവം ഉടനെ തന്നെ മലയാളം യുകെ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ലങ്കാ ഷെയറിനു സമീപം ബാബർ ബ്രിഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ നടന്ന സംഭവത്തിൽ ഗർഭസ്ഥശിശു മരിച്ചതായി ലങ്കാ ഷെയർ പോലീസ് അറിയിച്ചു.
രണ്ട് വർഷം മുമ്പാണ് വയനാട് മീനങ്ങാടി സ്വദേശിയായ യുവതിയും ഭർത്താവും സ്റ്റുഡൻറ് വിസയിൽ യുകെയിൽ എത്തിയത്. നേഴ്സിങ് ഹോമിൽ പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്ന യുവതി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ സീബ്രാ ലൈനിൽ വെച്ച് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവതിയെ ഇടിച്ച ശേഷം നിർത്താതെ പോയ കാർ പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.
സംഭവത്തോട് അനുബന്ധിച്ച് 6 പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത് . മരണത്തിന് കാരണമായ രീതിയിൽ വാഹനം ഓടിച്ചതിന് 19 കാരനായ യുവാവിനെ വാർട്ടണിലെ ഡെയിലിൽ നിന്ന് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. ഇതു കൂടാതെ 16, 17, 40, 50, 19 വയസ്സ് വീതം പ്രായമുള്ള 5 പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 വയസ്സുകാരിയായ പെൺകുട്ടിയും 40 വയസ്സുള്ള പുരുഷനും കുറ്റവാളികളെ സഹായിച്ചതിനും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റിൽ ആയത്. അപകടത്തിന്റെ സിസിടിവി, ഡാഷ്‌ക്യാം മൊബൈൽ ഫോൺ ദൃശ്യങ്ങൾ ഉള്ളവർ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Leave a Reply