ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഗാസയിലെ ആക്രമണങ്ങളെ സംബന്ധിച്ച് ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയെ സംബന്ധിച്ചുള്ള വിവാദത്തിൽ അധികൃതർ മാപ്പ് പറഞ്ഞിരിക്കുകയാണ്. 400,000 പൗണ്ടിലധികം ചിലവാക്കി പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ബിബിസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. “ഗാസ: ഹൗ ടു സർവൈവ് എ വാർസോണ്‍” എന്നതായിരുന്നു ഡോക്യുമെന്ററിയുടെ തലക്കെട്ട്. എന്നാൽ അതിനോടനുബന്ധിച്ച് ഉണ്ടായ വിവാദങ്ങളെ തുടർന്ന് ബിബിസി ക്ഷമാപണം നടത്തുകയും ഐപ്ലേയറിൽ നിന്ന് പ്രോഗ്രാം പിൻവലിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ഹമാസ് വിരുദ്ധ പ്രതിഷേധക്കാർ ബിബിസിയുടെ ബ്രോഡ്കാസ്റ്റിംഗ് ഹൗസ് ആസ്ഥാനത്തിന് പുറത്ത് എത്തിയതോടെ സംഘർഷം തെരുവുകളിലേക്കും വ്യാപിച്ചു. ബിബിസിയിൽ നിന്നുള്ള ഒരു അപ്‌ഡേറ്റ് പ്രകാരം, ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിട്ടുള്ള അബ്ദുല്ല അൽ-യസൂരി എന്ന കുട്ടിയുടെ പിതാവ് ഹമാസ് സർക്കാരിൽ കൃഷി ഡെപ്യൂട്ടി മന്ത്രിയായിരുന്ന അയ്മാൻ അൽ-യസൂരി ആണെന്നും, അതോടൊപ്പം തന്നെ ഇത്തരത്തിൽ ചിത്രീകരിക്കാൻ കുട്ടിയുടെ അമ്മയ്ക്ക് പണം ലഭിച്ചതായും വ്യക്തമാക്കുന്നു. ലണ്ടൻ ആസ്ഥാനമായുള്ള സ്വതന്ത്ര നിർമ്മാണ കമ്പനിയായ ഹോയോ ഫിലിംസ് ആണ് ബിബിസിക്ക് വേണ്ടി ഈ ഡോക്യുമെന്ററി നിർമ്മിച്ചത്. ചിത്രീകരണത്തിൽ ഉൾപ്പെട്ട കുട്ടിയുടെ കുടുംബവും ഹമാസ് നേതാക്കളുമായുള്ള ബന്ധവും ഇവർ ബിബിസിയോട് മറച്ചുവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡോക്യുമെന്ററി ട്രാൻസ്മിഷന് ശേഷം മാത്രമാണ് ഈ ബന്ധം അവർക്കറിയാമായിരുന്നുവെന്ന് നിർമ്മാണ കമ്പനി അംഗീകരിച്ചത്. നിർമ്മാണ കമ്പനി സ്വതന്ത്രമാണെന്ന് ബിബിസി ഊന്നിപ്പറഞ്ഞെങ്കിലും, ഈ പരിപാടിയുടെ പ്രക്രിയകളും നിർവ്വഹണവും തങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നില്ലയെന്ന് അവർ അംഗീകരിച്ചു. പരിപാടി നിർമ്മിക്കാൻ ഉപയോഗിച്ച 400,000 പൗണ്ട് ബജറ്റിൽ പണമൊന്നും തന്നെ ഒരു ഹമാസ് അംഗത്തിനും നൽകിയിട്ടില്ലെന്ന് ഹോയോ ഫിലിം ഉറപ്പുനൽകിയിട്ടും, ബിബിസി പരിപാടിയുടെ പൂർണ്ണ ഓഡിറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയെ കുറിച്ച് ഉന്നയിക്കപ്പെടുന്ന ഏതൊരു പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിനായി ബിബിസിയുടെ ഡയറക്ടർ ജനറൽ ഒരു പൂർണ്ണ വസ്തുതാന്വേഷണ അവലോകനം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply