ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- മലയാളത്തിൽ അടുത്തിടെ ഇറങ്ങി ജനശ്രദ്ധ നേടിയ സംവിധായകൻ ജിയോ ബേബിയുടെ ‘ കാതൽ’ എന്ന സിനിമ ബിബിസിയുടെ തലക്കെട്ടുകളിലും ഇടം നേടിയിരിക്കുകയാണ്. പുരുഷാധിപത്യത്തെ അഭിസംബോധന ചെയ്യുന്ന 2021 ലെ ഹിറ്റ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണി”ന് ശേഷം ജിയോ ബേബി സംവിധാനം ചെയ്‌ത കാതൽ കേരള സമൂഹത്തിൽ മാത്രമല്ല ലോകത്തിൽ തന്നെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് എന്നതാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. അരനൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവും മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും വൻ ആരാധകരുള്ള ഒരു ഇന്ത്യൻ താരവും ഇത്തരമൊരു വേഷം ഏറ്റെടുത്തിട്ടില്ലെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഭിന്നലൈംഗിക വിവാഹത്തിൽ അകപ്പെട്ട ഒരു സ്വവർഗ്ഗാനുരാഗിയുടെ കഥയാണ് ചിത്രം പറയുന്നത്.

മമ്മൂട്ടി അവതരിപ്പിച്ച മാത്യു എന്ന കഥാപാത്രം ഒരു പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ, ഭർത്താവ് സ്വവർഗാനുരാഗിയാണെന്ന് ആരോപിച്ച് ഭാര്യ ഓമന വിവാഹമോചനത്തിന് അപേക്ഷ നൽകി. തമിഴ് നടി ജ്യോതികയാണ് ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ കൊടുക്കുന്ന കേസ് അവരുടെ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന അലയൊലികൾ ഈ സിനിമ ചിത്രീകരിക്കുന്നു. എൽ ജി ബി റ്റി ക്യു കമ്മ്യൂണിറ്റിയിൽ ഉള്ളവരുമായി ഒരുമിച്ച് ജീവിക്കുന്നതിനെക്കുറിച്ചും തങ്ങളുടെ കുടുംബങ്ങളിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ചും വ്യക്തമാക്കാനാണ് ഈ സിനിമ താൻ ചെയ്യാൻ ആഗ്രഹിച്ചതെന്ന് ജിയോ ബേബി ബിബിസി ന്യൂസിനോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മമ്മൂട്ടിയെ പോലെയുള്ള ഒരു പ്രതിഭാധനനായ നടന്റെ അഭിനയം ആയിരുന്നു ചിത്രത്തിന് ആവശ്യമെന്നും, അദ്ദേഹം അത് മനസ്സിലാക്കി ഉടൻ തന്നെ സിനിമ ചെയ്യാൻ തയ്യാറാവുകയും, നിർമ്മാണം നടത്തി സഹായിക്കുകയും ചെയ്തതായി ജിയോ ബേബി പറഞ്ഞു. അവലോകനങ്ങൾ വളരെയധികം നല്ലതായിരുന്നുവെന്നും സിനിമയ്ക്ക് നല്ല പ്രതികരണം തന്നെയാണ് കേരള സമൂഹം നൽകിയതെന്നും ജിയോ ബേബി പറഞ്ഞു.


എന്നാൽ മമ്മൂട്ടിയുടെ അക്കൗണ്ടുകളിൽ പങ്കുവെച്ചവ ഉൾപ്പെടെയുള്ള കാതലിന്റെ പോസ്റ്ററുകളുടെയും ട്രെയിലറിന്റെയും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കടിയിൽ സിനിമ ബഹിഷ്‌കരിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും നടനെ വിമർശിക്കുകയും ചെയ്യുന്ന എൽജിബിടി വിരുദ്ധ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങളും നിരവധിയാണ്. മുസ്ലിം പുരോഹിതന്മാർ ഉൾപ്പെടെയുള്ളവർ സിനിമ സ്വവർഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ യുവതലമുറയിൽ മോശം സ്വാധീനം ഉണ്ടാക്കുമെന്ന കുറ്റപ്പെടുത്തലുമായി രംഗത്തെത്തി.

നിർമ്മാതാക്കൾക്കും മമ്മൂട്ടിക്കും ഇത്തരമൊരു തിരിച്ചടി അപ്രതീക്ഷിതമായിരിക്കില്ലെന്ന് കേരള ക്യുയർ പ്രൈഡിന്റെ സംഘാടകനായ അതുൽ പിവി പറഞ്ഞു. ആളുകൾ വളരെയധികം ആരാധിക്കുന്ന ഒരു നടനാണ് അദ്ദേഹം. അതിനാൽ ഈ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിക്കുമ്പോൾ ജനങ്ങളിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കുമെന്നും അതുൽ പറഞ്ഞു. കേരള സംസ്ഥാനം ഊർജ്ജസ്വലമായ ചലച്ചിത്ര വ്യവസായത്തിന് പേരുകേട്ടതാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു. കൂടാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന വാർഷിക ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെയെ സംബന്ധിച്ചും ബിബിസി തങ്ങളുടെ വാർത്തയിൽ പരാമർശിച്ചിട്ടുണ്ട്.

മലയാള സിനിമകളിൽ ഇതുവരെയുണ്ടായിരുന്ന അപകീർത്തിപ്പെടുത്തലിന്റെയും തെറ്റായ ചിത്രീകരണത്തിന്റെയും ചരിത്രത്തോടുള്ള ക്ഷമാപണം പോലെയാണ് കാതൽ എന്ന അഭിപ്രായമാണ് മറ്റൊരാൾ പങ്കുവെച്ചത്. 1970-ൾ മുതൽ തന്നെ മലയാള സിനിമയിൽ ഇത്തരം കഥാപാത്രങ്ങളുണ്ടെങ്കിലും, മുഖ്യധാരാ ചിത്രീകരണങ്ങളിൽ ആദ്യത്തേത് 2005-ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട് എന്ന ചിത്രത്തിലായിരുന്നു. 2019ൽ പുറത്തിറങ്ങിയ നിവിൻ പോളിയുടെ മൂത്തോൻ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയെങ്കിലും വിശാലമായ പ്രേക്ഷകരുമായി ബന്ധപ്പെടാൻ ഈ ചിത്രത്തിന് സാധിച്ചിട്ടില്ലെന്ന് പ്രൊഫ പ്രഭാകരൻ പറയുന്നു. മറുവശത്ത്, പൃഥ്വിരാജ് സുകുമാരന്റെ 2013-ൽ പുറത്തിറങ്ങിയ മുംബൈ പോലീസ് പല വിമർശനങ്ങളും നേരിട്ടു. എന്നാൽ കാതൽ തികച്ചും വ്യത്യസ്തമാണെന്ന അഭിപ്രായമാണ് എല്ലാവരും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നത്. ബിബിസി പോലും റിപ്പോർട്ട് ചെയ്യുവാൻ തക്ക തരത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ് ചിത്രം.