എറിയാട് അത്താണിയിൽ വെള്ളംകയറിയ വീട് വൃത്തിയാക്കാനെത്തിയ ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. എംഐടി സ്കൂളിനു സമീപം പുല്ലാർക്കാട്ട് ആനന്ദൻ (55) ആണ് മരിച്ചത്.
വെള്ളംകയറിയ വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
*പ്രളയം കഴിഞ്ഞ് വെള്ളമിറങ്ങിയ വീട്ടിലേക്ക് ഒറ്റയ്ക്ക് പോകരുത്. ദുരിതാശ്വാസ പ്രവർത്തകരേയോ മറ്റ് ആളുകളേയോ കൂട്ടി മാത്രമേ പോകാവൂ. ഒരിക്കലും രാത്രിയില് വീട്ടിലേക്ക് പോകരുത്.
*വീടിനുള്ളിൽ കയറുമ്പോൾ നിർബന്ധമായും എല്ലാ വൈദ്യുതി ബന്ധങ്ങളും വിഛേദിക്കണം. മെയിൻ സ്വിച്ച് ഓഫാക്കിയാലും ഇൻവെർട്ടറുള്ള വീടുകളിൽ നിർബന്ധമായും ഈ കണക്ഷനും ഓഫാണെന്ന് ഉറപ്പായ ശേഷം മാത്രം ചുമരിലും മറ്റും തൊടുക. അല്ലാത്തപക്ഷം ഷോക്കേൽക്കാൻ സാധ്യതയുണ്ട്.
*കട്ടിയുള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക: മഴവെള്ളത്തിൽ ഒലിച്ച് വന്ന മാലിന്യങ്ങളും പോലെ പാമ്പുകൾ, കുപ്പിച്ചില്ലുകൾ, മൂർച്ചയേറിയ കല്ലുകൾ തുടങ്ങിയവ ഉണ്ടാകാം. മുറിവ് ഏൽക്കാനും പാമ്പുകടിയേൽക്കാനും സാധ്യതകൾ ഏറെയാണ്.
*വാതിലുകൾക്കിടയിൽ ചെളി അടിഞ്ഞുകിടക്കുന്നതിനാൽ തുറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ഒരിക്കലും ശക്തിയായി തള്ളി തുറക്കരുത്. തള്ളി തുറക്കുമ്പോൾ ചുമരുകൾക്ക് ബലക്ഷയം വരാനും ഇടിയാനും കൂടുതൽ അപകടങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.
വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ
1.വൈദ്യുതി മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഉൗരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാൻ തുടങ്ങാവൂ.
2. ഇൻവർട്ടർ അല്ലെങ്കിൽ സോളാർ ഉള്ളവർ അത് ഓഫ് ചെയ്തു ബാറ്ററിയുമായി കണക്്ഷൻ വിച്ഛേദിക്കണം
3.വീടിന്റെ പരിസരത്ത് സർവീസ് വയർ, ലൈൻ കന്പി, എർത്ത് കന്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാൽ സ്പർശിക്കരുത്. വിവരം ഉടൻ വൈദ്യുതി ബോർഡ് ഓഫീസിൽ അറിയിക്കണം.
വീടും പരിസരവും വൃത്തിയാക്കുന്ന വിധം
1.ഖരമാലിന്യവും ജൈവ മാലിന്യവും ശാസ്ത്രീയമായ രീതിയിൽ സംസ്കരിക്കുക
2.ഈച്ചശല്യം ഒഴിവാക്കാൻ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും 4:1 എന്ന അനുപാതത്തിൽ ചേർത്ത് ആവശ്യമുള്ള ഇടങ്ങളിൽ വിതറുക
3.ആദ്യം ടാങ്കിലും ഓവർ ഹെഡ് ടാങ്കിലുമുള്ള വെള്ളം ഒഴുക്കിക്കളയുക
ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു ടാങ്കും ഓവർ ഹെഡ് ടാങ്കും ഉരച്ചു കഴുകുകഅതിനുശേഷം വെള്ളം നിറയ്ക്കുക.
ക്ലോറിൻ ഗുളിക ഉപയോഗം
20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്.
ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.
ലിക്വിഡ് ക്ലോറിനേഷൻ
1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.
ഡിസിഎസ് ബ്ലീച്ചിംഗ് ലായനി
10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും സാധാരണ സോപ്പുപൊടിയും ചേർക്കുക
കുഴന്പു പരുവത്തിലാക്കിയശേഷം നന്നായി ഇളക്കുക.
5 – 10 മിനിറ്റ് വയ്ക്കുക.
