കൊച്ചിയിലെ ബ്യൂട്ടിപാർലർ വെടിവയ്പിനായി പ്രാദേശിക സഹായം ഒരുക്കിയ ശൃംഖലയിലെ പ്രധാന കണ്ണിയെ തിരിച്ചറിഞ്ഞു. ഇയാളുടെ വീടുകൾ അടക്കം രണ്ട് കേന്ദ്രങ്ങൾ ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തു. ലുക്ക്ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും. വെടിവയ്പിന് ചുക്കാൻപിടിച്ച മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ സംഘം രണ്ടുമാസം മുന്‍പാണ് പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലര്‍ ആക്രമിച്ചത്.

നടിയും ബ്യൂട്ടിപാർലർ ഉടമയുമായ ലീന മരിയ പോളിന് ഭീഷണിയുണ്ടെന്ന് വെടിവയ്പ് ഉണ്ടായ ഡിസംബർ 15ന് മുൻപ് തന്നെ കൊച്ചി സിറ്റി പൊലീസ് അറിഞ്ഞു. വിവരം നൽകിയത് ഇവരുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ട കൊല്ലംകാരനായ ഡോക്‌ടർ. കുപ്രസിദ്ധ കുറ്റവാളി രവി പൂജാരി 25 കോടി ആവശ്യപ്പെട്ടിരിക്കുന്നതായും കൊടുത്തില്ലെങ്കിൽ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് കൂടി ഇയാൾ തന്നെ രഹസ്യവിവരം നൽകിയിരുന്നു. സംശയിക്കാൻ ആദ്യ കാരണം ഇതായി. വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം അറിയാൻ ഇടയായത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതോടെ ഡോക്‌ടർ നിരീക്ഷണത്തിലായി. കൊച്ചിയും പെരുമ്പാവൂരും കേന്ദ്രീകരിച്ച ചില ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധം തിരിച്ചറിഞ്ഞതോടെ വീണ്ടും വിളിപ്പിച്ചു. എന്നാൽ അവിടം മുതൽ പൊലീസിന് പിടികൊടുക്കാതെ ഒളിച്ചുകളിക്കുന്ന സ്ഥിതിയായി. ഇതോടെയാണ് പുതുതായി അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം വീടുകൾ റെയ്ഡ് ചെയ്ത് തെളിവ് ശേഖരിക്കാൻ ഇറങ്ങിയത്.

കൊല്ലം അഞ്ചലിലെ ഡോക്‌ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയം പരിശോധന നടന്നു. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ ഡോക്‌ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായി വിവരം ലഭിച്ചു. വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് ഈ സാഹചര്യത്തിൽ ആണ്. മലയാളത്തിൽ ഏതാനും സിനിമകളും നിർമ്മിച്ചിട്ടുള്ള ഡോക്‌ടർക്ക് ലീന മരിയ പോളുമായി പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാൽ ചെക്ക് കേസും വാഹനപണയങ്ങളുമായി കാര്യമായ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് വ്യക്തമായതിനാൽ ആ നിലയ്ക്കാണ് അന്വേഷണം.