ന്യൂസ് ഡെസ്ക് മലയാളം യുകെ
ബംഗ്ലാദേശിലെ ചിറ്റഗോംഗിലുള്ള തീപിടിത്തത്തിൽ 49 പേർ വെന്തുമരിച്ചു. നൂറുകണക്കിനാളുകൾക്കാണ് ഗുരുതര പരുക്കേറ്റത്. ഷിപ്പിംഗ് കണ്ടെയ്നറിൽ തീപിടിച്ചാണ് അപകടം സംഭവിച്ചത്. ചില കണ്ടെയ്നറുകളിൽ രാസവസ്തുക്കൾ ഉണ്ടായിരുന്നതാണ് തീപിടുത്തത്തിലേയ്ക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും മരിച്ചവരുടെ എണ്ണം ഇതിലും കൂടാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രദേശത്തെ ആശുപത്രികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രക്തദാനത്തിനായി ആളുകൾ മുന്നോട്ട് വരണമെന്നുള്ള അഭ്യർത്ഥന അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് .
തീപിടുത്തത്തെ തുടർന്ന് നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളും പോലീസും സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു. തീയണക്കാൻ ശ്രമിച്ചപ്പോൾ വൻ സ്ഫോടനം ഉണ്ടായത് രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മരണത്തിന് കാരണമായി. ബംഗ്ലാദേശിൽ വ്യവസായമേഖലയിൽ തീപിടിത്തം സർവ്വ സാധാരണമാണ്. മോശം സുരക്ഷാ മാനദണ്ഡങ്ങളാണ് അപകടത്തിലേക്ക് വഴിവെക്കുന്നതെന്ന ആക്ഷേപം പരക്കെയുണ്ട് .
Leave a Reply