മുകളിൽ വരുന്ന തെളിഞ്ഞ ലായനി അണുവിമുക്തമാക്കാൻ ഉപയോഗിക്കാവുന്നതാണ്.
പ്രളയശേഷം – സാധ്യതകളും മുൻകരുതലുകളും
1. പാന്പുകടി
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിഷം വ്യാപിക്കുന്നതു പരമാവധി തടയുന്നതിനുള്ള പ്രഥമശുശ്രൂഷയാണു പ്രാഥമികലക്ഷ്യം.
പാന്പുകടിയേറ്റെന്നു മനസിലായാൽ ഒരു കാരണവശാലും പരിഭ്രാന്തരാവുകയോ കടിയേറ്റ വ്യക്തിയെ പേടിപ്പിക്കുകയോ അരുത്. പേടിച്ചാൽ അതുവഴി രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തിൽ വളരെപ്പെട്ടെന്നു വ്യാപിക്കുന്നതിനുമിടയാവും.
1. കടിയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ചു നന്നായി കഴുകുക
2. കടിയേറ്റ വ്യക്തിയെ നിരപ്പായ പ്രതലത്തിൽ കിടത്തുക
3. മുറിവിനു മുകളിൽ കയറോ തുണിയോ മുറുക്കി കെട്ടരുത്. ഇത് രക്തയോട്ടം തടസപ്പെടുത്തി കോശങ്ങൾ നശിക്കുന്നതിനു കാരണമാവും.
അഥവാ മുറിവിനു മുകളിൽ കെട്ടണമെന്നുണ്ടെങ്കിൽ ഒരു
വിരൽ ഇടാവുന്ന അയവിൽ മാത്രം തുണി കെട്ടാവുന്നതാണ്.
4. എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക
2. വൈദ്യുതാഘാതം
1. വ്യക്തിയും വൈദ്യുതിയുമായുള്ള ബന്ധം സുരക്ഷിതമായി വേർപെടുത്തുക
2. ഹൃദയസ്പന്ദനവും ശ്വാസോച്ഛ്വാസവും നിരീക്ഷിച്ച് വേഗം ആശുപത്രിയിലെത്തിക്കുക.
3. പരുക്കുകൾ
1. പ്രഥമശുശ്രൂഷ നല്കുകയും അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ടിടി (ടെറ്റനസ്
ടോക്സോയ്ഡ് )ഇൻജക്്ഷനും എടുക്കുക
4. ജന്തുജന്യരോഗങ്ങൾ – എലിപ്പനി
എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ടു മലിനമാകാൻ സാധ്യതയുള്ള വെള്ളവുമായുള്ള സന്പർക്കമാണ് എലിപ്പനിക്കു കാരണമാകുന്നത്. മലിനജലവുമായുള്ള സന്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സന്പർക്കം വരാതെ നോക്കുകയോ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസപ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിലേർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരേയുള്ള പ്രതിരോധ ഗുളിക ഡോക്സിസൈക്ലിൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവിൽ നിർബന്ധമായും കഴിക്കുക.
* മലിനജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്ന എല്ലാവരും (ഗർഭിണികളും 12 വയസിൽ താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കണം. പ്രതിരോധ മരുന്നിന്റെ ഒറ്റ ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നല്കുകയുള്ളൂ. അതിനാൽ മലിനജലവുമായി സന്പർക്കം പുലർത്തുന്നവർ തുടർന്നുള്ള ആഴ്ചകളിലും പ്രതിരോധ മരുന്നു കഴിക്കേണ്ടതാണ്. മലിനജലവുമായി സന്പർക്കം വരുന്ന കാലമത്രയും ആഴ്ചയിൽ 200 മില്ലി ഗ്രാം വീതം ഇതു തുടരണം.
2 മുതൽ 12 വയസുവരെ ഉള്ളവർക്ക് 4mg/kg എന്ന നിരക്കിൽ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം നല്കുക.
* 2 വയസിൽ താഴെയുള്ള കുട്ടികൾക്കു വെറും വയറ്റിൽ അസിത്രോമൈസിൻ 10mg/kg ഒറ്റ ഡോസ് നല്കിയാൽ മതിയാവും.
* ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും amoxicillin 500 മില്ലിഗ്രാം ഗുളിക ദിവസവും 3 നേരം ഭക്ഷണ ത്തിനു ശേഷം 5 ദിവസത്തേക്കു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക.
വിവരങ്ങൾ – അഡീഷണൽ ഡയറക്ടർ, പൊതുജനാരോഗ്യവിഭാഗം, ആരോഗ്യവകുപ്പു കാര്യാലയം, തിരുവനന്തപുരം. (കേരള ഹെൽത്ത് സർവീസസ്)
Leave a Reply