വ്യാജരേഖകളുമായി ബംഗ്ലാദേശ് സ്വദേശി കോയമ്പത്തൂരിൽ പിടിയിൽ. സർദാർ അൻവർ ഹുസൈൻ ആണ് ബ്യൂറോ ഓഫ് എമിഗ്രേഷന്റെ പിടിയിലായത്. ഷാർജയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. പാസ്പോർട്ട് പരിശോധിച്ചതിൽ നിന്ന് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണെന്ന് ഉറച്ചുനിന്ന അൻവറിനോട് ദേശീയഗാനം ആലപിക്കാന്‍ പറ‍ഞ്ഞപ്പോൾ സാധിക്കാതെ വന്നതോടെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ മേൽവിലാസത്തിലായിരുന്നു പാസ്പോർട്ട് ഉണ്ടായിരുന്നത്. തയ്യല്‍ക്കാരനായ സര്‍ദാര്‍ അനോവര്‍ ഹുസൈന്‍ മുന്‍പ് 2020 വരെ തിരുപ്പൂര്‍ അവിനാശിയില്‍ ജോലിചെയ്തിരുന്നതായും പറയുന്നു.

ഇതിന് ശേഷം ജോലിക്കായി യുഎഇയിലേക്ക് ജോലി തേടി പോയിരുന്നു. എന്നാൽ ജോലിക്കായി തിരുപ്പൂരിലേക്ക് തന്നെ തിരിച്ചുവരികയായിരുന്നു. വ്യാജ പാസ്പോർട്ടിനൊപ്പം ആധാർ കാർഡും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ദാര്‍ അനോവര്‍ ഹുസൈനെ പീളമേട് പോലീസില്‍ ഏല്‍പ്പിച്ചു. ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി ചെന്നൈ പുഴല്‍ജയിലിലേക്ക് മാറ്റി.