ബ്രെക്‌സിറ്റിനു ശേഷം അവിദഗ്ദ്ധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്താനിരിക്കുന്ന കുടിയേറ്റ വിലക്ക് രാജ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി. 30,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവരുടെ കുടിയേറ്റത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. എന്നാല്‍ ഇത് രാജ്യത്തിന്റെ പുരോഗതിയെത്തന്നെ താഴേക്ക് വലിക്കുമെന്ന് സിബിഐ മേധാവി കരോളിന്‍ ഫെയര്‍ബ്രെയിന്‍ പറഞ്ഞു. അവിദഗ്ദ്ധ മേഖല എന്ന പേരില്‍ അറിയപ്പെടുന്ന തൊഴിലാളികളാണ് നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്കും സമൂഹത്തിനും കാര്യമായ സംഭാവനകള്‍ നല്‍കുന്നത്. ലാബ് ടെക്‌നീഷ്യന്‍മാര്‍ മുതല്‍ ഭക്ഷ്യ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു.
യൂണിവേഴ്‌സിറ്റികളിലും പ്രതിവര്‍ഷം 30,000 പൗണ്ട് ശമ്പളത്തില്‍ താഴെ മാത്രം വാങ്ങുന്ന ജീവനക്കാരുണ്ട്. പൊതുവിശ്വാസം ആര്‍ജ്ജിക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞ ജോലിയാണെന്ന് അറിയാം. എന്നാല്‍ അതിന് മറ്റു മാര്‍ഗ്ഗങ്ങളുണ്ടെന്നും ഗവണ്‍മെന്റിനോട് സിബിഐ പറയുന്നു. അവിദഗ്ദ്ധ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവു മൂലം ബുദ്ധിമുട്ടുന്ന വ്യവസായങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കി ആ ഒഴിവുകള്‍ നികത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ പ്രതികരണം വന്നിരിക്കുന്നത്.
ബ്രെക്‌സിറ്റിനു ശേഷം എല്ലാ കുടിയേറ്റക്കാരെയും ഒരേ വിധത്തിലായിരിക്കും പരിഗണിക്കുകയെന്നാണ് ക്യാബിനറ്റ് തീരുമാനം. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകില്ല. ഈ നിര്‍ദേശങ്ങളടങ്ങിയ പുതിയ കുടിയേറ്റനയം സംബന്ധിച്ച ധവളപത്രം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കുടിയേറ്റ നയം കടുപ്പിക്കണമെന്നാണ് എംപിമാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് തുടങ്ങിയവര്‍ വ്യവസായ മേഖലയുടെ മുന്നറിയിപ്പ് പരിഗണിക്കണമെന്ന പക്ഷക്കാരാണ്.
Leave a Reply