കൈവശമുണ്ടായിരുന്ന 70,000 പൗണ്ടിന്റെ നോട്ടുകള്‍ കത്തിച്ചു കളഞ്ഞ് കടംകയറിയ ബിസിനസുകാരന്‍. വിചിത്രമായ കാരണമാണ് ഇതിന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഡേവിഡ് ലോവ്‌സ് ബേര്‍ഡ് എന്ന 71 കാരനാണ് നോട്ടുകള്‍ കത്തിച്ചു കളഞ്ഞത്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ക്കായി ഇയാള്‍ സമീപിച്ച നിയമസ്ഥാപനത്തോടുണ്ടായ വെറുപ്പാണേ്രത ആ ‘ക്രൂരകൃത്യത്തിന്’ പ്രേരിപ്പിച്ചത്. ഇവര്‍ക്ക് പണം നല്‍കാതിരിക്കാന്‍ കൈവശമുണ്ടായിരുന്ന പണം കത്തിച്ചു കളയുകയായിരുന്നു. 30,000 പൗണ്ടായിരുന്നു നിയമസ്ഥാപനത്തിന് നല്‍കേണ്ട ഫീസ്. ഇന്‍സോള്‍വന്‍സി പ്രാക്ടീഷണര്‍മാരുമായി നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് 30,000 പൗണ്ട് ഫീസായി നല്‍കാന്‍ ഉത്തരവായത്. ഇതിനിടയില്‍ ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 80,000 പൗണ്ട് ലഭിച്ചിരുന്നു. ഈ പണം അധികൃതര്‍ക്ക് കൈമാറണമെന്ന നിര്‍ദേശവും ലഭിച്ചു.
എന്നാല്‍ ഈ പണം കൈമാറാന്‍ ഒരുക്കമല്ലായിരുന്ന ബേര്‍ഡ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണമെടുക്കുകയും അത് കത്തിച്ചു കളയുകയുമായിരുന്നു. താന്‍ 30,000 പൗണ്ട് മാത്രമേ കത്തിച്ചു കളഞ്ഞിട്ടുള്ളുവെന്നും ബാക്കി തുക ഒരു ചാരിറ്റിക്ക് നല്‍കിയെന്നും സ്വാന്‍സീ ക്രൗണ്‍ കോടതിയില്‍ ഇയാള്‍ പറഞ്ഞുവെങ്കിലും അതിന് തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ബേര്‍ഡ് വാദിച്ചെങ്കിലും മൂന്നു ദിവസം നീണ്ട നടപടികള്‍ക്കൊടുവില്‍ കുറ്റം ചെയ്തതായി കോടതി സ്ഥിരീകരിച്ചു. ആറു മാസത്തെ തടവാണ് ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചത്. ഇത് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വെസ്റ്റ് വെയില്‍സിലെ ലാനെല്ലിയില്‍ ഒരു ഔട്ട്‌ഡോര്‍ അഡ്വെഞ്ചറും പെയിന്റ് ബോളിംഗ് സെന്ററും നടത്തുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ബേര്‍ഡ് സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടു വരികയായിരുന്നു.
ഇന്‍സോള്‍വന്‍സി സര്‍വീസിന് 30,000 പൗണ്ട് നല്‍കുകയായിരുന്നു ബേര്‍ഡ് ചെയ്യേണ്ടിയിരുന്നതെന്ന് സര്‍വീസിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്ററായ ഗ്ലെന്‍ വിക്ക്‌സ് പറഞ്ഞു. എന്നാല്‍ കമ്പനിയോടുള്ള അയാളുടെ വെറുപ്പ് പണം നല്‍കേണ്ടെന്ന തീരുമാനത്തില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply