ന്യൂസ് ഡെസ്ക് മലയാളം യുകെ
ലക്ഷങ്ങൾ ഏജൻസിക്ക് നൽകി സ്വപ്നഭൂമിയായ യുകെയിലെത്തി ജോലിയും കൂലിയും ഇല്ലാതെ ഇരിക്കുക. അടുത്തിടെയായി ഒട്ടേറെ മലയാളി നേഴ്സുമാരാണ് ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുന്നത്. കേരളത്തിൽ ഇരുന്ന് തട്ടിപ്പിന് കുടപിടിക്കുന്ന ഏജൻസികൾ ഇത്തരം സാഹചര്യത്തിൽ യാതൊരു പരുക്കും പറ്റാതെ രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ പാവപ്പെട്ട നേഴ്സുമാരുടെ ചോരയൂറ്റുന്ന ഏജൻസികൾക്കെതിരെയുള്ള പോരാട്ടം ബ്രിട്ടീഷ് പാർലമെൻറ് വരെ എത്തിച്ചിരിക്കുകയാണ് കേംബ്രിഡ്ജിന്റെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി മേയറും മലയാളിയുമായ ബൈജു വർക്കി തിട്ടാല.
നേഴ്സിങ് തട്ടിപ്പിനോട് അനുബന്ധിച്ച് ക്രിമിനൽ അഭിഭാഷകൻ കൂടിയായ ബൈജു വർക്കി തിട്ടാല ഒട്ടേറെ കേസുകൾ കേരളത്തിലും ഫയൽ ചെയ്തിരുന്നു. കൊച്ചിയിലെ റിക്രൂട്ട്മെൻറ് ഏജൻസി ആയ അഫിനിക്സ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട് നാനൂറിലധികം നേഴ്സുമാരാണ് പരാതിയുമായി രംഗത്ത് വന്നത്. ഈ കേസുകളിലൊക്കെ സാമ്പത്തിക ഇടപാടുകൾ കേരളത്തിൽ വച്ച് നടക്കുന്നതുകൊണ്ട് യുകെ ഗവൺമെന്റിന് ഈ കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന് പരിമിതി ഉണ്ടെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. നിയമപരമായ നടപടി എടുക്കാവുന്ന തട്ടിപ്പ് കേസുകൾ കേന്ദ്ര, കേരള സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ്. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിൽ നേഴ്സുമാരുടെ പ്രശ്നങ്ങളും ഏജൻസികളുടെ തട്ടിപ്പിന്റെ കൊടുംക്രൂരതയും എത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. കേംബ്രിഡ്ജിലെ എംപിയും ഷാഡോ മിനിസ്റ്ററും സുഹൃത്തുമായ ഡാനിയൽ സെയ്ച്നറിനെ കൊണ്ട് പ്രസ്തുത വിഷയം പാർലമെന്റിൽ ചോദ്യരൂപേണ ഉന്നയിക്കുന്നതിന് പുറകിൽ പ്രവർത്തിച്ചത്ബൈജു വർക്കി തിട്ടാലയാണ്. ഒപ്പം ഏജൻസികളുടെ തട്ടിപ്പുകൾക്കെതിരെ പടപൊരുതുന്ന യുകെ മലയാളിയായ അനീഷ് എബ്രഹാമിനെ പോലുള്ളവരുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ബ്രിട്ടീഷ് സർക്കാർ പ്രസ്തുത വിഷയത്തെ വളരെ ഗൗരവമായി കാണുന്നു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പല ഏജൻസികളെയും സസ്പെൻഡ് ചെയ്തതായും ആണ് പാർലമെന്റിൽ മറുപടി ലഭിച്ചത്. ഈ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് ഇനി വീടും കൂടും വിറ്റ് തട്ടിപ്പുകാർക്ക് 20 ലക്ഷം വരെ കൊടുക്കാൻ തയ്യാറായി നിൽക്കുന്നവർ ഈ വാർത്തയെ ഗൗരവകരമായി കാണണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അതോടൊപ്പം ബ്രിട്ടീഷ് സർക്കാരിൻറെ നീക്കം ഏത് വിധേയനെയും സാമ്പത്തിക ലാഭം മാത്രം നോക്കി തട്ടിപ്പ് നടത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഏജൻസികൾക്ക് ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ തട്ടിപ്പ് , തൊഴിലിടത്തെ വിവേചനങ്ങൾ ,വാടക സ്ഥലത്തെ ചൂഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങളാണ് പുതിയതായി യുകെയിലെത്തുന്ന മലയാളികൾ അഭിമുഖീകരിക്കുന്നത്. ഇതിനെതിരെ പോരാടാനാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ഗ്രേറ്റ് ബ്രിട്ടൻ (ഐഡബ്ല്യു യു ജി ബി )എന്ന പേരിൽ ഒരു പുതിയ സംഘടനയ്ക്ക് രൂപം കൊടുത്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ബൈജുവിനൊപ്പം അഡ്വ. ജിയോ സെബാസ്റ്റ്യൻ, അഡ്വ. ഷിന്റോ പൗലോസ്, ബിജു ആന്റണി എന്നീ യുകെ മലയാളികളാണ് ഇതിൻറെ മുൻനിരയിലുള്ളത്. നിലവിൽ ഐ ഡബ്ലിയു യു ജി ബി എല്ലാമാസവും മേൽപ്പറഞ്ഞ പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമം ഉപദേശം കൊടുക്കുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ഭാവിയിൽ ഐഡബ്ല്യു യു ജിബി യെ ബ്രിട്ടനിലെ ട്രേഡ് യൂണിയനുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
യുകെയിലെത്തുന്ന മലയാളി നേഴ്സുമാർക്ക് തങ്ങളുടെ തൊഴിൽ രംഗത്ത് നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു വർക്കി തിട്ടാല നടത്തിയ പ്രവർത്തനങ്ങൾ നേരത്തെ തന്നെ ശ്രദ്ധേയമായിരുന്നു. സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള 2022 -ലെ മലയാളം യുകെ ന്യൂസിൻെറ അവാർഡ് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ് നൽകിയത് . യൂറോപ്യൻ യൂണിയന് വെളിയിലുള്ള നഴ്സുമാർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭാഷാപരിജ്ഞാന നിബന്ധനകൾ മൂലം മലയാളികളായ നിരവധി നഴ്സുമാർക്ക് അർഹിക്കുന്ന ജോലിയും തൊഴിൽ പരമായ ഉയർച്ചയും പലപ്പോഴും തടയപ്പെട്ടിരുന്നു. ഇതിനെതിരെ യുകെയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച ബൈജു വർക്കി തിട്ടാല പ്രാദേശിക എം പി മാരുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ ക്യാമ്പെയിനുകളിലും നിറ സാന്നിധ്യമായിരുന്നു . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഏർപ്പെടുത്തിയിരുന്ന പല കടുത്ത നിബന്ധനകളും പിൻവലിക്കുകയുണ്ടായി. സാമൂഹിക നീതിയും സമത്വവും ഉറപ്പാക്കുന്നതിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന് ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു
Leave a Reply