ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതിന്റെ ചർച്ചയിലാണ് സാമ്പത്തിക വിദഗ്ധർ. എന്നാൽ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ അവലോകന യോഗത്തിൽ തന്നെ പലിശ നിരക്കുകൾ കുറച്ചതിന്റെ രാഷ്ട്രീയ മാനവും മറ്റൊരു കൂട്ടർ ചർച്ചയാക്കിയിരിക്കുകയാണ്. ജൂലൈ 4 – ന് നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് കൺസർവേറ്റീവ് പാർട്ടി ഏറ്റു വാങ്ങിയത്. പലിശ നിരക്ക് ഉയർന്നതും ജീവിത ചിലവ് വർദ്ധനവിനും കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിന്റെ ആഘാതം കൂട്ടിയ ഘടകങ്ങളാണ്.
ജൂൺ 20 -ന് നടന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന യോഗത്തിൽ പലിശ നിരക്കുകൾ കുറച്ചിരുന്നെങ്കിൽ അത് ഏറ്റവും കൂടുതൽ രാഷ്ട്രീയമായി പ്രയോജനം ചെയ്യുന്നത് മുൻ പ്രധാനമന്ത്രി ഋഷി സുനകിനായിരുന്നു. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായതിന്റെ അനുകൂല ഘടകങ്ങൾ ഉണ്ടായിരുന്നത് മൂലം പലിശ നിരക്ക് കുറയ്ക്കുമെന്ന് പരക്കെ കരുതപ്പെടുകയും ചെയ്തിരുന്നു . പക്ഷേ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെ തകിടം മറിച്ച് പലിശ നിരക്ക് 5.25 ശതമാനത്തിൽ തുടരാനാണ് അവലോകനയോഗം തീരുമാനിച്ചത്. ഈ തീരുമാനത്തിൻ്റെ ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നത് മുൻ പ്രധാനമന്ത്രി ഋഷി സുനകും കൺസർവേറ്റീവ് പാർട്ടിയുമാണ്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ചാൻസിലർ ആയിരുന്ന ഋഷി സുനകിൻ്റെ സാമ്പത്തിക നയങ്ങൾ അന്നേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ സമയത്തെ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ നടത്തിയ സാമ്പത്തിക ആസൂത്രണം വളരെ മികച്ചതായിരുന്നു. പ്രധാനമന്ത്രിയായതിനുശേഷവും പണപ്പെരുപ്പം 2 ശതമാനം എന്ന പ്രഖ്യാപിത ലക്ഷ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പണപ്പെരുപ്പം കുറച്ചു കൊണ്ടു വന്നതിന്റെ രാഷ്ട്രീയ ഫലങ്ങൾ അന്നത്തെ ഭരണപക്ഷത്തിന് ലഭിച്ചില്ലെന്നതാണ് പൊതുവെ വിലയിരുത്തുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നത് വീട് വാങ്ങാനും വാഹനം മേടിക്കുവാനും ആഗ്രഹിക്കുന്ന യു കെ മലയാളികളുടെ മനസ്സിലുള്ള ചോദ്യമായിരുന്നു. പലിശ നിരക്കുകൾ കുറഞ്ഞത് കാരണം മോർട്ട്ഗേജുകളുടെയും സേവിംഗുകളുടെയും നിരക്കുകളിലും മാറ്റം വരും. ഇത് വീടുകൾ ഉൾപ്പെടെ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാവും എന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരുന്നാലും പലിശ നിരക്കുകൾ കുറയുകയും കൂടുതൽ പേർ വിപണിയിൽ പ്രവേശിക്കുകയും ചെയ്യുന്നത് ഡിമാൻഡ് ഉയർത്തുന്നതിനും അതുവഴി ഭവന വില ഉയരുന്നതിനും കാരണമായേക്കാമെന്നുമുള്ള അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. പലിശ നിരക്ക് 0.25% വെട്ടി കുറച്ചാൽ അര ദശലക്ഷത്തിലധികം ഭവന ഉടമകൾക്ക് എങ്കിലും പ്രതിമാസ തിരിച്ചടവിൽ 28 പൗണ്ട് കുറവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Leave a Reply