കലബുറഗി: ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്നു നവജാത ശിശുക്കള്‍ മാറിയതായി പരാതി. രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞെങ്കിലും ബന്ധുക്കള്‍ ആണ്‍കുഞ്ഞിനുവേണ്ടി വഴക്കിട്ടതോടെ സംഭവം പൊല്ലാപ്പായി. പെണ്‍കുഞ്ഞിനെ മുലയൂട്ടാനോ പരിപാലിക്കാനോ അമ്മ തയാറുമല്ല.

രക്ഷിതാക്കളുടെ മനസ്സലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ ആറുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. യാദ്ഗിര്‍ ജില്ലയില്‍നിന്നുള്ള നന്ദമ്മയെയും നസ്മ ബേഗത്തെയും ഈ കഴിഞ്ഞ ആഴ്ചയാണു പ്രസവത്തിനായി കലബുറഗി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ഒരേസമയത്ത് കുഞ്ഞിനു ജന്മം നല്‍കി. പക്ഷേ ആശുപത്രി ജീവനക്കാര്‍ കുഞ്ഞിനെ പരസ്പരം മാറിയാണു ബന്ധുക്കള്‍ക്കു നല്‍കിയത്.

അബദ്ധം സംഭവിച്ച ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്നു വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെണ്‍കുഞ്ഞിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചു. കുഞ്ഞിനെ മുലയൂട്ടാന്‍ വിസമ്മതിച്ച ഇവര്‍ ഡിഎന്‍എ പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി ആശുപത്രി അധികൃതര്‍ കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. ആണ്‍കുഞ്ഞിന്റെ രക്തം ബി പോസിറ്റീവും പെണ്‍കുഞ്ഞിന്റേത് എ പോസിറ്റീവും ആണെന്നു കണ്ടെത്തി. പെണ്‍കുഞ്ഞിന്റെ രക്തം നന്ദമ്മ–സിദ്ധപ്പ ദമ്പതികളുടെതുമായും ആണ്‍കുഞ്ഞിന്റേതു നസ്മ–ലാല്‍ മുഹമ്മദ് ദമ്പതികളുടേതുമായും യോജിക്കുന്നുവെന്നു ഡോക്ടര്‍മാരും വ്യക്തമാക്കി. എന്നാല്‍ പെണ്‍കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണു നന്ദമ്മയുടെ ബന്ധുക്കള്‍.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജില്ലാ ആശുപത്രി സര്‍ജന്‍ ഡോ. ജോഷിയും കലബുറഗി എസ്പി ശശികുമാറും ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഡിഎന്‍എ പരിശോധന വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ഇവര്‍ കുഞ്ഞിനെ കൈമാറ്റം ചെയ്തതില്‍ ഗൂഢാലോചന ഉണ്ടെന്നാരോപിച്ചു പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇവരുടെ ആവശ്യപ്രകാരം രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കുംവരെ കുഞ്ഞിനെ പരിപാലിക്കാനും മുലയൂട്ടാനും നിര്‍ദേശിച്ചെങ്കിലും നന്ദമ്മ ഇതിനും വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണു കുഞ്ഞിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.