ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബിബിസി അവതാരകനും ലോകപ്രശസ്ത മാധ്യമപ്രവർത്തകനുമായ ജോർജ് അലഗായ (67) അന്തരിച്ചു. ഒൻപത് വർഷമായി ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ബിബിസിയിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ചവരിൽ ഒരാളാണ് അലഗായ. നിർഭയമായി റിപ്പോർട്ടുചെയ്യുകയും വാർത്തകൾ കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്ത ധീരനായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു ജോർജ്ജ് എന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി അനുസ്മരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബ്രിട്ടീഷ് ടിവി വാർത്തകളിൽ നിറഞ്ഞുനിന്ന അലഗായ കഴിഞ്ഞ 20 വർഷമായി ബിബിസി ന്യൂസ് അറ്റ് സിക്സ് അവതാരകൻ ആയിരുന്നു. അതിനുമുമ്പ്, റുവാണ്ട മുതൽ ഇറാഖ് വരെയുള്ള രാജ്യങ്ങളിൽ വിദേശകാര്യ ലേഖകൻ ആയിരുന്നു അദ്ദേഹം. 2014-ൽ വൻകുടലിൽ സ്റ്റേജ് ഫോർ ക്യാൻസർ ആണെന്ന് കണ്ടെത്തി. അത് ശ്വാസകോശത്തിലേയ്ക്കും കരളിലേയ്ക്കും നാഡീവ്യൂഹത്തിലേയ്ക്കും വ്യാപിച്ചതായി 2022 ഒക്ടോബറിൽ ഒരു പോഡ്കാസ്റ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തി.

അലഗായ എന്ന പോരാളി

ഒരു മികച്ച മാധ്യമപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, ജീവിതാവസ്ഥകളോട് പടവെട്ടി മുന്നേറിയ വ്യക്തി കൂടിയായിരുന്നു ജോർജ് അലഗായ. “എനിക്ക് ഇതു മറികടക്കാൻ പറ്റുമെന്നു തോന്നുന്നില്ല. എനിക്ക് ഇപ്പോഴും ക്യാൻസർ രോഗമുണ്ട്. ഇത് വളരെ സാവധാനത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്.” ഒക്ടോബറിൽ പുറത്തുവന്ന പോഡ്കാസ്റ്റിൽ അലഗായ പറയുന്നതാണിത്. ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും മാത്രമാണുള്ളതെന്നാണ് ജോർജിൻ്റെ വാക്കുകൾ. അവസാനം ക്യാൻസർ തന്നെ കീഴടക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് ക്യാൻസർ വരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ ക്യാൻസർ ബാധിച്ച വർഷങ്ങൾ ഒരു നഷ്ടമായി തോന്നുന്നില്ലെന്നും ജോർജ് അലഗായ പറയുന്നുണ്ട്. അത് ഒട്ടേറെ കാര്യങ്ങൾ പഠിപ്പിച്ചു. ജീവിതത്തിൽ എന്താണ് പ്രധാനപ്പെട്ടതെന്ന് രോഗം എന്നെ പഠിപ്പിച്ചു. ജീവിതം ഇപ്പോൾ അവസാനിച്ചാൽ അതൊരു പരാജയമായി തോണില്ലെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ശ്രീലങ്കയിൽ ജനിച്ച് ഘാനയിലും യുകെയിലുമായി പഠിച്ച ജോ‍ര്‍ജ് 1989ലാണ് ബിബിസിയുടെ ഭാഗമാകുന്നത്. റുവാണ്ടയിലെ വംശഹത്യയുടെ റിപ്പോ‍ര്‍ട്ടിങ്, ഡെസ്മണ്ട് ടുട്ടു, നെൽസൺ മണ്ടേല തുടങ്ങിയവരുമായ അഭിമുഖങ്ങൾ എന്നിങ്ങനെ ആഫ്രിക്കയിലെ സ്പെഷ്യൽ കറസ്പോണ്ടൻ്റ് എന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച ശേഷമാണ് ബിബിസി അവതാരകനായുള്ള ജോ‍ര്‍ജിൻ്റെ കടന്നുവരവ്. 1990-കളുടെ തുടക്കത്തിൽ സോമാലിയയിലെ പട്ടിണിയെയും യുദ്ധത്തെയും കുറിച്ചുള്ള റിപ്പോർട്ടുകൾക്ക് അവാർഡ് നേടി. വടക്കൻ ഇറാഖിലെ കുർദുകൾക്കെതിരായ സദ്ദാം ഹുസൈന്റെ വംശഹത്യ പ്രചാരണം റിപ്പോർട്ട് ചെയ്തതിന് 1994-ൽ ബാഫ്തയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. ബുറുണ്ടിയിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തതിന് 1994-ൽ ആംനസ്റ്റി ഇന്റർനാഷണലിന്റെ ആ വർഷത്തെ ജേണലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ അവയവകച്ചവടം, അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധം, എത്യോപ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ അദ്ദേഹത്തിന്റെ റിപ്പോർട്ടുകളാണ്.

ജീവിതത്തിൽ നൽകാനുള്ള സന്ദേശമെന്താണ് എന്ന ചോദ്യത്തിനും ജോ‍ര്‍ജ് അലഗായയ്ക്ക് ഉത്തരമുണ്ടായിരുന്നു. “ഈ ചോദ്യം നമ്മൾ ചോദിച്ചു കൊണ്ടേയിരിക്കണം എന്നാണ് എനിക്കു തോന്നുന്നത് – നമുക്ക് എന്താണ് ഒരുമിച്ചു നിന്നുകൊണ്ട് ചെയ്യാൻ സാധിക്കുക? ഞാൻ ഒരുപാടു കാലം ആഫ്രിക്കയിൽ ചെലവഴിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ അവ‍ര്‍ ഒരു വാക്ക് ഉപയോഗിക്കാറുണ്ട് – ഉബുണ്ടു. ഞാൻ മനുഷ്യനാകണമെങ്കിൽ നിങ്ങളുടെ ഉള്ളിലെ മനുഷ്യത്വം തിരിച്ചറിയാൻ കഴിയണം എന്നാണ് അതിൻ്റെ അ‍ര്‍ഥം.” മനുഷ്യത്വമുള്ള മാധ്യമപ്രവർത്തകന് വിട.