കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം. ഐഐടി മദ്രാസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനും ബംഗളൂരുവില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്.
ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത മലയാളി വിദ്യാര്‍ത്ഥിക്ക് നേരെ ഹോസ്റ്റലില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ആക്രമണം ഉണ്ടായത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സൂരജിന് നേരെ എബിവിപി പ്രവര്‍ത്തകര്‍ ആണ് അക്രമം നടത്തിയത്. അക്രമത്തില്‍ സൂരജിന്‍റെ വലത് കണ്ണിന് സാരമായ പരിക്കേറ്റു. അക്രമം സംബന്ധിച്ച് സര്‍വ്വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസിനും പരാതി കൊടുക്കുന്നുണ്ട് എന്ന് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച അഭിനവ് സൂര്യ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സൂരജിനെ ശങ്കര നേത്രാലയയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത് തിരിച്ചു വന്ന സൂരജിനെ ഹോസ്റ്റലിലെ എബിവിപി വിദ്യാര്‍ഥികള്‍ ആക്രമിക്കുകയായിരുന്നു. കസേരയില്‍ പിടിച്ചിരുത്തി കൈകള്‍ പുറകിലേക്ക് കെട്ടിയ ശേഷമായിരുന്നു ആക്രമണം. ഓഷ്യന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ മനോജ് പരമേശ്വരന്‍ ആയിരുന്നു മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്.
ചെന്നൈ ഐഐടിയില്‍ വിദ്യാര്‍ഥി പ്രതിഷേധം
അതേ സമയം ബീഫ് ഫെസ്റ്റ് നടത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് ചെന്നൈ ഐ.ഐ.ടി കാമ്പസില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. മലയാളി വിദ്യാര്‍ഥികളാണ് പ്രതിഷേധിക്കുന്നത്. ബിഫ് കഴിച്ചുകൊണ്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. അതേസമയം കാമ്പസിന് പുറത്ത് പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Leave a Reply