ബംഗളൂരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കടന്നുകളഞ്ഞ മലയാള സീരിയല്‍ താരത്തെ തലശേരിയില്‍ വച്ചു കേരള കര്‍ണ്ണാടക പോലീസ് സംയുക്തമായി പിടികൂടി. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണു 35 പവന്‍ സ്വര്‍ണ്ണം തനുജ എന്ന മലയാള സീരിയല്‍ നടി മോഷ്ടിച്ചത്. ചില മലയാള സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഇവര്‍ ഓഗസ്റ്റിലാണു പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണ്ണാടകയിലെ ആരോഗ്യവഗുപ്പ് ഉദ്യോഗസ്ഥയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് എത്തിയത്. ഒരുമാസം കൊണ്ടു വീട്ടുകാരിയുടെ വിശ്വസ്തയായി മാറിയ തനുജയെ സെപ്റ്റബംര്‍ 28 ന് കാണാതാകുകയായിരുന്നു.
പിന്നീട് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ട്ടപ്പെട്ടതായി കണ്ടെത്തി. പിന്നീട് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ തനുജ നല്‍കിയത് വ്യാജ ഫോണ്‍ നമ്പറും വിലാസവുമാണ് എന്നു കണ്ടെത്തി. എന്നാല്‍ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന യുവാവുമായി തനുജയ്ക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ പോലീസ് യുവാവിലൂടെ ഇവര്‍ കേരളത്തിലുണ്ട് എന്ന വിവരം മനസിലാക്കി.
തുടര്‍ന്നു പ്രതിയെ അറസ്റ്റു ചെയ്യാന്‍ കേരളപോലീസ് കര്‍ണ്ണാടക പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് യുവാവിനെ കൊണ്ടു തനുജയെ വിളിപ്പിച്ചപ്പോള്‍ യുവാവിനോട് വടകരയില്‍ എത്താന്‍ ഇവര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വടകരയില്‍ എത്തിയ പോലീസിനു തനുജയെ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോഡ്രൈവറുമായി അടുത്ത ബന്ധം ഉണ്ട് എന്ന് പോലീസ് കണ്ടെത്തി. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പുതിയ താമസ സ്ഥലം കണ്ടെത്താനായി. തുടര്‍ന്ന് ആ വീട്ടില്‍ പോലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണു തനൂജയെ പിടികൂടിയത്. മോഷ്ടിച്ച മുതലുകള്‍ കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥപനത്തില്‍ നിന്നു കണ്ടെടുത്തു.
Leave a Reply