വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ പ്രശസ്ത സംഗീത സംവിധായകന്‍ ബാല ഭാസ്കറിന്റെ സാമ്പത്തിക ബന്ധങ്ങള്‍ പൊലീസ് പരിശോധിക്കുന്നു. പാലക്കാടുള്ള ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌ക്കറിന് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ബാലഭാസ്‌കര്‍ നല്‍കിയ എട്ടു ലക്ഷം രൂപ ബാങ്ക് വഴി തന്നെ മടക്കി നല്‍കിയെന്നാണ് ഡോക്ടറുടെ മൊഴി. ഇതിന് ആധാരമാകുന്ന രേഖകള്‍ ഹാജരാക്കിയെന്നും പൊലീസ് വിശദമാക്കി. സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന അര്‍ജുന്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പൊലീസ് വിശദമാക്കി. അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസില്‍ പ്രതിയാണ്. എ ടി എം പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിനാണ് ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് അര്‍ജുനെതിരെ കേസുള്ളത്.
ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
അപകട സമയത്ത് അര്‍ജുന്‍ ആണ് വാഹനം ഓടിച്ചിരുന്നത് എന്നായിരുന്നു ബാലഭാസ്‌ക്കറുടെ ഭാര്യ ലക്ഷ്മിയുടെ മൊഴി. മാത്രമല്ല സാമ്പത്തിക ആവശ്യത്തിന് വേണ്ടി ബാലഭാസ്‌ക്കറെ ബോധപൂര്‍വ്വം വാഹനം ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് അച്ഛന്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ജുന്‍ വീണ്ടും വിശദീകരണവുമായി രംഗത്തെത്തിയത്.
കൊല്ലം വരെ ഞാനാണ് വണ്ടി ഓടിച്ചത്. അത് കഴിഞ്ഞ് ഒരു കടയില്‍ കയറി ഞങ്ങള്‍ രണ്ട് പേരും ജൂസ് കുടിച്ചു. അതിന് ശേഷം സീറ്റില്‍ ചെന്നു കിടന്നു. ഞാന്‍ ഉറങ്ങിപ്പോയി. ബാലുച്ചേട്ടനാണ് പിന്നെ വണ്ടി ഓടിച്ചത്. ആ സമയം ലക്ഷ്മി ഉറക്കത്തിലായിരുന്നു. പിന്നീട് ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയിലാണ്. ലക്ഷ്മി ചേച്ചിയുടെ മൊഴിയാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയത്.
അപകടത്തിന് പിന്നില്‍ താനാണെന്ന വാര്‍ത്ത എന്റെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്ക് ഇപ്പോഴും എണീറ്റ് നടുക്കാറായിട്ടില്ല. എന്റെ ഇടത് കാലിലും അരയിലും കമ്പിയിട്ടിരിക്കുകയാണ്. തലയുടെ പിറകിലും താടിയിലും പരിക്കുണ്ട്. ബാലുച്ചേട്ടനെ പതിനാല് വര്‍ഷമായി അറിയാം. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറല്ല, അന്ന് ഞാന്‍ ജോലിയുമായി ബന്ധപ്പെട്ടാണ് തിരുവനന്തപുരത്ത് പോയത്.
താന്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് പറയുന്നത്. എടിഎം മോഷ്ടിച്ച കേസുകളില്‍ ഒറ്റപ്പാലം, ചെറുതുരുത്തി സ്റ്റേഷനുകളിലാണ് തനിക്കെതിരെ കേസുളളത്. സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ല. എന്നെ അന്ന് കൂട്ടുകാര്‍ വിളിച്ചുകൊണ്ടുപോയതാണ്. അവര്‍ കുറ്റം ചെയ്തതിനെക്കുറിച്ചൊന്നും എനിക്ക് അറിയുമായിരുന്നില്ല. നാല് കൊല്ലം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോഴും കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് എന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും- അര്‍ജുന്‍ പറയുന്നു.
സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌ക്കറും മകളും വഹനാപകടത്തില്‍ കൊല്ല്‌പ്പെട്ടത്. ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Leave a Reply