ന്യൂസ് ഡെസ്ക് മലയാളം യുകെ
ജോൺ സുഡ് വോർത്ത് എന്ന ലേഖകനാണ് നിഷ്പക്ഷമായ പത്രപ്രവർത്തനത്തിനെ തുടർന്ന് ചൈനീസ് അധികൃതരിൽനിന്ന് കുടുംബത്തിന് ഉൾപ്പെടെ ജീവന് ഭീഷണി നേരിട്ട് നാടുവിടാൻ നിർബന്ധിതനായത്. സിൻജിയാങ് മേഖലയിലെ ഉയ്‌ഗുർ മുസ്ലീങ്ങളെ പറ്റി മുൻപ് അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. തങ്ങളുടെ ചൈനീസ് ലേഖകനെ പറ്റി അഭിമാനമേയുള്ളൂ എന്നും, അദ്ദേഹം തങ്ങളുടെ റിപ്പോർട്ടറായി തുടരുമെന്നും ബിബിസി പ്രതികരിച്ചു. സിൻജിയാങ്ങിലെ ബിബിസിയുടെ റിപ്പോർട്ടിംഗ് അങ്ങേയറ്റം അപലപനീയമാണെന്ന് ചൈന ആരോപിക്കുന്നു.
ഒമ്പതു വർഷമായി ചൈനയിൽ താമസിക്കുന്ന ജോൺ ചൈനീസ് അധികൃതരിൽനിന്ന് നിത്യേന എന്നവണ്ണം തുടർച്ചയായി ഭീഷണികൾ നേരിട്ടതിനാലാണ് രാജ്യം വിടാൻ തീരുമാനിച്ചത്. കുടുംബത്തോടൊപ്പം ചെക്കിൻ ചെയ്യാൻ എയർപോർട്ടിലെത്തിയ ജോണിനൊപ്പം സാധാരണ വസ്ത്രം ധരിച്ച് പോലീസുകാർ എത്തിയിരുന്നു. ജോണിന്റെ ഭാര്യ യോവോൺ മുറെ ഐറിഷ് പബ്ലിക് ബ്രോഡ്കാസ്റ്ററായ ആർ ടി ഇ യിലെ ചൈന ലേഖികയാണ്.
ഉദ്യോഗസ്ഥരിൽ നിന്ന് തുടർച്ചയായി നിയമ നടപടികളും ജീവനു ഭീഷണിയും നേരിടേണ്ടി വന്നതായി ജോൺ പറയുന്നു. എപ്പോൾ വീഡിയോ റെക്കോർഡ് ചെയ്യാൻ പുറപ്പെട്ടാലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് എതിർപ്പുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത്. പത്ര പ്രവർത്തനം നിർത്തില്ലെന്നും തായ് വാനിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നും ജോൺ വ്യക്തമാക്കിയിട്ടുണ്ട്. ജോണിൻെറ സഹപ്രവർത്തകർ ബെയ്ജിങ്ങിൽ തന്നെ ജോലി തുടരും.
ചൈനയുടെ മറ്റൊരു മുഖം ലോകത്തിനു മുൻപിൽ വെളിപ്പെടുത്തുക മാത്രമാണ് ജോൺ ചെയ്തതെന്നും, അതിന് അദ്ദേഹം കൊടുക്കേണ്ടി വന്ന വില വലുതാണെന്നും ബിബിസി അഭിപ്രായപ്പെട്ടു.
Leave a Reply