കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലേ മലയോര മേഖലയായ വെള്ളരിക്കുണ്ടിന് സമീപത്തെ ബളാല്‍ എന്ന കൊച്ചു ഗ്രാമത്തിലെ മാതാവിന്റെ അത്ഭുതപ്രവൃത്തിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ലോകമെമ്പാടും പറന്നിരിക്കുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത മേരി മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും തേനും പാലും എണ്ണയും ഒഴുകുന്നു എന്ന അത്ഭുതം കേട്ട് ആയിരങ്ങളാണ് അനുഗ്രഹത്തിനായി ഈ ഗ്രാമത്തിലേക്ക് ഒഴുകുന്നത്.
ഓമന എന്ന സ്ത്രീയുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുസ്വരൂപത്തില്‍ നിന്നാണ് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത്. ധാരാളമായി ആളുകള്‍ വന്നു തുടങ്ങിയതിനെ തുടര്‍ന്ന്‍ പ്രധാന മാധ്യമങ്ങളിലും ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചതിനൊപ്പം തന്നെ വിമര്‍ശകരുടെ എണ്ണവും കൂടിയിരുന്നു. സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഇവിടെ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിച്ച് പോസ്റ്റുകള്‍ വന്നിരുന്നു. ഇത്രയും കത്തോലിക്കാ വിശ്വാസികള്‍ ഇവിടേയ്ക്ക് ഒഴുകിയിട്ടും തലശ്ശേരി അതിരൂപതയുടെ ഭാഗത്ത് നിന്നോ മറ്റ് സഭാ വക്താക്കളില്‍ നിന്നോ ഇത് സംബന്ധിച്ച് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.
സഭ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ധാരാളം പേര്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന്‍ എണ്ണ വാങ്ങിക്കൊണ്ട് പോയവരുടെ ചില വീടുകളിലും എണ്ണ വര്‍ദ്ധിച്ച് തുടങ്ങിയതോടെ കൂണ് പോലെ തീര്‍ഥാടന കേന്ദ്രങ്ങളും വര്‍ദ്ധിച്ച് തുടങ്ങി. സഭയുടെ മൗനം ഇത്തരം ആളുകള്‍ക്ക് പ്രോത്സാഹനമായി മാറിയതായി വിമര്‍ശനം ശക്തിപ്പെടുകയും ചെയ്തു,
ഇതോടെ തലശ്ശേരി അതിരൂപത തന്നെ വിഷയത്തില്‍ ഇടപെടാന്‍ ശ്രമം തുടങ്ങി. വത്തിക്കാന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇത്തരം അത്ഭുത പ്രവൃത്തിക്കള്‍ കണ്ടാല്‍ അന്വേഷിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കാന്‍ ഒരു സമിതയെ നിയോഗിക്കുകയും ചെയ്തു. എന്തായാലും ഈ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവന്നിട്ടില്ല. ഇതിനിടെയും ഓമനയുടെ വീട്ടിലേക്ക് ആയിരക്കങ്ങള്‍ ബളാല്‍ മാതാവിന്റെ അനുഗ്രഹം തേടിയെത്തി. ഒടുവില്‍ സഭാ മൗനം വെടിഞ്ഞിരിക്കുകയാണ്. തലശ്ശേരി അതിരൂപതാ ബുള്ളറ്റിനില്‍ രൂപതാ മെത്രാപ്പൊലീത്ത മാര്‍ ജോര്‍ജ്ജ് ഞറളക്കാട് എഴുതിയ ലേഖനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്.
എന്നാല്‍ മാതാവിന്റെ തിരുസ്വരൂപത്തില്‍ നിന്നും തേനും പാലും എണ്ണയും ഒഴുകുന്ന അത്ഭുതത്തെ തള്ളാനും കൊള്ളാനും തയ്യാറാകാതെയാണ് തലശ്ശേരി അതിരൂപതയുടെ വിശദീകരണം. അതേസമയം തന്നെ സംഭവത്തിലെ ആധികാരികത ഉറപ്പുവരുത്താതെ അവിടേക്കുള്ള തീര്‍ത്ഥാടനവും പരസ്യപ്രചാരണവും സഭ പ്രോത്സാഹിപ്പിക്കില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. മാതാവിന്റെ അത്ഭുതപ്രവൃത്തിയുടെ ആധികാരികത ഉറപ്പാക്കാന്‍ ദൈവം അവസരമൊരുക്കുമെന്ന പ്രതീക്ഷയും മാര്‍ ജോര്‍ജ്ജ് ഞറളിക്കാട്ട് പങ്കുവെക്കുന്നു.
