ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാങ്ക് ഓഫ് ഇംഗ്ലണ്ട് യുകെയിലെ പലിശ നിരക്ക് 4.5 ശതമാനമായി നിലനിർത്തി. പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. നിലവിൽ പലിശ നിരക്കുകളിൽ കുറവ് വരുത്തിയിട്ടില്ലെങ്കിലും ഭാവിയിൽ കുറയാനുള്ള സാധ്യത ഉണ്ടെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഈ വർഷം തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ അടുത്ത മെയ് മാസത്തിൽ നടക്കാനിരിക്കുന്ന അവലോകന യോഗത്തിൽ തന്നെ നിരക്കുകൾ കുറയാനുള്ള സാധ്യത ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പം കുറച്ചു കൊണ്ടുവന്ന് സ്ഥിരത കൈവരിക്കുക എന്നത് ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യം വയ്ക്കുന്നത് എന്ന് ആൻഡ്രൂ ബെയ്‌ലി ആവർത്തിച്ച് പറഞ്ഞു. നിലവിൽ യുകെയിലെ പണപ്പെരുപ്പം 3 ശതമാനമാണ്. പണപ്പെരുപ്പ നിരക്ക് 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം.


പലിശ നിരക്ക് നിശ്ചയിക്കുന്ന ബാങ്കിൻ്റെ അവലോകന യോഗത്തിൽ ഒരാളൊഴിച്ച് എല്ലാവരും പലിശ നിരക്ക് 4.5 ശതമാനത്തിൽ നിലനിർത്താനാണ് അനുകൂലിച്ചത്. ഇപ്പോൾ വളരെയധികം സാമ്പത്തിക അനശ്ചിതത്വമുണ്ടെന്നും ആഗോള , അഭ്യന്തര സമ്പദ് വ്യവസ്ഥകൾ എങ്ങനെ മുന്നോട്ടു പോകുന്നുവെന്ന് സൂക്ഷ്മമായി വിശകലനം നടത്തിവരികയാണെന്നും ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങളെ വിശദീകരിച്ചുകൊണ്ട് ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. യുകെയിൽ ആകെ 6 ലക്ഷം ഭവന ഉടമകൾക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്കുകൾ അനുസരിച്ച് മാറുന്ന മോർട്ട്ഗേജ് ഉണ്ട്. നിലവിൽ പലിശ നിരക്കുകൾ മാറ്റമില്ലാത്ത സാഹചര്യത്തിൽ പ്രതിമാസ തിരിച്ചടവുകളിൽ ബാങ്കിന്റെ തീരുമാനം ഉടനടി സ്വാധീനം ചെലുത്തുന്നില്ല.