നാല്‍പത് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭൂമിയുടെ ആധിപത്യത്തിലേക്ക് മനുഷ്യനെ നയിച്ച ഒരു പരോക്ഷയുദ്ധമുണ്ട്. നമ്മുടെ ‘കസിന്‍സ്സു’മായി നടന്ന അതിജീവനത്തിന്‍റെ ഒരു യുദ്ധം! അതില്‍ അവര്‍ പരാജയപ്പെടുകയും നമ്മള്‍ ഹോമോ സാപ്പിയന്‍സ് വിജയിക്കുകയും ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ നിയാണ്ടർത്താലുകളുടെ അന്ത്യത്തിന് കാരണമായത് ഹോമോ സാപ്പിയൻ‌സ് അല്ല, അവരുടെ നിര്‍ഭാഗ്യമാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ് നരവംശ ശാസ്ത്രജ്ഞർ.

ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം ആയിരക്കണക്കിന് തലമുറകള്‍ കൊണ്ടു സംഭവിച്ചതാണ്. ഇതില്‍ ഒരുഘട്ടത്തില്‍ ലോകത്തിന്‍റെ ഗതിയെതന്നെ നിര്‍ണയിച്ച ഒരു സഹവര്‍ത്തിത്വം (co-existence) നടന്നിരുന്നു എന്നാണ് അനുമാനം. നിയാണ്ടര്‍ത്താല്‍, ഡെനിസോവന്‍ എന്നീ ഹോമിനുകളുമായി ഹോമോസാപ്പിയന്‍സ് ഏതാണ്ട് അയ്യായിരം വര്‍ഷത്തോളം സഹവര്‍ത്തിച്ചിരുന്നു. ആര് ഭൂമി അടക്കിവാഴും എന്ന് നിര്‍ണ്ണയിച്ച നാളുകളായിരുന്നു അത്. അക്കാലത്ത് ഹോമോസാപ്പിയന്‍സുമായി കിടപിടിക്കത്തക്ക അംഗബലം നിയാണ്ടർത്താലുകള്‍ക്ക് ഉണ്ടായിരുന്നില്ല.

ആധുനിക മനുഷ്യർ യൂറോപ്പിലും സമീപ കിഴക്കിലും എത്തുമ്പോൾ നിയാണ്ടർത്താല്‍ വംശത്തിന്‍റെ ജനസംഖ്യ വളരെ കുറവായിരുന്നു. ജനനനിരക്കില്‍ വന്ന സ്വാഭാവിക വ്യതിയാനങ്ങളും, മരണനിരക്ക് ഉയര്‍ന്നതും, ലിംഗാനുപാതത്തില്‍ വലിയ വിടവുണ്ടായതും നിയാണ്ടർത്താലുകള്‍ക്ക് വിനയായി എന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിലര്‍ വാദിക്കുന്നത് പോലെ യൂറോപ്പിലെത്തിയ ആദ്യത്തെ ആധുനിക മനുഷ്യർ നിയാണ്ടർത്താലുകളേക്കാൾ കേമന്മാര്‍ ആയിരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഹോമോ സാപ്പിയൻസ് യൂറോപ്പിലേക്കും നിയാണ്ടർത്താലുകൾ താമസിച്ചിരുന്ന കിഴക്കോട്ടും ഇരച്ചുകയറി പതിയെ അധീശത്വം സ്ഥാപിച്ചു എന്നൊരു അടിസ്ഥാന കഥയുണ്ട്. ‘എന്നാല്‍ നിയാണ്ടർത്താലുകൾക്ക് വംശനാശം സംഭവിക്കാൻ ആധുനിക മനുഷ്യന്‍ ഒരു കാരണമേ അല്ലായിരുന്നുവെന്നും, അവരുടെ നിര്‍ഭാഗ്യമാണ് കാരണമെന്നും’ ഐൻഡ്‌ഹോവൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ ക്രിസ്റ്റ് വാസൻ പറഞ്ഞു.

ഏകദേശം 40,000 വർഷങ്ങൾക്ക് മുമ്പ് നിയാണ്ടർത്താലുകള്‍ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമായി ഇല്ലാതായി എന്നും, അതിനും 20,000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യര്‍ ആഫ്രിക്കയിൽ നിന്ന് കുടിയേറിത്തുടങ്ങിയെന്നും ശാസ്ത്രജ്ഞർ പൊതുവേ അംഗീകരിക്കുന്ന വസ്തുതയാണ്. എന്നാല്‍ എന്തുകൊണ്ടാണ് നിയാണ്ടര്‍ത്താലുകള്‍ ഉന്മൂലനം ചെയ്യപ്പെട്ടതെന്നും, അവരുടെ നാശത്തിന് നേരിട്ടോ പരോക്ഷമായോ ഹോമോ സാപ്പിയന്‍സ് കാരണമായിട്ടുണ്ടോ എന്നും ഇക്കാലമത്രയും തെളിയിക്കപ്പെട്ടിട്ടില്ല.

നരവംശശാസ്‌ത്രം മുന്നോട്ടുവയ്ക്കുന്ന ഒരു ഉത്തരമിതാണ്; നിയാണ്ടര്‍ത്താലുകള്‍ ഒറ്റയടിക്ക് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെട്ടതല്ല. ശരാശരി കേവലം നാല്‍പതുവര്‍ഷം മാത്രം ആയുസുണ്ടായിരുന്ന നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ ഹോമോ സാപ്പിയനില്‍ ലയിച്ചുചേര്‍ന്നു ഇല്ലാതാവുകയായിരുന്നു. അങ്ങനെ നാല്‍പതിനായിരം വര്‍ഷങ്ങള്‍ മുന്‍പ് അവസാന നിയാണ്ടര്‍ത്താലും ഭൂമുഖത്തുനിന്നു വേരറ്റുപോയി. എന്നാലിന്നു പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മറ്റൊരു കാരണം കാലാവസ്ഥാമാറ്റത്തോടു അവര്‍ക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്. ഈ വാദങ്ങളെയെല്ലാം ആസ്ഥാനത്താക്കുന്ന നിഗമനങ്ങളിലാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.