ബളാളിലെ അത്ഭുതത്തെ കുറിച്ച് ഉടനടി ഒരു തീരുമാനത്തില്‍ എത്തുന്ന പാരമ്പര്യം തിരുസഭയ്ക്ക് ഇല്ലെന്നും തലശ്ശേരി രൂപതാ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. ഓമനയ്ക്കുണ്ടായ വെളിപാടും എണ്ണയൊഴുകുന്ന അത്ഭുതപ്രവൃത്തിയും സ്വകാര്യമായതിനാല്‍ അതിന്മേല്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഒരുപാട് സമയം എടുക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
(തലശ്ശേരി അതിരൂപതാ ബുള്ളറ്റിനില്‍ വന്ന വിശദീകരണത്തിന്റെ പൂര്‍ണ്ണ രൂപം ഈ വാര്‍ത്തയുടെ അടിയില്‍ കൊടുത്തിരിക്കുന്നു)
എന്താണ് ബളാലില്‍ നടന്ന അത്ഭുതം ?
തിരുസ്വരൂപത്തില്‍ നിന്നും എണ്ണ ഒഴുകുന്ന അത്ഭുത പ്രവര്‍ത്തി 2014 ഡിസംബര്‍ 2 നാണ് തുടങ്ങിയത്. ജില്ലയിലെ വെള്ളരിക്കുണ്ടിനു സമീപം ബളാല്‍ രജിസ്‌ട്രേഷന്‍ ഓഫീസിനെതിര്‍ വശത്തു താമസിക്കുന്ന ഓമന എന്നയാളുടെ വീട്ടിലെ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ തിരുസ്വരൂപത്തില്‍ നിന്ന് തേനും എണ്ണയും വന്നു കൊണ്ടിരിക്കുന്നത് തുടരുകയാണ്. ഇതു കാണാനും ഈ എണ്ണയിലൂടെ രോഗ ശാന്തിക്കും വേണ്ടിയാണ് ബളാലിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നത്.
ബളാലിലേക്ക് മാതാവ് എത്തിയതിന് പിന്നില്‍ പ്രചരിക്കുന്ന കഥ ഇങ്ങനെ: മജ്ജയില്‍ കാന്‍സര്‍ രോഗബാധിതയായി ശരീരം മുഴുവനും വേദനയും നീരുമായി കട്ടിലില്‍ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു അക്കാലങ്ങളില്‍ ഓമന. റബര്‍ ടാപ്പിംങും അയല്‍വീടുകളിലെ ജോലിയും ചെയ്താണ് ഓമന കുടുംബം നോക്കി നടത്തിയിരുന്നത്. നാലു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരണമടയുകയും മകള്‍ വിവാഹിതായി കോട്ടയത്തേക്ക് പോവുകയും ചെയ്തതോടെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൈാസൈറ്റി നിര്‍മ്മിച്ചുകൊടുത്ത ചെറിയ വീട്ടില്‍ ഇളയമകനും ഓമനയും മാത്രമായിരുന്നു താമസം. അയല്‍ക്കാരുടെ സഹായത്തോടെ ചികിത്സ മുന്നോട്ടുപോകുന്നുണ്ടായിരുന്നുവെങ്കിലും കഠിനമായ വേദനയില്‍ ഓമന നീറി പിടയുകയായിരുന്നു.
അത്തരമൊരു ദിവസമാണ് (2014 ഡിസംബര്‍ 2) മുറ്റത്തു നിന്ന് ആരോ വിളിക്കുന്നത് കട്ടിലില്‍ കിടക്കുകയായിരുന്ന ഓമന കേട്ടത്. ആദ്യത്തെയും രണ്ടാമത്തെയും വിളിക്ക് പ്രത്യുത്തരിക്കാന്‍ തയ്യാറായില്ലെങ്കിലും വീണ്ടും വിളി തുടര്‍ന്നുകൊണ്ടിരുന്നതിനാല്‍ മനസ്സില്ലാമനസ്സോടെ ഓമന കട്ടിലില്‍ നിന്നെണീറ്റ് മുന്‍വശത്തേക്ക് ചെന്നു. മുറ്റത്ത് ചട്ടയും മുണ്ടും ധരിച്ചുനില്ക്കുന്ന ഒരു അമ്മച്ചിയെയാണ് ഓമന കണ്ടത്. ഇന്നേവരെ കണ്ടിട്ടില്ലാത്ത ആള്‍. മോളേ നിനക്ക് നല്ല ക്ഷീണം തോന്നുന്നുവല്ലോ.. നിനക്കെന്തുപറ്റിയെന്ന് വല്യമ്മച്ചിയുടെ ക്ഷേമാന്വേഷണത്തിന് ഓമന തന്റെ ശാരീരികവല്ലായ്മകള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മച്ചി ഉദാരവതിയും സ്‌നേഹമയിയുമായി.. നീ അകത്തുപോയി എണ്ണയോ കുഴമ്പോ ഉണ്ടെങ്കില്‍ അത് എടുത്തുകൊണ്ടുവാ..ഞാന്‍ തിരുമ്മിത്തരാം..
അമ്മച്ചി പറഞ്ഞു. ഉപയോഗിച്ച് ബാക്കിവന്നിരുന്ന കുഴമ്പ് അകത്തുനിന്ന് ഓമന എടുത്തുകൊണ്ടുവന്നു. അമ്മച്ചി അത് വാങ്ങി ഓമനയുടെ കൈകാലുകള്‍ തിരുമ്മി. അപ്പോള്‍തന്നെ എന്തോ ഒരു ആശ്വാസം പോലെ ഓമനയ്ക്ക് അനുഭവപ്പെട്ടു. അമ്മച്ചി എവിടുന്നാ.. എന്ന ഓമനയുടെ ചോദ്യത്തിന് ഞാന്‍ നേര്‍ച്ചയ്ക്ക് വന്നതാ എന്ന് അമ്മച്ചി മറുപടി പറഞ്ഞു. നേര്‍ച്ചപ്പണവുമായി തിരിച്ചുവന്നപ്പോള്‍ ഓമന കസേരയില്‍ അമ്മച്ചിയെ കണ്ടില്ല. അമ്മച്ചി എവിടെ പോയി എന്ന് അമ്പരന്നു നിന്ന ഓമന അയല്‍വീടുകളില്‍ അമ്മച്ചിയുണ്ടായിരിക്കുമെന്ന് കരുതി അവിടേയ്ക്ക് അന്വേഷിച്ചു ചെന്നു. ഇന്നലെ വരെ രോഗബാധിതയായി കട്ടിലില്‍ കിടന്നിരുന്ന ഓമന ആരോഗ്യവതിയായി മുമ്പില്‍ നില്ക്കുന്നതുകണ്ടപ്പോള്‍ അയല്‍ക്കാരാണ് അമ്പരന്നത്. അപ്പോഴാണ് തനിക്ക് ലഭിച്ച അത്ഭുതരോഗസൗഖ്യത്തെക്കുറിച്ച് ഓമന തിരിച്ചറിയുന്നത്.
ഇല്ല..ശരീരത്തില്‍ വേദനയില്ല.. പരിപൂര്‍ണ്ണസൗഖ്യം. ഇതെങ്ങനെ സംഭവിച്ചു എന്ന് അയല്‍ക്കാരുടെ ചോദ്യത്തിന് ഓമന സംഭവിച്ചതെല്ലാം വിവരിച്ചു. അത് മാതാവ്തന്നെ.. മറ്റൊരിടത്തും ആ അമ്മച്ചിയെ കണ്ടെത്താതെ വന്നപ്പോള്‍, ഓമനയ്ക്ക് പരിപൂര്‍ണ്ണസൗഖ്യം ലഭിച്ചപ്പോള്‍ എല്ലാവരും തീര്‍ച്ചപ്പെടുത്തി. പിന്നീട് പ്രാര്‍ത്ഥനയായി. ഡിസംബര്‍ മൂന്ന്. വെളുപ്പിന് മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഓമനയും മകനും. വല്യമ്മച്ചിക്ക് കൊടുത്ത കുഴമ്പുകുപ്പി ആ രൂപത്തിന് മുമ്പില്‍ അപ്പോഴും ഉണ്ടായിരുന്നു. അപ്പോഴാണ് മറ്റൊരു അത്ഭുതം ഓമന കണ്ടത്. ആ കുപ്പിനിറഞ്ഞുകവിഞ്ഞ് എണ്ണ ഒഴുകുന്നു. വിവരമറിഞ്ഞ് ആളുകള്‍ ഓടിക്കൂടി. അത് ഇപ്പോഴും തുടരുന്നുവെന്നാണ് വിശ്വാസികള്‍ പറയുന്നത്.
പതിനാറ് വര്‍ഷം മുമ്പ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്ന അമ്പതു വയസുകാരിയായ ഓമന എന്ന അല്‍ഫോന്‍സയുടെ ജീവിതം ദൈവത്തിന്റെ ഇടപെടല്‍ മൂലം മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നുവെന്നാണ് ഇവിടെ എത്തുന്നവര്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും. അങ്ങനെ ബളാല്‍ മാതാവും രോഗശാന്തി ശുശ്രൂഷയില്‍ പുതിയ ചരിത്രം രചിക്കുകയാണ്. ആരേയും കൈയിലെടുക്കാനാവുന്ന അല്‍ഭുത പ്രവര്‍ത്തികളുടെ കഥയാണ് ബളാല്‍ മാതാവിനെ ജനപ്രിയയാക്കുന്നത്. എന്തായാലും ഒരുവര്‍ഷം കൊണ്ട് ബളാലിലെ ഓമനയുടെ വീട് തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു.
