ബാങ്കിന്‍റെ പത്താം നിലയിൽ നിന്നും ചാടി ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി. പുത്തൻകുരിശ് ഞാറ്റിൽ ഹൗസിൽ എൻ.എസ്.ജയൻ (51) ആണു മരിച്ചത്. എറണാകുളം മറൈൻ ഡ്രൈവ് ഷൺമുഖം റോഡിലെ എസ്ബിഐ റീജയണൽ ഓഫിസ് കെട്ടിടത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെയാണ് ചാടിയത്. ഇതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന എസ്ബിഐ റീജിയണൽ ബിസിനസ് ഓഫിസിലെ (ആർബിഒ 3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു ജയന്‍.
ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും വച്ച ശേഷം ബാങ്കിന്‍റെയും തൊട്ടടുത്ത ജ്വല്ലറിയുടേയും ഇടയിലെ മതിൽ ഭാഗത്തേക്കു ചാടുകയായിരുന്നു.
ഒച്ചത്തിലുള്ള ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോഴാണു ദേഹം ഛിന്നഭിന്നമായ നിലയിൽ കണ്ടത്. തല തകർന്നിരുന്നു.
ആത്മഹത്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. വിമുക്തഭടനാണ്. നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോൺ മൂന്ന് അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിങ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ:ബിജി, മകൻ:അനന്തു.
ചാടുന്നതിനു തൊട്ടുമുമ്പു മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടു കെട്ടിടത്തിന്‍റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ആത്മഹത്യയിലേക്ക് നയിക്കാൻ ഇടയാക്കിയതു തിരിച്ചറിയാൻ ഫോൺ കോൾ വിശദാംശങ്ങൾ ഉൾപ്പെടെ പരിശോധിക്കുമെന്ന് എറണാകുളം അസിസ്റ്റന്‍റ് സിറ്റി പൊലീസ് കമ്മിഷണർ സുരേഷ് അറിയിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Leave a Reply