ബിനോയി ജോസഫ്
എൻഎംസിയിൽ രജിസ്ട്രേഷൻ ലഭിക്കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ കാലാനുസൃതവും മാനുഷിക പരിഗണനയോടെയുമുള്ള മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബൈജു വർക്കി തിട്ടാല നടത്തുന്ന നിർണായകമായ നീക്കത്തിന്റെ ആദ്യഘട്ടത്തിന് വിജയത്തുടക്കം. എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേംബ്രിഡ്ജ് സിറ്റി കൗൺസിലിൽ സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, കൗൺസിലർ ബൈജു തിട്ടാല ഇന്ന് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന പാസാക്കപ്പെടുകയും ചെയ്തു. പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച ബൈജു വർക്കി തിട്ടാല, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം സംബന്ധിച്ച് ഹെൽത്ത് കെയർ സെക്ടറിൽ തുടരുന്ന വിവേചനത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഉന്നയിച്ചത്. ഇക്കാര്യത്തിൽ എൻഎംസിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും കേംബ്രിഡ്ജ് സിറ്റി കൗൺസിൽ അതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു മുതൽ 15 വർഷം വരെ യുകെയിലെ ഹെൽത്ത് കെയർ മേഖലയിൽ പരിചയ സമ്പത്തുള്ള ആയിരക്കണക്കിന് മലയാളി നഴ്സുമാർ ഇപ്പോഴും ഐഇഎൽടിഎസ് കടമ്പ പാസാകാതെ കെയറർമാരായി ജോലി ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് പൗണ്ടുകൾ ചെലവഴിച്ച് യുകെയിലേയ്ക്കുള്ള വിസ തരപ്പെടുത്തി എത്തിയ ഇവർക്ക് ഒരു രജിസ്റ്റേർഡ് നഴ്സ് എന്ന സ്വപ്നം ഇന്നും അതിവിദൂരത്താണ്. നിലവിൽ, ഐഇഎൽ ടിഎസിന് സ്കോർ 7 ലഭിച്ചവർക്കു മാത്രമേ എൻഎംസി രജിസ്ട്രേഷൻ ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ പ്രായോഗികതലത്തിലുള്ള തീരുമാനമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് എൻഎംസിയെ സമീപിക്കുന്നതിനായി ബൈജു തിട്ടാലയുടെ നേതൃത്വത്തിൽ യുകെയിലുള്ള നഴ്സുമാരുടെ പിന്തുണയോടെ പ്രവർത്തന പരിപാടികൾ ആരംഭിക്കുകയായിരുന്നു. ഇതിനായി, നിരവധി തവണ ഐഇഎൽടിഎസും ഒ ഇ ടി യും എഴുതിയ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കുകയും അവയുടെ അടിസ്ഥാനത്തിൽ എൻഎംസിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുകയുമായിരുന്നു.
ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ച കൗൺസിലർ കാർല മക്യൂൻ, ഓവർസീസ് നഴ്സുമാർ ബ്രിട്ടീഷ് ഹെൽത്ത് സെക്ടറിന് നല്കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. നഴ്സിംഗ് സ്റ്റുഡൻറായി അഡ്മിഷൻ കിട്ടാൻ വേണ്ട ജിസിഎസ്ഇ യോഗ്യത ഐഇഎൽടിഎസ് സ്കോർ 6 ന് തുല്യമാണെന്നിരിക്കേ, വിദേശ നഴ്സുമാർക്ക് അതിലും ഉയർന്ന പ്രാവീണ്യം വേണമെന്ന മാനദണ്ഡം അംഗീകരിക്കാനാവുന്നതല്ലെന്ന് കൗൺസിലർ നിക്കി മെസി പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരിശോധനയിൽ നിലവിലുള്ള വിവേചനം അവസാനിപ്പിക്കാൻ എൻഎംസി അടിയന്തിര ഇടപെടൽ നടത്തണമെന്ന് ലീഡ് കൗൺസിലർ ലൂയിസ് ഹെർബേട്ട് ആവശ്യപ്പെട്ടു. പ്രമേയം വോട്ടിനിട്ടപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും പൂർണ പിന്തുണ നല്കുകയും ഏകകണ്ഠമായി പാസാകുകയും ചെയ്തു.
