ദീപ പ്രവീണ്‍
ഓരോ കറികളും ഓരോ നല്ല രുചി ഓര്‍മ്മ കൂടിയാണ്, സ്വതവേ മടി അല്‍പം കൂടുതലുള്ള ഞാന്‍ പല കറികളും ഉണ്ടാകുന്നത് അത് കഴിക്കുമ്പോള്‍ ഉള്ള രുചിയും അത് വിളമ്പി തന്നവരുടെ സ്‌നേഹത്തിന്റെ ഓര്‍മ്മയും വീണ്ടും അനുഭവിക്കാന്‍ കൂടിയാണ്. അങ്ങനെ എന്റേതായി മാറിയ കുറെ ഏറെ പാചക കുറിപ്പുകളും സ്‌നേഹ ഓര്‍മകളുമാണ് വീക്ക് ഏന്‍ഡ് കുക്കിംഗിലൂടെ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നത്, നിങ്ങളും നിങ്ങളുടെ പ്രിയപെട്ട പാചക ഓര്‍മ്മകള്‍ കമന്റ് ആയി കുറിക്കാന്‍ മറക്കരുതേ.
ബീഫ് അച്ചാറും അന്നമ്മ മമ്മിയും
ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം പോലെ ആയിരുന്നു എന്റെ കുട്ടിക്കാലത്തെ വീട്ടിലെ അന്തരീക്ഷം. ഭരണ പക്ഷമായിരുന്ന മുത്തശ്ശി ബീഫിനെ വീടിന്‍റെ പടികടത്തിയിരുന്നില്ല. എന്നാല്‍ എല്ലാ കുട്ടികളേയും പോലെ വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണത്തോട് പുച്ഛവും അടുത്ത വീട്ടിലേ ഭക്ഷണത്തിനു അസാദ്ധ്യ രുചിയും ആയിരുന്നു എന്നേ സംബന്ധിച്ചും. അടുത്ത വീട്ടില്‍ നോണ്‍ വെജ് ഉണ്ടാകുമ്പോള്‍ ഉറപ്പായും അടുക്കള പാതകത്തില്‍ ഒരു കൊച്ചു പാത്രവും തന്നു ഞങ്ങള്‍ എല്ലാവരും സ്‌നേഹത്തോടെ മമ്മി എന്ന് വിളിക്കുന്ന അന്നമ്മാന്റി എന്നേ പ്രതിഷ്ഠിച്ചിട്ടുണ്ടാവും. കാരണം ഞാന്‍ ആണ് ഉപ്പു നോട്ടക്കാരി. ഈ ബീഫ് അച്ചാര്‍ മമ്മിയുടെ ഒരു സിഗ്നേച്ചര്‍ ഡിഷ് ആണ്. ഇക്കുറിയും നാട്ടില്‍ നിന്ന് വരുമ്പോ രാത്രി പത്തുമണിക്ക് ടോര്‍ച്ചും അടിച്ചു ഒരു ഹോര്‍ലിക്സ് കുപ്പി നിറയെ അച്ചാറുമായി മമ്മി എത്തി. നമ്മള്‍ പ്രവസികള്‍ക്ക് നാടിനെ കുറിച്ചുള്ള ഓര്‍മ്മ ഇത്തരം സ്‌നേഹ രുചികളുടെ ഓര്‍മ കൂടിയാണല്ലോ . അപ്പോ ദാ സ്‌നേഹത്തില്‍ കുതിര്‍ന്ന ആ ബീഫ് അച്ചാര്‍ ഉണ്ടാക്കുന്ന വിധം.
ഇറച്ചി തയ്യാറാക്കുന്ന വിധം
വേണ്ട സാധനങ്ങള്‍
1. ബീഫ് മുറിച്ചത് 1 / 2 കിലോ
മഞ്ഞള്‍ 1/ 4 ടീ സപൂണ്‍
കുരുമുളക് പൊടി 1 / 2 ടീ സ്പൂണ്‍
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് (ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ടു മൂനല്ലി ഉള്ളിയും )
വിനാഗിരി 1 / 2 സ്പൂണ്‍
മീറ്റ് മസാല 1 / 2 സ്പൂണ്‍
നല്ലേണ്ണ ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
മീറ്റ് മസാലകളും വിനാഗിരിയും ഉപ്പും പുരട്ടി കുറച്ച് സമയം വെച്ച് നല്ലെണ്ണയില്‍ വാട്ടി എടുക്കുക. ഒരു രാത്രി മസാല പുരട്ടി ഫ്രിഡ്ജില്‍ വെച്ചിരുന്നാല്‍ കൂടുതല്‍ നല്ലതാണ്. അധികം ഹെല്‍ത്ത് കോണ്‍ഷ്യസ് അല്ലാത്തവരാണ് എങ്കില്‍ ഇറച്ചി എണ്ണയില്‍ വറുത്തു കോരാം.
അച്ചാര്‍ തയ്യാറാക്കുന്ന വിധം :
വേണ്ട സാധനങ്ങള്‍
തയ്യാറാക്കി വച്ച ഇറച്ചി
നെല്ലെണ്ണ 2 ടേബിള്‍ സ്പൂണ്‍
കടുക് 1/2 teaspoon
കുരുമുളക് ചതച്ചത് 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് 1 tablespoon
ഇഞ്ചി അരിഞ്ഞത് 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് 2 എണ്ണം മുറിച്ചത്
കറിവേപ്പില കുറച്ച്
ഉലുവ 1/2 ടീ സ്പൂണ്‍
പൊടികള്‍
ഗരം മസാല ഒരു നുള്ള്
കായം കാല്‍ ടീ സ്പൂണ്‍
പിരിയാന്‍ മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍
അച്ചാറു പൊടി 1/ 2 ടേബിള്‍ സ്പൂണ്‍
വിനാഗിരി 2 ടേബിള്‍ സ്പൂണ്‍
നല്ലെണ്ണ ചൂടാകിയത് ഒരു ടേബിള്‍ സ്പൂണ്‍
പാചക വിധി
1. ഇറച്ചി വറുത്തു കോരിയതല്ല എങ്കില്‍ പ്രഷര്‍ കുക്കറില്‍ നന്നായി വേവിക്കുക, നന്നായി തണുത്ത ശേഷം വെള്ളമില്ലാതെ കോരി മാറ്റുക. നന്നായി പിഴിഞ്ഞ് വെള്ളം മാറ്റി എടുകേണ്ടാതാണ്.(ഈ സ്റ്റോക്ക് പിന്നിടു അച്ചാറില്‍ ചേര്‍ക്കാവുന്നതാണ് )
2. ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ചു അതിനു പിന്നാലെ ഉലുവയും കറിവേപ്പിലയും പച്ചമുളകും ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഇവയും ചെറു തീയില്‍ വഴറ്റുക. അതിനു ശേഷം കുരുമുളക് പൊടി ചേര്‍ക്കുക
3. തെയ്യാറിക്കായ മീറ്റ് stockuഇല്‍ നിന്ന് അല്‍പം stockum വിനാഗിരിയും പൌഡര്‍ കളും ചേര്‍ത്ത് പെസ്റ്റക്കുക.
4. മസാല പേസ്റ്റ് അടുപ്പില്‍ തയ്യാറായി കൊണ്ടിരിക്കുന്ന കൂട്ടില്‍ ചേര്‍ത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.
5. ഇറച്ചി ഈ കൂട്ടില്‍ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. കായപൊടി തൂകി ഇളക്കുക
6.മിച്ചമുള്ള സ്‌റോക്ക് ചെറു തീയില്‍ തിളപ്പിച്ചു വറ്റിക്കുക.
തണുത്ത ശേഷം ഇത് ഒരു വായു കടക്കാത്ത ജാറിലേയ്ക്ക് മാറ്റി നല്ലെണ്ണ മുകളില്‍ തൂവുകയോ എണ്ണയില്‍ നനച്ച തുണി കൊണ്ട് ജാറിന്റെ കവര്‍ മൂടി കെട്ടുകയോ ആവാം. കൂടുതല്‍ കാലം അച്ചാര്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഉടനേ ഉപയോഗിക്കാന്‍ ആണ് എങ്കില്‍ ഇങ്ങനേ സൂക്ഷിക്കേണ്ട ആവശ്യമില്ല. എല്ലാവര്‍ക്കും അച്ചാര്‍ ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു.
ഒഴിവു സമയങ്ങളില്‍ പാചകവും, ഫോട്ടോഗ്രാഫിയും ഹോബിയാക്കിയിട്ടുള്ള ദീപ പ്രവീണ്‍ എല്‍എല്‍എം ബിരുദധാരിയാണ്. യുകെയില്‍ വന്നതിനു ശേഷം ഇവിടെ നിന്നും ക്രിമിനോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
Leave a Reply