ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രെക്സിറ്റിനെതിരെ കടുത്ത വിമർശനവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ രംഗത്ത് വന്നു. യുകെയുടെ സമ്പദ് വ്യവസ്ഥയെ തുരങ്കം വെയ്ക്കുന്നതിൽ ബ്രെക്സിറ്റ് മുഖ്യ പങ്കു വഹിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞത് വരും ദിവസങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ബ്രിട്ടൻ ഇനിയും യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം പുനർ നിർമ്മിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


വ്യാഴാഴ്ച വൈകുന്നേരം ലണ്ടൻ നഗരത്തിലെ മാൻഷൻ ഹൗസ് ഡിന്നറിൽ സംസാരിക്കുമ്പോഴാണ് ആൻഡ്രൂ ബെയ്‌ലി ബ്രെക്‌സിറ്റിനെ പരാമർശിച്ചത് . എന്നാൽ ബ്രെക്‌സിറ്റിനെ കുറിച്ച് തനിക്ക് ഒരു മുൻ നിലപാടും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ എന്ന നിലയിൽ ബ്രെക്‌സിറ്റിനെ തുടർന്ന് രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക സ്ഥിതിയെ കുറിച്ച് പറയാൻ തനിക്ക് ബാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷ് ജനതയുടെ ബ്രെക്‌സിറ്റിനായുള്ള തീരുമാനത്തെ താൻ മാനിക്കുന്നതായും എന്നാൽ ബന്ധങ്ങൾ വേർപ്പെടുത്തുന്നതിനും പുനർ നിർമ്മിക്കുന്നതിനും നമ്മൾ ജാഗ്രത പാലിക്കണമെന്നും ആൻഡ്രൂ ബെയ്‌ലി അഭിപ്രായപ്പെട്ടു.


ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സാധാരണഗതിയിൽ തർക്കമുളവാക്കുന്ന രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടത്താറില്ല. എന്നിരുന്നാലും ബെയ്‌ലിയുടെ മുൻഗാമിയായ മാർക്ക് കാർണി 2016 ലെ റഫറണ്ടത്തിന് മുമ്പ് ബ്രെക്‌സിറ്റിൻ്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ബെയ്‌ലി നിലവിൽ ഉയർത്തുന്ന അഭിപ്രായങ്ങൾ മുൻ ഗവർണറുടെ വാദങ്ങളെ ശരി വയ്ക്കുന്നതാണ്. എല്ലാ ഇറക്കുമതികൾക്കും 10% സാർവത്രിക താരിഫ് എന്ന തൻ്റെ പദ്ധതിയുമായി ട്രംപ് മുന്നോട്ട് പോയാൽ അത് അടുത്ത വർഷം യുകെയുടെ വളർച്ചാ നിരക്ക് 0.4% ആയി കുറയ്ക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യൂഎസിന്റെ പുതിയ നിലപാട് യുകെയുടെ സമ്പത്ത് രംഗത്തെ വളർച്ചയെ പിന്നോട്ടടിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്. ഇതു കൂടെ പരിഗണിച്ചാണ് യൂറോപ്യൻ യൂണിയനും ആയിട്ടുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.