ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതൽ ഇടിഞ്ഞതിനെ തുടർന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് മാറ്റമില്ലാതെ 5.25 ശതമാനത്തിൽ നിർത്തി. ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) നാലിനെതിരെ അഞ്ചു വോട്ടുകൾക്ക് നിരക്ക് ഉയർത്താനുള്ള നീക്കം തള്ളി. ഈ അടുത്ത മാസങ്ങളിൽ പണപ്പെരുപ്പം വളരെയധികം കുറഞ്ഞുവെന്നും അത് തുടരുമെന്ന് കരുതുന്നുവെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. പലിശ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്താൻ അദ്ദേഹം വോട്ട് ചെയ്തു. പണപ്പെരുപ്പം സാധാരണ നിലയിലാകുമെന്ന് ഉറപ്പുണ്ടാവണം. അതിനാവശ്യമായ തീരുമാനങ്ങൾ തങ്ങൾ തുടർന്നും എടുക്കുമെന്നും ബെയ്‌ലി കൂട്ടിച്ചേർത്തു. അതോടൊപ്പം ആഗസ്റ്റില്‍ പണപ്പെരുപ്പം ആശ്വാസകരമെന്ന നിലയിലേക്ക് താഴ്ന്നത് പലിശ വര്‍ധനയുടെ ഫലമാണെന്ന വാദം ഉയർത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്.
എട്ടു ശതമാനത്തില്‍ അടുത്ത് നിന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ 6.7 ശതമാനത്തിലേക്ക് താഴ്ന്നത്. അതേസമയം, ക്രൂഡ് ഓയില്‍ വില അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുന്നു എന്ന സാഹചര്യമാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ മറിച്ചുചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. രണ്ടാഴ്ചയായി ബ്രിട്ടനിലെ റീട്ടെയ്ല്‍ ഇന്ധന വിലയില്‍ ലിറ്ററിന് 15 പെന്‍സില്‍ അധികം വര്‍ദ്ധന ഉണ്ടായതു വിലക്കയറ്റത്തിന് കാരണമാകും. നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും. ഈ സാഹചര്യം മുന്നിൽ കണ്ട് പലിശ ഉയര്‍ത്തിയാലും പണപ്പെരുപ്പം കുതിച്ചുപായുന്നു എന്ന ആരോപണത്തിൽ നിന്ന് രക്ഷപെടാനാണ് ഇപ്പോൾ പലിശ നിരക്ക് പിടിച്ചുനിർത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് പണപ്പെരുപ്പം താഴ്ന്നു നില്‍ക്കുന്നതെന്ന വസ്തുതയും ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2021 നവംബര്‍ മുതല്‍ കൂട്ടിത്തുടങ്ങിയ പലിശ നിരക്ക് വര്‍ദ്ധന ഇപ്പോള്‍ 14 തവണ ഉയര്‍ത്തിയ ശേഷമാണ് ബ്രേക്ക് എടുക്കാൻ ബാങ്ക് നിര്‍ബന്ധിതമായത്. എങ്കിലും ഈ സാഹചര്യം തുടർന്നാൽ 2025 വേനല്‍ക്കാലം വരെ പണപ്പെരുപ്പം യുകെയില്‍ ഉയര്‍ന്നു നില്‍ക്കും എന്നതാണ് വിലയിരുത്തൽ.
Leave a Reply