ടിവിയില്‍ സിനിമയോ ഉദ്വേഗഭരിതമായ ഒരു സീരീസോ കാണുമ്പോള്‍ തീയേറ്ററിനു സമാനമായ ശബ്ദ സംവിധാനമുണ്ടെങ്കില്‍ എന്ന് പലരും ആഗ്രഹിച്ചു പോകാറുണ്ട്. എന്നാല്‍ വീടുകളില്‍ സ്ഥാപിക്കാവുന്ന സറൗണ്ട് സൗണ്ട് സിസ്റ്റങ്ങള്‍ വന്‍ വില കൊടുത്ത് സ്ഥാപിക്കേണ്ടി വരും എന്ന ന്യൂനത ഈ ആഗ്രഹത്തിന് പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ബിബിസി. സ്പീക്കര്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പോലെയുള്ള വീട്ടുപകരണങ്ങളും സ്മാര്‍ട്ട്‌ഫോണും ഐപാഡും എല്ലാം സറൗണ്ട് സൗണ്ട് സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റുന്ന സാങ്കേതികതയ്ക്കാണ് ബിബിസിയുടെ റിസര്‍ച്ച് വിഭാഗം രൂപം നല്‍കിക്കൊണ്ടിരിക്കുന്നത്. സിനിമ ഹാളിനുള്ളില്‍ ഇരിക്കുന്ന പ്രതീതി വീട്ടില്‍ സൃഷ്ടിക്കാന്‍ ഈ സംവിധാനത്തിസലൂടെ സാധിക്കും. കുട്ടികള്‍ മുറിയിലുണ്ടെങ്കില്‍ പേടിപ്പെടുത്തുന്ന ശബ്ദങ്ങള്‍ കുറയ്ക്കുന്ന വിധത്തില്‍ പ്രോഗ്രാം ചെയ്യാനും ഇതിലൂടെ സാധിക്കും.
വീട്ടുപകരണങ്ങളിലെ സ്പീക്കറുകള്‍ ഉപയോഗിച്ച് സറൗണ്ട് സിസ്റ്റത്തിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ഫ്രിഡ്ജുകള്‍, ഇലക്ട്രോണിക് അസിസ്റ്റന്റ് ആയ അലക്‌സ തുടങ്ങിയവയും ഇതില്‍ ഉപയോഗിക്കപ്പെടും. ഹൊറര്‍ മൂവികളിലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ലൈറ്റുകള്‍ ഫ്‌ളിക്കര്‍ ചെയ്യാന്‍ പോലും ഇതിലൂടെ സാധിക്കും. ഈ സാങ്കേതികത ഉപയോഗിക്കുന്ന ആദ്യത്തെ ഓഡിയോ ഡ്രാമ ദി വോസ്‌റ്റോക്-കെ ഇന്‍സിഡന്റ് ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലില്‍ അവതരിപ്പിച്ചിരുന്നു. ബിബിസി വെബ്‌സൈറ്റില്‍ ഇത് ട്രയല്‍ ചെയ്യാവുന്നതാണ്. 20 ഡിവൈസുകള്‍ വരെ ഇതില്‍ ഉപയോഗിക്കാനാകും.
ഇത് വിജയകരമായാല്‍ ഈ സാങ്കേതികത ഉപയോഗിക്കുന്ന പരിപാടികള്‍ ബിബിസി കൂടുതലായി നിര്‍മിക്കും. പഴയ പ്രോഗ്രാമുകള്‍ ഇവയ്ക്ക് അനുസൃതമായി പുനസൃഷ്ടിക്കും. രണ്ടു വര്‍ഷത്തോളം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ് ഈ സാങ്കേതികത ഉരുത്തിരിഞ്ഞതെന്ന് ബിബിസിയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ ഡോ.ജോണ്‍ ഫ്രാന്‍കോംബ് പറഞ്ഞു. ഇതനുസരിച്ച് കാഴ്ചക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍, ഐപാഡ് തുടങ്ങിയവ ക്യുആര്‍ കോഡ് ഉപയോഗിച്ച് പെയര്‍ ചെയ്യണം. ഇവ എവിടെയൊക്കെ സ്ഥാപിക്കണമെന്ന് ഈ സംവിധാനം നിങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. വളരെ വ്യത്യസ്തമായ ഒരു ശബ്ദാനുഭവമായിരിക്കും ഇത് പ്രേക്ഷകര്‍ക്ക് നല്‍കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply