ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജെയിംസ് ക്ലെവർലിയെ പുറത്താക്കി റോബർട്ട് ജെൻറിക്കും കെമി ബേഡ്നോക്കും കൺസർവേറ്റീവ് നേതൃത്വ മത്സരത്തിൻ്റെ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന പാർട്ടി സമ്മേളനത്തിൽ മികച്ച സ്വീകാര്യത നേടിയ പ്രസംഗം നടത്തുകയും, ചൊവ്വാഴ്ച നടന്ന മൂന്നാം റൗണ്ട് തെരഞ്ഞെടുപ്പിൽ എംപിമാരുടെ ബാലറ്റിൽ ഒന്നാമതെത്തുകയും ചെയ്തതിന് ശേഷമുള്ള ക്ലെവർലിയുടെ പുറത്താകൽ എല്ലാവരും അവിശ്വസനീയതയോടെയാണ് കേട്ടത്. നാലാം റൗണ്ടിൽ ബേഡ്നോക്കിന് 42 വോട്ടും, ജെൻറിക്കിന് 41 വോട്ടും ലഭിച്ചപ്പോൾ, ക്ലെവർലിക്ക് 37 വോട്ടുകളാണ് ലഭിച്ചത്. അവസാന ലാപ്പിൽ എത്തിയിരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്ക് ഇനി കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ ആയിരിക്കും വോട്ട് ചെയ്യുക. അന്തിമഫലം നവംബർ 2 ന് ലഭ്യമാകും. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ, തന്നെ പിന്തുണച്ചവർക്കുള്ള നന്ദി ക്ലെവർലി അറിയിച്ചു. നമ്മൾ എല്ലാവരും കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണെന്നും, ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന വിനാശകരമായ ലേബർ സർക്കാരിനെ എതിരിടുവാൻ കൺസർവേറ്റീവ് പാർട്ടി ഒരുമിച്ച് നിൽക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. അവസാന റൗണ്ടിലെത്തിയ മറ്റ് രണ്ട് സ്ഥാനാർത്ഥികളും ക്ലെവർലിയുടെ പോരാട്ടത്തെ അഭിനന്ദിച്ചു. ക്ലെവർലിയുടെ പ്രചാരണം പുത്തൻ ആശയങ്ങളും ശുഭാപ്തിവിശ്വാസവും നിറഞ്ഞതായിരുന്നുവെന്നും, അദ്ദേഹത്തോടൊപ്പം തുടർന്നും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് ബേഡ്നോക്ക് മാധ്യമങ്ങളോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉജ്ജ്വലമായ പോരാട്ട ക്യാമ്പയിനായിരുന്നു ക്ലെവർലിയുടേതെന്ന് ജെൻറിക്കും വ്യക്തമാക്കി. നിസ്സാരമായ വിഷയങ്ങൾക്ക് പുറകെ പോകാതെ, സമ്പദ്‌വ്യവസ്ഥ, എൻഎച്ച്എസ്, കുടിയേറ്റം തുടങ്ങിയ മുഖ്യ വിഷയങ്ങളിൽ പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ജെൻറിക്ക് അഭിപ്രായപ്പെട്ടു. മുൻ ബിസിനസ് സെക്രട്ടറിയായ ബേഡ്നോക്കും മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ജെൻറിക്കും പാർട്ടിയിലെ തന്നെ വലതുപക്ഷ ചായ്വ്വുള്ളവർക്ക് പ്രിയപ്പെട്ടവരാണെന്നാണ് വിലയിരുത്തൽ. മത്സരത്തിലെ അന്തിമ വിജയി ഋഷി സുനക്കിന് പകരം കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും. ഈ വർഷമാദ്യം പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പിൽ പരാജയത്തിനു പിന്നാലെ സുനക് രാജി പ്രഖ്യാപിച്ചിരുന്നു.