ഉത്തര്‍പ്രദേശ്: ആശുപത്രിയില്‍ നിന്ന് ചോരക്കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് അച്ഛനോടുള്ള ദേഷ്യം മൂലമെന്ന് പൊലീസ് പിടിയിലായ സഹോദരിമാര്‍. അച്ഛന്‍ മറ്റൊരു വിവാഹം ചെയ്യുന്നത് തടയാനാണ്‌ സഹോദരിമാര്‍ ഇങ്ങനൊരു കൃത്യം നടത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി.

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്നാണ് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത്. സംഭവം പത്രങ്ങളില്‍ വാര്‍ത്തയാവുകയും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും ചെയ്തതോടെ മൂന്ന് ദിവസത്തിനു ശേഷം കുഞ്ഞിനെ ഇവര്‍ റോഡരികില്‍ ഉപേക്ഷിച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പൊലീസ് സ്റ്റേഷനിലെത്തിക്കണമെന്നും എഴുതിയ ഒരു കുറിപ്പും കുഞ്ഞിനടുത്ത് വച്ചു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് സഹോദരിമാരെ പൊലീസ് തിരിച്ചറിഞ്ഞത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നതും പൊലീസിന് സഹായകമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സഹോദരിമാർ പറയുന്നതിങ്ങനെ: രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചുപോയി. ഇതോടെ അമ്മ വിഷാദ രോഗിയായി മാറി. ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് വേറൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും അച്ഛനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തത്.

ഒരാണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് ഏതെങ്കിലും കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. നിയമപരമായ നൂലാമാലകളും ലഭിക്കാവുന്ന ശിക്ഷയും കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ സഹോദരിമാര്‍ പദ്ധതിയിട്ടത്.

സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ ശിവാനി ഭര്‍ത്താവിനൊപ്പം മഥുരയിലാണ് താമസം. ബിരുദ വിദ്യാര്‍ഥിനിയായ പ്രിയങ്കയും വിവാഹിതയാണ്.