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ടിന് സമീപമാണ് ബളാല്‍. ഇവിടെ രജിസ്‌ട്രേഷന്‍ ഓഫീസിന് എതിര്‍വശത്താണ് ഓമനയുടെ വീട്. ആദ്യ അത്ഭുതം നടന്നുകഴിഞ്ഞപ്പോള്‍ തന്നെ ആളുകളുടെ പ്രവാഹമായിരുന്നു ഓമനയുടെ വീട്ടിലേക്ക്. ഈ കഥ പ്രചരിക്കപ്പെട്ടതോടെ ആളുകള്‍ ധാരളമായി എത്തി. ഓമനയുടെ വീട്ടിലെ നിറഞ്ഞുതുളുമ്പിയ കുപ്പിയില്‍ നിന്ന് വിശുദ്ധ എണ്ണ ധാരാളമായി ആളുകള്‍ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എത്ര എടുത്താലും വീണ്ടും എണ്ണ കുപ്പിയില്‍ നിറയുകയാണ്. ആദ്യം എണ്ണ മാത്രമാണ് ഇങ്ങനെ ഒഴുകിയിരുന്നതെങ്കില്‍ ഇന്ന് നെയ്യ്, തേന്‍, പാല്‍ എന്നിവയും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. സുഗന്ധാഭിഷേകവും അനുഭവിക്കാന്‍ കഴിയുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് മാതൃരൂപത്തില്‍ നിന്ന് പാലാണ് ഒഴുകിയത്. ഇങ്ങനെ പല കഥകള്‍ പറഞ്ഞാണ് ബളാലിലേക്ക് ആളെ അടുപ്പിക്കുന്നത്.
ബുധന്‍, ശനി ദിവസങ്ങളിലാണ് കൂടുതലായും ഈ അത്ഭുതങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ആ ദിവസങ്ങളില്‍ ആളും കൂടും. തിരിക്ക് കൂടുമ്പോള്‍ സംവിധാനങ്ങളും കൂടുതലായി ഒരുക്കുന്നു. ദിനംപ്രതി ആയിരത്തി അഞ്ഞൂറോളം പേരാണ് ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരുന്നത്. ഏഴു ലിറ്റര്‍ കൊള്ളുന്ന വലിയ ബെയ്‌സിനിലാണ് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്റെ അടുത്ത് വല്യമ്മച്ചിക്ക് കൊടുത്ത കുപ്പിയും വച്ചിട്ടുണ്ട്. ഇവിടെ നിന്ന് ശേഖരിച്ചുകൊണ്ടുപോകുന്ന എണ്ണയും നെയ്യും അനേകരുടെ രോഗശാന്തിക്കും കാരണമാകുന്നുവെന്നാണ് പ്രചരണം. ഓമനയുടെ അടുക്കല്‍വന്ന വല്യമ്മച്ചി ഇരുന്ന കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യം ഉണ്ടായതായും സാക്ഷ്യങ്ങളുണ്ട്.കൂടുതലും കാന്‍സര്‍ രോഗികള്‍ക്കായാണ് ഓമന പ്രാര്‍ത്ഥിക്കുന്നത്.
ഇപ്പോള്‍ ഓമനയുടെ വീട്ടിലേക്ക് പുലര്‍ച്ചെ അഞ്ചു മണിക്കു തന്നെ ആളുകള്‍ എത്തിത്തുടങ്ങും. പ്രാര്‍ത്ഥനകള്‍ക്കും മാതാവിന്റെ അല്‍ഭുത എണ്ണ അല്‍പം സ്വന്തമാക്കുന്നതിനുമായി. എത്ര എടുത്താലും വീണ്ടും കുപ്പിയില്‍ എണ്ണ നിറയുകയാണ്. കൊന്ത ചൊല്ലിയും പ്രാര്‍ത്ഥനകള്‍ നടത്തിയും എപ്പോഴും ഭക്തിയുടെ നിറവിലാണ് ഈ കൊച്ചു വീടിപ്പോള്‍. പ്രശസ്തി ജില്ലയും കടന്ന് മുന്നേറുകയാണ്. ഇവിടേക്ക് കുമളി , കോട്ടയം , പാലാ , തൊടുപുഴ , എറണകുളം , കോഴിക്കോട് , കണ്ണൂര്‍ , മാനന്തവാടി ,ഇരിട്ടി , തുടങ്ങിയ കേരളത്തിലെ പ്രധാനപെട്ട എല്ലാ സ്ഥലങ്ങളില്‍ നിന്നും നേരിട്ട് ബസ് സര്‍വ്വീസ് ഉണ്ട്.