ബൈജു വർക്കി തിട്ടാല അവതരിപ്പിച്ച പ്രമേയത്തിന്റെ പ്രമേയത്തിന്റെ സംക്ഷിപ്ത രൂപം.
യുകെയിലെ മറ്റു നഗരങ്ങൾക്കൊപ്പം തന്നെ കേംബ്രിഡ്ജിലും എൻഎച്ച്എസിൽ ട്രെയിൻഡ് നഴ്സുമാരെയും നഴ്സിംഗ് സ്റ്റാഫിനെയും, തദ്ദേശീയമായി കെയർ സ്റ്റാഫിനെയും വേണ്ടത്ര ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇവർക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡം അവരുടെ ജോലിയ്ക്ക് ആവശ്യമായതിലും വളരെ ഉയർന്ന നിലയിൽ നിശ്ചയിച്ചിരിക്കുന്നതുമൂലം റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓവർസീസ് സ്റ്റാഫിനും നിലവിൽ യുകെയിൽ തന്നെയുള്ള ഉദ്യോഗാർത്ഥികൾക്കും നിശ്ചയിച്ചിട്ടുള്ള അപര്യാപ്തമായ ഇംഗ്ലീഷ് സപ്ലിമെന്ററി പരിശീലന പരിപാടിയും കാര്യങ്ങൾ വഷളാക്കുന്നു.
കേംബ്രിഡ്ജ് സിറ്റി കൗൺസിൽ, താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിര വിഷയമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ഇടപെടാൻ കൗൺസിൽ ലീഡറോട് പ്രമേയം വഴി നിർദ്ദേശിച്ചു.
1. എൻ എം സി നിശ്ചയിച്ചിരിക്കുന്ന ഇംഗ്ലീഷ് മാനദണ്ഡമായ ഐഇഎൽടിഎസ് സ്കോർ 7 എന്നത് 6.5 ലേയ്ക്ക് കുറയ്ക്കുന്നതിനായി കൺസൾട്ടേഷൻ പ്രഖ്യാപിക്കുക. യുകെയിൽ സെറ്റിൽ ആയതും യുകെയിലെ ഹെൽത്ത് സെക്ടറിൽ നാലു വർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരെ പുതിയ മാനദണ്ഡത്തിന്റെ കീഴിൽ കൊണ്ടുവരിക.
2. റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താനും ഇംഗ്ലീഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ മാനദണ്ഡങ്ങൾ മൂലമുള്ള തടസങ്ങൾ മാറ്റിക്കിട്ടാനും എൻഎംസി നടപടിയെടുക്കുക.
3. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എൻ എച്ച് എസ് ട്രസ്റ്റിന്റെ ഓവർസീസ് റിക്രൂട്ട്മെൻറ് പോളിസി റിവ്യൂ ചെയ്യുകയും ഉയർന്ന ഇംഗ്ലീഷ് നിലവാരം കൈവരിക്കാൻ പ്രാപ്തിയുള്ള സ്റ്റാഫിന് അതിനായി അവസരമൊരുക്കുകയും ചെയ്യുക.
4. എൻഎച്ച്എസിലെയും കേംബ്രിഡ്ജിലെയും സ്റ്റാഫ് ഷോർട്ടേജ് പരിഹരിക്കുന്നതിനായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ഹെൽത്ത്, ഗവൺമെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടണം.
കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ പ്രമേയം, ഐഇഎൽടിഎസ് സ്കോർ നേടാനാവാത്തതിനാൽ രജിസ്ട്രേഷൻ ലഭിക്കാതെ മറ്റു ജോലികളിൽ ഏർപ്പെടേണ്ടി വരുന്ന നഴ്സുമാരുടെ കാര്യത്തിൽ പ്രതികരിക്കാൻ എൻഎംസിയെ നിർബന്ധിതമാക്കും.
Leave a Reply