ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5 ശതമാനമാക്കി കുറച്ചു. ബാങ്കിൻറെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകൾ 4.75 ശതമാനത്തിൽ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്. അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനെ 7 പേർ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പലിശ നിരക്ക് കുറയ്ക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചർച്ച ചെയ്തതെന്നാണ് അറിയാൻ സാധിച്ചത്. ലേബർ പാർട്ടി അവതരിപ്പിച്ച ബഡ്ജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതൽ ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടർന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. ഇന്ന് പലിശ നിരക്ക് കുറയ്ക്കാൻ സാധിച്ചത് മിക്കവർക്കും സ്വാഗതാർഹമായ വാർത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവർണർ ആൻഡ്രൂ ബെയ്ലി പറഞ്ഞു.
നിലവിൽ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകൾ. 2022 ലെ രണ്ടാം പകുതിയിൽ 11 ശതമാനമായി ഉയർന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടർന്നാണ് പലിശ നിരക്കുകൾ കുറയ്ക്കാൻ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങൾക്ക് കൂടുതൽ ഭാരം നൽകുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2025 ലെ വളർച്ചാ നിരക്ക് നേരത്തെ പ്രവചിച്ച 1.5 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായി കുറച്ചിരുന്നു. ഇതുകൂടാതെ പണപെരുപ്പം 3.7 ശതമാനമാകുമെന്ന ആശങ്കകളും നിലവിലുണ്ട്. ഇത് സർക്കാർ നിശ്ചയിച്ച 2 ശതമാനത്തിന്റെ ഇരട്ടിയാണ് .
Leave a Reply