ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- രാത്രി 9 മണിക്ക് മുൻപ് ജങ്ക് ഫുഡ് പരസ്യങ്ങൾ ടെലിവിഷനിൽ കാണിക്കുന്നത് നിരോധിക്കാനുള്ള നടപടി 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ സ്ഥിരീകരിച്ചിരിക്കുകയാണ്. കുട്ടികൾക്കിടയിലെ അമിതവണ്ണത്തെ നേരിടുന്നതിനാണ് ഇത്തരത്തിലൊരു നടപടി. കൂടാതെ, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ ഓൺലൈൻ പരസ്യങ്ങൾ പൂർണമായും നിരോധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ആൻഡ്രൂ ഗ്വിൻ വ്യാഴാഴ്ച കോമൺസിൽ വ്യക്തമാക്കി. സർക്കാർ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും കാലതാമസം ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ വർഷത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ലേബർ പാർട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഈ തീരുമാനം നടപ്പിലാക്കുമെന്നത്. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്ന റോയൽ സൊസൈറ്റി ഫോർ പബ്ലിക് ഹെൽത്ത് (ആർ എസ് പി എച്ച് ) നിരോധനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയാണ് കുട്ടിക്കാലത്തെ പോഷണമെന്നും, അതിനാൽ ഈ നടപടി സ്വാഗതാർഹമാണെന്നും ആർ എസ് പി എച്ചിലെ പോളിസി ആൻഡ് പബ്ലിക് അഫയേഴ്സ് മേധാവി സൈമൺ ഡിക്സൺ ബിബിസി ന്യൂസിനോട് പറഞ്ഞു.

ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കുട്ടികളും പ്രൈമറി സ്കൂൾ തുടങ്ങുമ്പോഴേക്കും അമിതഭാരമുള്ളവരോ പൊണ്ണത്തടിയോടെ ജീവിക്കുന്നവരോ ആണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡ് പരസ്യങ്ങൾ കാണുന്തോറും അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാനുള്ള സാധ്യത ഏറുകയാണ്. അതിനാലാണ് രാത്രി 9 മണിക്ക് മുൻപ് ഇത്തരത്തിലുള്ള പരസ്യങ്ങൾ ടെലിവിഷനിൽ നിന്ന് ഒഴിവാക്കുന്നത്. 2023 ജനുവരി മുതൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുൻ കൺസർവേറ്റീവ് ഗവൺമെന്റ് അറിയിച്ചിരുന്നു. എന്നാൽ ആ തീരുമാനം നടപ്പിലാകാതെ പോയി. പുതിയ തീരുമാനം ഗവൺമെന്റിന്റെ ശക്തമായ നടപടിയെയാണ് സൂചിപ്പിക്കുന്നത്.