ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഋഷി സുനക് മന്ത്രിസഭയുടെ ബജറ്റ് ഇതിനോടകം തന്നെ വലിയ ചർച്ചകൾക്കാണ് തിരി തെളിയിച്ചിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട തൊഴിൽ രഹിതരായ ആളുകളെ തിരികെ ജോലിയിൽ പ്രവേശിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പ്ലാൻ ബജറ്റിൽ നന്നേ കുറവാണെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന വാദം. ഈ മാറ്റങ്ങൾ 110,000 പേരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു, കഴിഞ്ഞ രണ്ട് വർഷമായി ജോലി ഉപേക്ഷിച്ചവരുടെ എണ്ണം വളരെ വലുതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്ക്കൽ സ്റ്റഡീസ് പറഞ്ഞു. പെൻഷനുകളുടെ നികുതി ഇളവുകളും വിപുലീകരിച്ച സൗജന്യ ശിശു സംരക്ഷണവും വഴി തൊഴിൽ വിതരണം വർദ്ധിപ്പിക്കുന്നതിന് സർക്കാർ കോടികൾ ചെലവഴിക്കാനാണ് പദ്ധതി.
സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം ഉയർത്താനും പദ്ധതികൾ സഹായിക്കുമെന്നും അതിനായുള്ള പരിശ്രമങ്ങളാണ് ഇതെല്ലാമെന്നും അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് പ്രതിവർഷം 7 ബില്യൺ പൗണ്ട് ചെലവ് വരുമെന്നും 110,000 തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും ഗവൺമെന്റിന്റെ പ്രതിനിധികൾ കണക്കാക്കിയതായി ഐഎഫ്‌എസ് ഡയറക്ടർ പോൾ ജോൺസൺ പറഞ്ഞു. ‘അതായത് ഒരു ജോലിക്ക് ഏകദേശം 70,000 പൗണ്ട് എന്ന നിലയിലാണ് കണക്ക് കൂട്ടിയിരിക്കുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് തൊഴിൽ ചെയ്യാൻ പ്രായമായ ആളുകളിൽ നാലിലൊന്ന് പേർക്ക് തൊഴിൽ ഇല്ല എന്നുള്ളതാണ് സത്യം’- പോൾ ജോൺസൻ കൂട്ടിച്ചേർത്തു.
അതേസമയം, കൂടുതൽ കാലം ജോലി ചെയ്യാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത് സാമ്പത്തികമായ വളർച്ച വർദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമാണെന്നും ചാൻസലർ ജെറമി ഹണ്ടിന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തെ ബാക്ക് ടു വർക്ക് ബജറ്റ് എന്നാണ് വിളിക്കുന്നതെന്നും സാമ്പത്തിക നിരീക്ഷകർ പറയുന്നു. ‘രാജ്യത്തുള്ള എല്ലാവർക്കും തൊഴിൽ, സാമ്പത്തികമായ സ്ഥിരത, ഉയർന്ന ജീവിത നിലവാരം എന്നിവയാണ് ഈ ബജറ്റിലൂടെ മുൻപോട്ട് വച്ചിരിക്കുന്നത്. ഒമ്പത് മാസം മുതൽ രണ്ട് വയസ്സ് വരെ പ്രായമുള്ള രക്ഷിതാക്കൾക്ക് 30 മണിക്കൂർ സൗജന്യ ശിശു സംരക്ഷണം നീട്ടി നൽകുന്നത് തന്നെ രാജ്യത്തിന്റെ മുന്നോട്ടുള്ള വളർച്ചയെ മുന്നിൽ കണ്ടാണെന്ന്’- ഓഫീസ് ഫോർ ബജറ്റ് റെസ്‌പോൺസിബിലിറ്റി അറിയിച്ചു.
Leave a Reply