ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആഗോള പരാഗണകാരികളുടെ സംരക്ഷണത്തിൽ ഉയർന്ന് വരുന്ന ഭീഷണികളും അവസരങ്ങളും എന്ന റെഡിങ് സർവകലാശാലയുടെ സമീപകാല റിപ്പോർട്ടിലാണ് അടുത്ത ദശകത്തിൽ തേനീച്ചകൾക്ക് ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്ന 12 ഭീഷണികളെ എടുത്തുകാണിച്ചിരിക്കുന്നത്. യുദ്ധമേഖലകൾ, മൈക്രോപ്ലാസ്റ്റിക്, കൃത്രിമ തെരുവുവിളക്കുകൾ എന്നിവയാണ് ഉയർന്നുവരുന്ന അപകടങ്ങളിൽ ഉൾപ്പെടുന്നത്. ഉക്രെയ്നിലെ യുദ്ധം പോലുള്ള സംഘർഷങ്ങൾ കാർഷിക രീതികളെ തടസ്സപ്പെടുത്തി. ഇത് വിള വൈവിധ്യം കുറയുന്നതിലേയ്ക്ക് നയിച്ചു. തേനീച്ചകൾക്ക് വൈവിധ്യമാർന്ന ഭക്ഷ്യ സ്രോതസ്സുകൾ നഷ്ടപ്പെടാൻ ഇത് കാരണമായി.

ആഗോള പരാഗണകാരികളുടെ എണ്ണം നേരിടുന്ന വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ ഈ റിപ്പോർട്ടിൽ എടുത്ത് കാണിക്കുന്നു. യൂറോപ്പിലുടനീളമുള്ള തേനീച്ചക്കൂടുകളെ മൈക്രോപ്ലാസ്റ്റിക് കണികകൾ മലിനമാക്കുന്നതായി ഗവേഷകർ കണ്ടെത്തിയിരുന്നു. പഠനത്തിന് വിധേയമായ 315 തേനീച്ച കോളനികളിൽ മിക്കതിലും PET പ്ലാസ്റ്റിക് പോലുള്ള കൃത്രിമ വസ്തുക്കൾ കണ്ടെത്തി. തെരുവുവിളക്കുകളിൽ നിന്നുള്ള കൃത്രിമ വെളിച്ചം, രാത്രിയിൽ പരാഗണം നടത്തുന്ന ജീവികൾ പൂക്കൾ സന്ദർശിക്കുന്നത് 62% കുറയ്ക്കുന്നതായി കണ്ടെത്തി. ഇതിന് പുറമെ വായു മലിനീകരണം ഇത്തരം ജീവികളുടെ നിലനിൽപ്പിനെയും പുനരുത്പാദനത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൃഷിയിൽ ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ തേനീച്ചക്കൂടുകളിലും തേനിലും പ്രവേശിച്ചിട്ടുണ്ട്. ഇത് പരാഗണ സ്വഭാവത്തെ മാറ്റിമറിക്കുകയും അവയുടെ തീറ്റ തേടലും പൂക്കളിലേയ്ക്കുള്ള സന്ദർശനവും കുറയ്ക്കുകയും ചെയ്യുന്നു. കീടനാശിനികൾ ഉയർന്നുവരുന്ന മറ്റൊരു ഭീഷണിയാണ്. മറ്റ് രാസവസ്തുക്കളുമായുള്ള കീടനാശിനിയുടെ ഇടപെടൽ തേനീച്ചകളിലും മറ്റ് വന്യജീവികളിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. യൂണിവേഴ്സിറ്റി ഓഫ് റെഡിങ് റിപ്പോർട്ടിന്റെ മുഖ്യ രചയിതാവായ പ്രൊഫസർ സൈമൺ പോട്ട്സ്, പരാഗണകാരികൾക്ക് ഉയർന്നുവരുന്ന ഭീഷണികളെ നേരത്തേ തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഇത് ഇത്തരം ജീവികളുടെ സംരക്ഷണത്തിന് മാത്രമല്ല, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ പ്രതിരോധശേഷി, സാമ്പത്തിക സ്ഥിരത എന്നിവയ്ക്കും നിർണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക് മലിനീകരണം പരിമിതപ്പെടുത്തുന്നതിനുള്ള കർശനമായ നിയമങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളിലേയ്ക്കുള്ള മാറ്റം, സോളാർ പാർക്കുകളിൽ പുഷ്പസമൃദ്ധമായ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട പൂമ്പൊടിയും അമൃതും ഉപയോഗിച്ച് വിളകൾ വികസിപ്പിക്കൽ തുടങ്ങിയ നടപടികൾ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

തേനീച്ചകളുടെ എണ്ണത്തിലെ കുറവ് മനുഷ്യജീവിതത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ് എന്നിവയുൾപ്പെടെ ലോകത്തിലെ ഭക്ഷ്യവിളകളുടെ 75% പരാഗണം നടത്തുന്നതിൽ തേനീച്ചകൾക്ക് നിർണ്ണായക പങ്കുണ്ട്. തേനീച്ചകളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് വിളവ് കുറയുന്നതിനും, ഭക്ഷ്യവില ഉയരുന്നതിനും, പോഷകസമൃദ്ധമായ ഭക്ഷണങ്ങളുടെ ദൗർലഭ്യത്തിനും കാരണമാകും. കൂടാതെ തേനീച്ചകളുടെ കുറവ് സാമ്പത്തികമായി കൃഷിയെ ആശ്രയിക്കുന്ന കർഷകരെയും വ്യവസായങ്ങളെയും ദോഷകരമായി ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിനും തൊഴിൽ അരക്ഷിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്യും. സസ്യങ്ങളുടെ പുനരുത്പാദനം സാധ്യമാക്കുന്നതിലും തേനീച്ചകൾക്ക് വലിയ പങ്കുണ്ട്. അതിനാൽ തേനീച്ചകളുടെ എണ്ണത്തിലുള്ള കുറവ് മനുഷ്യരാശിക്ക് തന്നെ ആപത്തെന്ന് പറയാം.