ഈ റിപ്പബ്ലിക്ക് ദിനത്തിൽ ബ്രിട്ടീഷ് റിയാലിറ്റി ടീവീ അവതാരകനായ ബിയർ ഗ്രിൽസ് സമൂഹ മാധ്യമത്തിൽ ഒരു ത്രിവർണ പതാക പോസ്റ്റ് ചെയ്തു കൊണ്ട് തന്റെ ആരാധകർക്ക് വേണ്ടി ഇങ്ങനെ എഴുതി “ഇന്ത്യയിൽ ഇന്ന് മഹത്തായ ദിനമാണ്. വളരെ സ്പെഷ്യല്‍ ആയ ഒരു ചിത്രീകരണത്തിനായി ഞാൻ അവിടെ താമസിക്കാതെ എത്തുന്നുണ്ട്. . .”, തുടർന്ന് രഹസ്യ സ്വഭാവം സൂചിപ്പിക്കുന്ന ഒരു ഇമോജിയും അദ്ദേഹം ചേർത്തു.
ഈ പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും, അതിനെപ്പറ്റി അവതാരകൻ അസാധാരണമായ മൗനം പാലിക്കുകയും ചെയ്തു. പുൽവാമയിൽ ഭീകരാക്രമണം നടന്ന ഫെബ്രുവരി മാസം പതിനാലാം തീയതിയോട് അടുപ്പിച്ച്, ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ടൈഗർ റിസേർവിലെ ധിക്കാല എന്ന സ്ഥലത്ത് ബിയർ ഗ്രിൽസ് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമൂഹ മാദ്ധ്യമ പോസ്റ്റുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദർശനം പ്രമാണിച്ച്, അന്നേ ദിവസം ധിക്കാല വനം വകുപ്പ് വിശ്രമ കേന്ദ്രത്തിലേക്കുള്ള എല്ലാ വിനോദ സഞ്ചാര ബുക്കിങ്ങുകളും ഉത്തരാഖണ്ഡ് വനം വകുപ്പ് റദ്ദാക്കിയിരുന്നു.
ഗ്രിൽസ് ഇന്ത്യയിലെ അസൈന്‍മെന്റ് എന്താണ് എന്നതിനെക്കുറിച്ച് സൺഡേ എക്സ്പ്രസ്സ് അദ്ദേഹത്തിന്റെ യു.കെ ഓഫീസിൽ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. ഫെബ്രുവരി മാസം പതിനാലാം തീയതി ജിം കോർബെറ്റ് ടൈഗർ റിസേർവിന്റെ ഉള്ളിലേക്ക് ‘സിനിമ സംഘത്തെ കയറാൻ അനുവദിച്ചോ?’ എന്ന്‍ ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കാൻ വിസമ്മതിച്ചു. സംസ്ഥാന മുഖ്യ വന്യമൃഗപാലകന്റെ അനുവാദം കൂടാതെ പരിരക്ഷിത പ്രദേശത്തു ആർക്കും ചിത്രീകരണം നടത്താൻ സാധിക്കില്ല.
ഫെബ്രുവരി മാസം പന്ത്രണ്ടാം തീയതി ഗ്രിൽസ് വിമാനയാത്രയ്ക്കിടെ എടുത്ത സെൽഫി സമൂഹ മാധ്യമത്തിൽ ഷെയര്‍ ചെയ്യുന്നു. “ഞാൻ ഇഷ്ടപ്പെടുന്ന രാജ്യത്തിലേക്ക് ഒരു സാഹസിക യാത്രക്ക് പോകുന്നു” എന്ന് കുറിച്ചിരുന്നു പോസ്റ്റും പിന്നെ പിൻവലിക്കപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിന്റെ ആരാധകരുടെ ഇൻസ്റ്റഗ്രാം പേജ്, അദ്ദേഹം സംഘത്തോടൊപ്പം ഉത്തരാഖണ്ഡിലെ താല്കാലികോപയോഗത്തിനു നിർമിച്ച ഹെലിപാഡിന് സമീപം ചിത്രീകരണം നടത്തുന്ന ഒരു വീഡിയോ ശകലവും, അഞ്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയുണ്ടായി. മറ്റൊന്നിൽ ഫെബ്രുവരി പതിനാലാം തീയതി അദ്ദേഹം തന്റെയൊരു ആരാധകനൊപ്പം ധിക്കാലയിലെ വനം വകുപ്പ് വിശ്രമകേന്ദ്രത്തിൽ നിന്നുമെടുത്ത ചിത്രമാണ്.
ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഉത്തരാഖണ്ഡിലേക്കുള്ള യാത്രാമധ്യേ, ഡൽഹിയിലെ രോഹിണി ഹെലിപോർട്ടിൽ വച്ചെടുത്ത ഒരു സെൽഫി മറ്റൊരു ആരാധകൻ പോസ്റ്റ് ചെയ്യുകയുണ്ടായി. അദ്ദേഹം ഡൽഹിയിൽ ഫെബ്രുവരി പതിനഞ്ചാം തീയതി എത്തുമെന്ന വിവരമാണ് മറ്റൊരാൾ പങ്കു വെച്ചത്.
ഡൽഹിയിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിലെ (BSG) അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും കൂടെയെടുത്ത ഒരു ഗ്രൂപ്പ് ചിത്രം ഗ്രിൽസ് ‘കഴിഞ്ഞ ആഴ്ച്ച’ എടുത്ത ചിത്രമെന്ന് പറഞ്ഞു ഫെബ്രുവരി മാസം പത്തൊൻപതാം തീയതി റീട്വീറ്റ് ചെയ്യുകയുണ്ടായി.
ഗ്രിൽസിന്റെ സന്ദർശനത്തെ കുറിച്ച് ചോദിച്ചപ്പോൾ ബിഎസ്ജിയുടെ മുഖ്യ ദേശീയ കമ്മിഷണറായ ഡോ. കെ.കെ. ഖണ്ഡേൽവാൾ പറഞ്ഞത് ഇങ്ങനെയാണ്. “പ്രധാന മന്ത്രിയെ സന്ദർശിക്കാനായി ഗ്രിൽസ് ഇന്ത്യയിൽ എത്തിയിരുന്നു. ആഗോള സ്കൗട്ട് പ്രസ്ഥാനത്തിന്റെ മുഖ്യ പ്രതിനിധി എന്ന നിലയ്ക്ക് ഏതു രാജ്യം സന്ദർശിച്ചാലും അദ്ദേഹം സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാറുണ്ട്. അതിനാൽ ജെ ഡബ്ലിയു മാരിയറ്റ് ഹോട്ടലിൽ വെച്ച് ബിഎസ് ജി അദ്ദേഹത്തിന് യുവതലമുറയിലെ സ്‌കൗട്ടുകളുമായി സമയം ചിലവഴിക്കാൻ ഫെബ്രുവരി മാസം പതിനഞ്ചിന്, അദ്ദേഹം പ്രധാന മന്ത്രിയെ സന്ദർശിച്ചതിന്റെ അടുത്ത ദിവസം, ഒരു ചടങ്ങ് സംഘടിപ്പിക്കുകയുണ്ടായി. സമയം ലാഭിക്കാനായി ഡൽഹിയിലെ സ്‌കൗട്ട് ഓഫീസിൽ ചടങ്ങ് നടത്തുന്നതിന് പകരം വിമാനത്താവളത്തിന് സമീപമാണ് ചടങ്ങ് നടത്തിയത്”.
എഡ്‌വേഡ് മൈക്കിൾ ഗ്രിൽസ് അഥവാ ബിയർ ഗ്രിൽസ്, ഡിസ്‌കവറി ചാനലിലെ ‘മാന്‍ Vs വൈല്‍ഡ്’ തുടങ്ങിയവ ഉള്‍പ്പടെയുള്ള അതിജീവന പരമ്പരകളുടെ അവതാരകനാണ്. 2016-ൽ അന്നത്തെ യു എസ് പ്രെസിഡന്റായ ബരാക്ക് ഒബാമയോടൊപ്പം ‘റണിംഗ് വൈല്‍ഡ്’ എന്ന ജനപ്രിയ പരിപാടിയും ചിത്രീകരിച്ചിരുന്നു. 2017-ൽ ബൾഗേരിയയിലെ റില ദേശീയോദ്യാനത്തിൽ, ക്യാമറയുടെ സാന്നിധ്യത്തിൽ ഒരു തവളയെ അറുത്ത് പാകം ചെയ്തതിനു ഈ വർഷത്തിന്റെ തുടക്കത്തിൽ അദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു.
ഗ്രിൽസ് ഇന്ത്യയിൽ ചിത്രീകരണത്തിന് വന്നിരുന്നോ എന്നന്വേഷിച്ചു കൊണ്ടു സൺഡേ എക്പ്രസ് അയച്ച ഈമെയിലുകൾക്കോ, ഫോൺ വിളികൾക്കോ, സന്ദേശങ്ങൾക്കോ ഡിസ്‌കവറി ചാനലിന്‍റെ ഇന്ത്യന്‍ ആശയവിനിമയ വിഭാഗം ഉത്തരം നൽകിയില്ല.
ഫെബ്രുവരി മാസം പതിനാറാം തീയതി, പ്രധാനമന്ത്രി പുൽവാമ ആക്രമണത്തിൽ അന്തരിച്ച സൈനികർക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച ചിത്രമിട്ട പ്രധാനമന്ത്രിയുടെ ട്വിറ്റർ പേജിലെ പോസ്റ്റിനു മറുപടിയായി ‘തീർത്തും ദുരന്തപൂര്‍ണ്ണമായ ദിവസം- എന്റെ ഹൃദയം ഇന്ത്യയുടെ ഒപ്പം’ എന്ന് ഗ്രിൽസ് കുറിക്കുകയുണ്ടായി. ഒരു ഹൃദയവും, കൈകൾ കൂപ്പി നിൽക്കുന്നൊരു ഇമോജിയോടും ഒപ്പമാണ് അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.
Leave a Reply