പടിഞ്ഞാറൻ ചൈനയിൽ താമസിക്കുന്ന വംശ വിഭാഗമാണ് ഉയ്ഗൂർ ജനത. ഇവർ പ്രധാനമായും തുർക്കി വംശജരാണ്. സമീപ വർഷങ്ങളിൽ ചൈനീസ് സർക്കാർ ഉയ്ഗുരുകളോട് അടിച്ചമർത്തൽ പിന്തുടരുന്നതായുള്ള ആക്ഷേപങ്ങൾ അന്താരാഷ്ട്രതലത്തിൽ ഒട്ടേറെ വിവാദങ്ങൾ വിളിച്ചു വരുത്തിയിരുന്നു. വൻതോതിലുള്ള തടങ്കലിൽ പാർപ്പിക്കൽ , നിർബന്ധിത തൊഴിൽ, മതപരവും സാംസ്കാരികവുമായ അടിച്ചമർത്തൽ എന്നിവയാണ് ഈ ജനത ചൈനീസ് സർക്കാരിൽ നിന്ന് വ്യാപകമായി ഏറ്റുവാങ്ങുന്നതായി മനുഷ്യാവകാശ സംഘടനയും മറ്റു പല രാജ്യങ്ങളും ആരോപിക്കുന്നത്.
ചൈനയിലെ ഉയ്ഗൂർ ജനതയെ നിർബന്ധിത തൊഴിലാളികളാക്കി ഉത്പാദിപ്പിക്കുന്ന സമുദ്ര വിഭവങ്ങൾ ബ്രിട്ടീഷ് സൂപ്പർമാർക്കറ്റുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്. ഈ ജന വിഭാഗത്തെ തടവുകാരാക്കി ഉത്പാദിപ്പിക്കപ്പെടുന്ന സമുദ്ര വിഭവങ്ങൾ ചൈനയിൽ നിന്ന് ആദ്യം ഐസ് ലാൻഡിലെയും അവിടെനിന്ന് ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും എത്തിപ്പെടുന്നതായാണ് റിപ്പോർട്ടുകൾ, കടുത്ത മനുഷ്യാവകാശ ലംഘനം ശ്രദ്ധയിൽപ്പെട്ടതോടെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഐസ് ലാൻഡ് മാധ്യമങ്ങളോട് വെളിപ്പെടുത്തി .
കിഴക്കൻ ചൈനയിൽ പ്രവർത്തിക്കുന്ന 9 സി ഫുഡ് കമ്പനികളിൽ കുറഞ്ഞത് 2000 ഉയ്ഗുരുകളും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളും അടിമകളെപ്പോലെ ജോലി ചെയ്യുന്നതായാണ് ദി ഔട്ട്ലോ ഓഷ്യൻ പ്രോജക്ട് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. പലപ്പോഴായി സി ഫുഡ് ഫാക്ടറികളിൽ അടിമപ്പണി ചെയ്യുന്ന, ക്ഷീണിച്ച് തളർന്ന തൊഴിലാളികളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു.
Leave a Reply