ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ഇംഗ്ലണ്ട് : യുകെയിലെ പ്രധാന പദവികളിലൊന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ സ്ഥാനം. ഇപ്പോഴത്തെ ഗവർണർ മാർക്ക്‌ കാർണി 2020 ജനുവരി 31ന് സ്ഥാനമൊഴിയും. പുതിയ ഗവർണറെ കണ്ടെത്താനുള്ള നിയമനടപടികൾ ഏപ്രിലിൽ തന്നെ ആരംഭിച്ചിരുന്നു. വേനൽകാലത്ത് തന്നെ അഭിമുഖങ്ങൾ പൂർത്തിയാക്കിയിരുന്നു. ശരത്കാലത്ത് പുതിയ ഗവർണറെ പ്രഖ്യാപിക്കാനായിരുന്നെങ്കിലും ബ്രെക്സിറ്റ് കാലതാമസവും പൊതുതെരഞ്ഞെടുപ്പും ഉൾപ്പെടെ വൻ പ്രതിസന്ധികൾ രാജ്യം നേരിടുന്നതിനാൽ പ്രഖ്യാപനം വൈകിയേക്കുമെന്നാണ് സൂചന.

പലിശ നിരക്ക് നിശ്ചയിക്കുന്നതും, സാമ്പത്തിക സ്ഥിരത നിരീക്ഷിക്കുന്നതും, സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്നതുമായ മൂന്ന് പ്രധാന കമ്മിറ്റികളുടെ അധ്യക്ഷനായിരിക്കും പുതിയ ഗവർണർ. ഒപ്പം ഐഎംഎഫ് സമ്മേളനത്തിലും ജി 7നിലും യുകെയെ പ്രതിനിധീകരിക്കുന്നത് ഇദ്ദേഹമായിരിക്കും. ഗവർണർ പദവിയിലേക്ക് എത്തിയേക്കാവുന്ന പ്രധാന വ്യക്തികൾ ഇവരൊക്കെയാണ് ;
ആൻഡ്രൂ ബെയ്ലി – 1985ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്ന ബെയ്‌ലി, ഡെപ്യൂട്ടി ഗവർണർ, ചീഫ് കാഷ്യർ തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.പല വിവാദങ്ങൾക്കും പാത്രമാവേണ്ടി വന്നു.
ശ്രീതി വടേര – ഉഗാണ്ടയിൽ ജനിച്ചശേഷം യുകെയിലേക്ക് മാറിയ ശ്രീതി, ലേബർ ഗവണ്മെന്റിൽ മന്ത്രിയായിരുന്നു. 1999 ൽ യുകെ ട്രഷറിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ സമിതിയിൽ ചേരുന്നതിന് മുമ്പ് സ്വിസ് നിക്ഷേപ ബാങ്കായ യുബിഎസിൽ പത്തുവർഷത്തിലേറെ പ്രവർത്തിച്ചു. നിലവിൽ സാന്റാൻഡർ യുകെയിൽ ചെയർമാനായി പ്രവർത്തിക്കുന്നു.
ബെൻ ബ്രോഡ്‌ബെന്റ്- മുൻ ഗോൾഡ്മാൻ സാക്സ് സാമ്പത്തിക ശാസ്ത്രജ്ഞനും ട്രഷറിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും ചെയ്ത ഇദ്ദേഹം, ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഇക്കണോമിക്‌സ് പ്രൊഫസറായിയിരുന്നു. 2011 ൽ പലിശ നിരക്ക് നിശ്ചയിക്കുന്നയാളായി ബാങ്കിൽ ചേർന്നശേഷം 2014 ൽ ധനനയത്തിന്റെ ഡെപ്യൂട്ടി ഗവർണറായി.ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ നിലച്ച ഒന്നാണെന്ന പരാമർശത്തിന് വിമർശനങ്ങൾ നേരിടേണ്ടി വന്നു.


ജോൺ കൻലിഫ് – 2013ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ചേർന്നു. യൂറോപ്യൻ യൂണിയനിൽ യുകെയുടെ പ്രതിനിധി ആയിരുന്നു. 2016 ലെ ബ്രെക്സിറ്റ് വോട്ടെടുപ്പിന് മുന്നോടിയായി, ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പ്രോജക്ട് ബുക്കെൻഡ് എന്ന് വിളിക്കപ്പെടുന്ന ഒരു രഹസ്യ ടാസ്‌ക്ഫോഴ്‌സിന് അദ്ദേഹം നേതൃത്വം നൽകി.

മിനൗച്ചെ ഷാഫിക് – 36-ാം വയസ്സിൽ, നെമാറ്റ് മിനൗച്ചെ ഷാഫിക് ലോക ബാങ്കിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ വൈസ് പ്രസിഡന്റായി. മാർക്കറ്റ്സ്, ബാങ്കിംഗ് എന്നിവയുടെ ഡെപ്യൂട്ടി ഗവർണറായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐഎംഎഫിന്റെ മാനേജിങ് ഡയറക്ടറും ആയിരുന്നു.

ജോൺ കിംഗ്മാൻ, ജെറാർഡ് ലിയോൺസ്, ഹോവാർഡ് ഡേവിസ് തുടങ്ങിയ പ്രമുഖരും സാധ്യത പട്ടികയിലുണ്ട്.