ബംഗളൂരു: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ജാമ്യം ലഭിച്ചതിന് തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ച വഴിപാട് എന്താണെന്നു കേട്ടാല്‍ ഞെട്ടും. 35 കാരനായ യുവാവ് തന്റെ ഇടതുകൈയിലെ ചെറുവിരലാണ് വഴിപാടായി അര്‍പ്പിച്ചത്. ബംഗളൂരുവിലെ രാമനഗരം സ്വദേശിയായ ഗ്രാനൈറ്റ് വ്യവസായി സുരേഷാണ് തന്റെ കൈവിരല്‍ മുറിച്ച് നേര്‍ച്ചയായി നല്‍കിയത്. ഡിസംബര്‍ 25 നാണ് സുരേഷ് തിരുപ്പതി ക്ഷേത്രത്തില്‍ എത്തി തന്റെ ചെറുവിരല്‍ മുറിച്ച് നേര്‍ച്ച അര്‍പ്പിച്ചത്. കഴിഞ്ഞ ഡിസംബര്‍ 19നാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഏറെ ഭയപ്പെട്ടു. താന്‍ ഏറെ സ്‌നേഹിക്കുന്ന ഈ നേതാക്കള്‍ ജയിലില്‍ പോകുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് സുരേഷ് പറയുന്നത്. നേതാക്കള്‍ക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ തന്റെ കൈവിരല്‍ മുറിച്ചു നല്‍കാമെന്ന് നേര്‍ച്ച നേര്‍ന്നത് ആ സമയത്താണ്. വിരല്‍ മുറിച്ചപ്പോള്‍ വേദനയൊന്നും തോന്നിയില്ല. ജോലി ചെയ്യുന്നതിനിടെ കാറിന്റെ എസി കംപ്രസറിനിടയില്‍ വിരല്‍ കുടുങ്ങി മുറിഞ്ഞ് പോയെന്നാണ് ഡോക്ടറോട് പറഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.
വിരല്‍ മുറിച്ച കഥ അറിഞ്ഞ കോണ്‍ഗ്രസ് നേതാവ് എം.എച്ച്. അംബരീഷ് സുരേഷിനെ വിളിപ്പിക്കുകയും സംസാരിക്കുകയും ചെയ്തു. കലിയുഗത്തിലെ ഏകലവ്യന്‍ എന്നാണ് അംബരീഷ് സുരേഷിനെ വിശേഷിപ്പിച്ചത്. പക്ഷെ, ഇങ്ങനെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യരുതെന്ന് സുരേഷിനെ ഉപദേശിക്കുകയും ചെയ്തു. വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെ തിരുപ്പതിയില്‍ എത്തി കൈവിരല്‍ മുറിച്ച ശേഷം ആയിരം രൂപയുടെ നോട്ടില്‍ പൊതിഞ്ഞ് കാണിക്കവഞ്ചിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അംബരീഷ് തന്റെ ജെപി നഗറിലുള്ള വീട്ടിലേക്ക് സുരേഷിനെ വിളിപ്പിച്ചപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ ഇക്കാര്യം അറിയുന്നത്.