നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.
2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.
പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.
കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.
‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’
‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.











Leave a Reply