നീണ്ട 90 വർഷങ്ങളുടെ പ്രാർത്ഥനകൾക്കും കാത്തിരിപ്പുകൾക്കും ഒടുവിൽ ആണ് ഇബ്രാഹിം നബിക്ക് ഇസ്മായിൽ എന്ന കുഞ്ഞ് പിറക്കുന്നത്. അടിമ വൃത്തി ചെയ്ത് ജീവിച്ചിരുന്ന ഹാജറ എന്ന സ്ത്രീയിലാണ് ഇബ്രാഹിം നബിക്ക് കുഞ്ഞ് ജനിച്ചത്. അല്ലാഹുവിനെ അങ്ങേയറ്റം സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്ത മാതാപിതാക്കൾക്ക് പക്ഷേ അധികം സന്തോഷിക്കാൻ ആയില്ല. ദിവസങ്ങളോളം മരുഭൂമികൾ താണ്ടി എത്തിപ്പെടേണ്ട വിജന പ്രദേശമായ മക്കയിൽ കുട്ടിയെയും ഉമ്മയേയും വിട്ടേച്ചു പോരാൻ അല്ലാഹുവിന്റെ കല്പന വരുന്നു. കല്പനപോലെ ഇബ്രാഹിം നബി കുഞ്ഞിനെയും സഹധർമ്മിണിയെയും കൂട്ടി മക്കയിലെത്തി. മൊട്ടക്കുന്നുകളും കൂറ്റൻ പാറക്കല്ലുകളും മാത്രമുള്ള മക്കയിൽ ഒരിറ്റു വെള്ളം പോലും ലഭ്യമല്ല. ആരാരും ആ വഴിക്ക് വരുമെന്ന് പ്രതീക്ഷയുമില്ല. അല്ലാഹുവിന്റെ കാവലിൽ ഭാര്യയെയും മകളെയും അവിടെ വിട്ടിട്ട് ഇബ്രാഹിം നബി മക്കയിൽനിന്ന് തിരിച്ചുപോയി.

 

ദാഹിച്ചുവലഞ്ഞ കുട്ടിക്ക് ഒരിറ്റു വെള്ളത്തിന് വേണ്ടി സഫാ മർവ്വ കുന്നുകൾക്കിടയിൽ ഹാജറ പരക്കം പാഞ്ഞു. രണ്ട് കുന്നുകൾക്കിടയിലും മാറിമാറി പലപ്രാവശ്യം നോക്കി. പക്ഷേ ഒരു ഫലവും ഇല്ലായിരുന്നു. കാലിട്ടടിച്ച ഇസ്മായിൽ എന്ന പിഞ്ചോമനയുടെ കാലിൽ തട്ടിയ ഭാഗത്തു നിന്നും വെള്ളം പൊട്ടിയൊഴുകി. അതാണ് സംസം. വറ്റാത്ത ഉറവ ഇപ്പോഴും ജനകോടികളുടെ ദാഹമകറ്റുന്നു. ഏഴുവർഷത്തിനുശേഷം ഹാജറയേയും കുഞ്ഞിനെയും കാണാൻ ഇബ്രാഹിം മക്കയിലെത്തി. ഏഴു വയസ്സായ കുഞ്ഞിനെ കണ്ട് ഇബ്രാഹിം നബിക്ക് സന്തോഷമായി. എന്നാൽ അധികനാൾ സന്തോഷമായിരിക്കാൻ ആയില്ല, വീണ്ടും അല്ലാഹുവിന്റെ പരീക്ഷണം വരുന്നു കുട്ടിയെ ബലികൊടുക്കാൻ. ഇബ്രാഹിം നബി കുലുങ്ങിയില്ല. മറിച്ച് കത്തി കയ്യിൽ കരുതി കുട്ടിയെയും കൂട്ടി ആ പ്രവാചകൻ നടന്നു. കാര്യം മകനെ ബോധ്യപ്പെടുത്തിയപ്പോൾ മകനും സമ്മതം. അല്ലാഹുവിന്റെ കൽപ്പന അനുസരിക്കുക തന്നെ. കുട്ടിയെ കിടത്തി കത്തി കഴുത്തിൽ വച്ചപ്പോഴാണ് ജിബ്രീൽ മാലാഖ ആടുമായി വരുന്നതും, പകരം ആടിനെ ബലികൊടുക്കാൻ പറയുന്നതും, ഇബ്രാഹിം നബി പരീക്ഷണത്തിൽ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുന്നതും .

മുസ്ലിങ്ങളുടെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ ബലിപെരുന്നാളിന്റെ ചരിത്രപശ്ചാത്തലം ആണിത്. 4000 വർഷങ്ങൾക്കു മുമ്പ് അല്ലാഹുവിന്റെ മാർഗത്തിൽ സർവവും ത്യജിക്കാൻ തയ്യാറായ ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും കഥ മുസ്ലിങ്ങൾ ഓരോ വർഷവും അനുസ്മരിക്കുന്നു. മക്കയിൽ ഹാജറയും ഇസ്മായിലും ഇബ്രാഹിമും ജീവിച്ച സ്ഥലത്ത് ലക്ഷോപലക്ഷം ജനങ്ങൾ ഒരുമിച്ചുകൂടി ഹജ്ജ് നിർവഹിക്കുന്നു.

പരീക്ഷണങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ജീവിതം അസഹനീയമാണ് എന്ന് വിധിയെഴുതി കുതറിമാറുന്നവർക്കും ജീവിതം അവസാനിപ്പിക്കുന്നവർക്കും ബലിപെരുന്നാൾ നൽകുന്ന ശക്തമായ സന്ദേശം മറക്കാനാവില്ല. ആരോരുമില്ലാത്ത മരുഭൂമിയിൽ പോയി ഒരു നഗരം പണിയാനാണ് ഹാജറയും ഭർത്താവ് ഇബ്രാഹിം നബിയും ധൈര്യം കാണിച്ചത്. അത് സമൂഹത്തിനു നൽകിയ സംഭാവനകൾ ചെറുതല്ലായിരുന്നു.

എന്നാൽ ഇത്തവണത്തെ ബലിപെരുന്നാളിന് ഒരുനാൾ ജീവൻ തുടിച്ചിരുന്ന, എന്നാൽ ഇപ്പോൾ ചോദ്യചിഹ്നമായി അവശേഷിക്കുന്ന, ഒരുപാട് നഗരങ്ങൾക്കും ഗ്രാമങ്ങൾക്കും നേരെയുള്ള സഹായഹസ്തം ആണ് വേണ്ടത്. പകലന്തിയോളം വിയർപ്പൊഴുക്കുന്ന കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കട്ടെ. സഹജീവികളോടുള്ള സ്നേഹവും സഹനവും ഉയർത്തിപ്പിടിച്ചു കൊണ്ട്, ലോകമെമ്പാടും ആഘോഷിക്കുന്ന ബലിപെരുന്നാളിനെ നമുക്ക് വരവേൽക്കാം, അതിജീവനത്തിന്റെ പാതയിൽ.


ജാഫർ സാദിക്ക് സിദ്ധീഖി
ചീഫ് ഇമാം
ഈസ്റ്റ്‌ ജുമാ മസ്ജിദ് ആലപ്പി.