ന്യൂസ് ഡെസ്ക്, മലയാളം യുകെ
വിമാനമിറങ്ങി ലഗേജിനായി കാത്തിരിക്കുമ്പോൾ സ്വന്തം ബാഗ് കണ്ടെത്തുന്നത് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. നൂറുകണക്കിന് യാത്രക്കാരുടെ ലഗേജുകൾ ബാഗേജ് ബെൽറ്റ് കൺവെയറിലൂടെ കടന്നു പോകുമ്പോൾ ഏതാണ് തങ്ങളുടേതെന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഒരേ രീതിയിലുള്ള ഒട്ടനവധി ബാഗുകൾ ഉള്ളതാണ് ഇതിന് പ്രധാന കാരണം.
എയർപോർട്ടിൽ ലഗേജ് കണ്ടെത്താൻ മലയാളികൾ ഉൾപ്പെടെയുള്ളവർ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം തിരിച്ചറിയാൻ ബാഗുകളിൽ റിബണുകൾ കെട്ടുക എന്നതാണ്. എന്നാൽ ബാഗുകളിൽ റിബണുകൾ കെട്ടുന്നത് ചിലപ്പോൾ സങ്കീർണ്ണത സൃഷ്ടിച്ചേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബാഗുകളിൽ കെട്ടുന്ന റിബണുകൾ സ്കാനർ മിഷനുകളിൽ അസ്വാഭാവികത കാണിക്കുന്നതു മൂലം മാനുവലായി പരിശോധനയിൽ കലാശിക്കുന്നതിനും ഫ്ലൈറ്റുകൾ നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. ഇത്തരം കാര്യങ്ങൾ ഉൾപ്പെടെ മാറിവരുന്ന ലഗേജ് നിയമങ്ങളെ കുറിച്ച് പല യാത്രക്കാരും ബോധവാന്മാരല്ലെന്നാണ് ഒരു ബാഗേജ് അസിസ്റ്റൻറ് പറഞ്ഞു.
ലഗേജ് എടുക്കാൻ നിൽക്കുമ്പോൾ എല്ലാവർക്കും തോന്നുന്നത് ഈ വരുന്ന ബാഗുകൾ എല്ലാം തന്റേതു പോലെയുള്ളവയാണല്ലോ എന്നതാണ്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാനാണ് റിബണുകൾ പലപ്പോഴും ലഗേജിൽ കെട്ടുന്നത്. ഇതിനു പകരം പേര് എഴുതിയ നെയിം സ്റ്റിക്കറുകൾ ലഗേജിൽ പതിപ്പിക്കുന്നത് നല്ലൊരു മാർഗ്ഗമാണ്. ജിപിഎസ് സംവിധാനമുള്ള ലഗേജ് ട്രാക്കർ വരെ ഇന്ന് ഓൺലൈനിൽ ലഭ്യമാണ്. എന്നാൽ ചെന്നെത്തുന്ന എയർപോർട്ടിൽ നിങ്ങളുടെ മൊബൈലിൽ ഇന്റർനെറ്റ് സംവിധാനം ലഭ്യമല്ലെങ്കിൽ ഇത് വീണ്ടും സങ്കീർണ്ണത സൃഷ്ടിക്കും.
Leave a Reply