ലണ്ടന്‍: മൂന്ന് പതിറ്റാണ്ടിലേറെയായി ബിബിസി സംപ്രേഷണം ചെയ്തുവരുന്ന ക്രൈംവാച്ച് എന്ന പരിപാടി ബിബിസി അവസാനിപ്പിക്കുന്നു. ചുരുളഴിയാത്ത കുറ്റകൃത്യങ്ങള്‍ ദൃശ്യങ്ങളില്‍ പുനരാവിഷ്‌കരിച്ചുകൊണ്ടുള്ള ആഖ്യാനശൈലിയുമായി പ്രേക്ഷകപ്രീതി നേടിയ പരിപാടി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പുതിയ അവതാരകനായ ജെറമി വൈന്‍ ആണ് അവതരിപ്പിക്കുന്നത്. അതേസമയം പരിപാടിയുടെ പകല്‍ സമയ അനുബന്ധ വേര്‍ഷനായ ക്രൈംവാച്ച് റോഡ്‌ഷോ തുടരുമെന്ന് ബിബിസി അറിയിച്ചു.
ക്രൈവാച്ച് റോഡ്‌ഷോയില്‍ പിന്തുടരുന്ന ഫോര്‍മാറ്റ് ആണ് ഈ പരിപാടിക്ക് യോജിച്ചതെന്നാണ് വിലയിരുത്തലെന്ന് ബിബിസി വക്താവ് പറഞ്ഞു. വര്‍ഷം രണ്ട് സീരീസുകള്‍ സംപ്രേഷണം ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇതിന്റെ എപ്പിസോഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും വക്താവ് പറഞ്ഞു. ക്രൈംവാച്ചിന് വര്‍ഷങ്ങളായി ലഭിച്ചു വരുന്ന ജനപ്രീതിയില്‍ അഭിമാനമുണ്ടെന്നും ക്രൈംവാച്ച് റോഡ്‌ഷോ അതിന് അനുസൃതമായി തയ്യാറാക്കുമെന്നും ബിബിസി വ്യക്തമാക്കി.
ബിബിസിയുടെ പ്രേക്ഷകര്‍ ഏറ്റവും കൂടുതലുള്ള ക്രൈംവാച്ചിന്റെ സമയത്ത് പുതിയ പരിപാടി അവതരിപ്പിക്കാനുള്ള അവസരമാണ് ഇതോടെ ലഭിക്കുന്നതെന്നും വക്താവ് പറഞ്ഞു. 1984ല്‍ ആരംഭിച്ച പരിപാടി 1983ല്‍ നോട്ടിംഗ്ഹാംഷയറില്‍ കൊലചെയ്യപ്പെട്ട 16കാരി കോളറ്റ് അറാമിന്റെ കഥയാണ് ആദ്യം ചിത്രീകരിച്ചത്. സ്യൂ കുക്കും നിക്ക് റോസുമായിരുന്നു ആദ്യത്തെ അവതാരകര്‍. പിന്നീട് 1995ല്‍ കുക്ക് കൊല്ലപ്പെട്ടതിനു ശേഷം ജില്‍ ഡാന്‍ഡോ വന്നു. കുക്കിന്റെ കൊലപാതകവും ഒരു മാസത്തിനു ശേഷം ക്രൈംവാച്ച് ചര്‍ച്ച ചെയ്തിരുന്നു.
Leave a Reply